2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

തിരുവിതാംകൂറിന്റെ നെല്ലറയില്‍ നെല്ലുമില്ല, അറയുമില്ല; പാരിസ്ഥിതിക ദുരന്തത്തിന്റെ വക്കില്‍ നാഞ്ചിനാട്

ബോബന്‍സുനില്‍

തക്കല: ഓണത്തിന് അരിയെത്തുന്ന തിരുവിതാംകൂറിന്റെ നെല്ലറയായ നാഞ്ചിനാട് ഇപ്പോള്‍ അരി ഉല്‍പ്പാദിപ്പിക്കുന്നില്ല, പഴയ നെല്ലിന്റെ ഉറവിടവുമല്ല. കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന വയല്‍പാടങ്ങള്‍ പാടെ വഴി മാറിയ നാഞ്ചിനാട് വന്‍ പരിസ്ഥിതി ആഘാതത്തിന്റെ പിടിയിലാണ്. കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരം, കല്‍ക്കുളം താലൂക്കുകളിലായി പരന്നു കിടക്കുന്ന പ്രദേശമാണ് പഴയ നാഞ്ചിനാട്.
ഏതാണ്ട് തക്കലയിലെ പത്മനാഭപുരം കൊട്ടാരം മുതല്‍ വ്യാപിച്ചു കിടക്കുന്ന പ്രദേശം. നാഞ്ചില്‍ നാട് അഥവാ കലപ്പകളുടെ നാട് എന്നും നാഞ്ച് കൊണ്ടു വന്നയിടം അഥവാ വെള്ളം കൊണ്ടു വന്നയിടം എന്നും അറിയപ്പെടുന്ന നാഞ്ചിനാടിലെ അരിയെ ആശ്രയിച്ചാണ് തിരുവിതാംകൂറിലെ ഇന്നത്തെ എറണാകുളം വരെയുള്ള ജില്ലക്കാര്‍ കഴിഞ്ഞിരുന്നത്. അതിനാലാണ് റൈസ് ബൗള്‍ എന്ന് നാഗമയ്യ തന്റെ 1932ല്‍ ഇറങ്ങിയ ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാന്വല്‍ എന്ന ഗ്രന്ഥത്തില്‍ വിശേഷിപ്പിച്ചിരുന്നത്. രാജാവ് തന്നെ നിയമിച്ചിരുന്ന വാര്‍ഡ്, കോണര്‍ എന്നീ സര്‍വേയര്‍മാരും ഇതേ രീതിയിലാണ് തങ്ങളുടെ ഗ്രന്ഥമായ മെമൈര്‍ ഓഫ് ട്രാവന്‍കൂര്‍ സര്‍വേ (1905) യിലും പറഞ്ഞിരിക്കുന്നത്.
1884-85 വര്‍ഷത്തില്‍ 15,11246 രൂപയുടെ നെല്ലും 1899-1900 വര്‍ഷത്തില്‍ 18,38842 രൂപയുടെ നെല്ലും ഉല്‍പ്പാദിച്ചിരുന്നു. ഇതില്‍ 70 ശതമാനവും വന്നത് നാഞ്ചിനാട്ടില്‍ നിന്നായിരുന്നു എന്ന് കണക്കുകള്‍ കാണിക്കുന്നു. ഇതിനെ കുറിച്ച് 1877 ല്‍ പുറത്തുവന്ന പ്രശസ്തമായ ഹാര്‍പേഴ്‌സ് വീക്കിലി എന്ന വാരികയില്‍ നാഞ്ചിനാടിന്റെ കാര്‍ഷികത്തിന്റെ ചിത്രങ്ങള്‍ പ്രസിദ്ദീകരിച്ചിരുന്നു.  
ജനങ്ങള്‍ക്ക് അരിയൂട്ടുന്നത് മാത്രമല്ല രാജാക്കന്മാരുടെ കുല ദൈവമായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി അരി എത്തിയിരുന്നതും നാഞ്ചിനാട്ടില്‍ നിന്നായിരുന്നുവെന്ന് മതിലകം രേഖകള്‍ പറയുന്നു. ഇവിടെ നിന്ന് എത്തുന്ന നെല്ല് ശേഖരിക്കാന്‍ നെല്ലറകളും നിര്‍മിച്ചിരുന്നു. ശില്‍പ്പ ചാരുത കൊണ്ട് ആകര്‍ഷണീയമായ കൂറ്റന്‍ പത്തായമാണ് ഇവിടെ നിര്‍മിച്ചത്.
അത്രയ്ക്ക് പേരുകേട്ടതായിരുന്നു നാഞ്ചിനാട്ടെ നെല്ല്. നെല്‍ ഉള്‍പ്പടെയുള്ള കൃഷി വര്‍ധിപ്പിക്കാനാണ് 1897 ല്‍ പേച്ചിപ്പാറയില്‍ അണക്കെട്ട് രാജാവ് പണിയുന്നതും കനാലുകള്‍ വഴി വെള്ളം എത്തിച്ചതും. അതോടെ നാഞ്ചിനാട്ട് വയലുകള്‍ കൂടുതല്‍ തളിരണിഞ്ഞു.
ഉല്‍പ്പാദനവും കൂടി. കൊടിയ ക്ഷാമ കാലത്തുപോലും ഇവിടുത്തെ നെല്ലാണ് അന്നമൂട്ടിയിരുന്നത്. രാജഭരണം പോയി. പിന്നെ ജനാധിപത്യം വന്നു. തുടര്‍ന്ന് കേരളമുണ്ടായി. അതോടെ കന്യാകുമാരിയോടൊപ്പം നാഞ്ചിനാട് കേരളത്തിന് നഷ്ടമായി. എന്നിട്ടും അവിടുത്തെ വയല്‍പാടങ്ങളില്‍ നിന്നും നെല്ല് കേരളത്തിലേക്ക് എത്തി. എന്നാല്‍ 1990 കളില്‍ നെല്ല് വരുന്നത് കുറഞ്ഞു. പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ നെല്ല് വരവ് കുത്തനെ ഇടിഞ്ഞു. ഇവിടുത്തെ വയല്‍പാടങ്ങള്‍ ഒന്നൊന്നായി മറ്റ് കൃഷികളിലേക്ക് മാറി. വയല്‍പാടങ്ങള്‍ പാടെ നികത്തി. പിന്നെ മണ്ണെടുപ്പും. 2013 ലെ   കണക്കു പ്രകാരം നാഞ്ചിനാട്ട് 70 ശതമാനത്തോളം വയലുകള്‍ നികത്തി കെട്ടിടങ്ങളും ഫ്‌ളാറ്റുകളും നിര്‍മിച്ചു.
കുറച്ച് ഭൂമിയില്‍ അല്‍പ്പം നെല്‍ കൃഷി. ബാക്കിയുള്ളവയില്‍ വാഴയും മറ്റും. കേരളത്തിലേതു പോലെ പാരിസ്ഥിതിക ബോധവല്‍ക്കരണത്തിന്റെ അഭാവം കൊണ്ടാകണം മാറി മാറി വരുന്ന സര്‍ക്കാരുകള്‍ നാഞ്ചിനാട്ടിനെ നെല്ലറയില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചു. അതിനാല്‍ നാഞ്ചിനാട് നെല്‍പാടങ്ങളില്‍ നിന്നും മാറി വരികയാണ്.
 ഈ ഓണത്തിനും ഇവിടുത്തെ രുചികരമായ അരി മലയാളികള്‍ക്ക് കിട്ടാക്കനിയായി മാറി. അതിനിടെ വന്‍ പരിസ്ഥിതി ആഘാതത്തിന്റെ വശങ്ങളെ കുറിച്ച് ചിലര്‍ പ്രതികരിച്ച് വരികയാണ്


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.