2019 January 22 Tuesday
ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, വീഴുമ്പോഴൊക്കെ എഴുന്നേല്‍ക്കുന്നതിലാണ് മനുഷ്യന്റെ മാഹാത്മ്യം.

തിരുവമ്പാടിയില്‍ ഉരുള്‍പൊട്ടല്‍

 

സ്വന്തം ലേഖകന്‍

തിരുവമ്പാടി: മലയോരത്തു കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍. വ്യാപകമായ കൃഷിനാശം. റോഡുകള്‍ ഒലിച്ചുപോയി. തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍പുഴ, മറിപ്പുഴ, കരിമ്പ്, മേലെ പൊന്നാങ്കയം എന്നിവിടങ്ങളിലും കോടഞ്ചേരി പഞ്ചായത്തിലെ നൂറാംതോട് അമ്പലക്കുന്ന്, കൂരോട്ടുപാറ, ചെമ്പുകടവ് എന്നിവിടങ്ങളിലുമാണ് ഉരുള്‍പൊട്ടിയത്.
40 വര്‍ഷത്തിനു ശേഷമാണ് ഇത്തരം ശക്തമായ മലവെള്ളപ്പാച്ചില്‍ പ്രദേശത്തുണ്ടാകുന്നത്. മൈനാംവളവില്‍ ചൂരത്തൊട്ടിയില്‍ ജോസിന്റെ 15 സെന്റ് സ്ഥലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. മറിപ്പുഴയില്‍ 20 സെന്റ് സ്ഥലവും കൃഷിയിടവും ഉരുള്‍പൊട്ടലില്‍ നാമാവശേഷമായി. ഉരുള്‍പൊട്ടി മലവെള്ളം കുത്തിയൊഴുകിയതിനാല്‍ കണ്ടപ്പന്‍ചാല്‍ ആര്‍ച്ച് പാലത്തിന്റെ അപ്രോച്ച് റോഡ് ഒലിച്ചുപോയി.
തുഷാരഗിരി ഡി.ടി.പി.സി സെന്റര്‍ മുതല്‍ വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ്, കണ്ണോത്ത് കളപ്പുറം റോഡ്, നെല്ലിപ്പൊയില്‍ പുല്ലൂരാംപാറ റോഡില്‍ കുരിശിനു സമീപം മുതല്‍ ഇലന്തുകടവ് വരെയുള്ള മൂന്ന് കിലോമീറ്റര്‍ റോഡ് എന്നിവ പൂര്‍ണമായും വെള്ളത്തിനടിയിലായി. ചെമ്പുകടവ് അംബേദ്കര്‍ കോളനി, തേക്കിന്‍തോട്ടം കോളനി, പാത്തിപ്പാറ കോളനി, പതങ്കയം ചെറുകിട ജലവൈദുത പദ്ധതി പ്രദേശം എന്നിവിടങ്ങളില്‍ ശക്തമായ മണ്ണിടിച്ചിലുണ്ടായി. കുപ്പായക്കട് പുത്തന്‍പുരയില്‍ തങ്കപ്പന്റെ വീടിന്റെ മേല്‍ക്കൂര മരം വീണ് തകര്‍ന്നു.
തുഷാരഗിരിയില്‍ വെള്ളച്ചാട്ടവും ശക്തി പ്രാപിച്ചു. മരം കടപുഴകി വീണതിനെ തുടര്‍ന്ന് കോടഞ്ചേരി ഉദയനഗര്‍ ഗ്രീന്‍ സിറ്റി റോഡിലെ വാഹന ഗതാഗതം തടസപ്പെട്ടു. നൂറാംതോട് എല്‍.പി സ്‌കൂളിനു സമീപമുണ്ടായ മണ്ണിടിച്ചിലില്‍ നൂറാംതോട് ഭജനമഠത്തിന്റെ ഭാഗം തകര്‍ന്നു.
മഴയെ തുടര്‍ന്ന് ചാലിപ്പുഴ കരകവിഞ്ഞൊഴുകി. ശക്തമായ മഴ വെള്ളപ്പാച്ചിലില്‍ ചെമ്പുകടവ്, പറപ്പറ്റ പാലങ്ങള്‍ക്കു മുകളില്‍ വെള്ളം കയറി.
ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് പുഴ കരകവിഞ്ഞൊഴുകാന്‍ തുടങ്ങിയത്. ഇതുവഴിയുള്ള വാഹന ഗതാഗതം മൂന്നു മണിക്കൂറോളം തടസപ്പെട്ടു. വനത്തില്‍ നിന്നൊഴുകി വന്ന വന്‍ മരങ്ങള്‍ രണ്ടുപാലങ്ങളില്‍ തട്ടിനില്‍ക്കുകയാണ്.
വനത്തിനുള്ളില്‍ വൈകിട്ട് നാലരയോടെ ഉരുള്‍പൊട്ടി. ഇതേതുടര്‍ന്ന് ഇരവഞ്ഞിപ്പുഴയും കൂരോട്ടുപാറ മുണ്ടൂര്‍ തോടും കരകവിഞ്ഞൊഴുകി. കൂരോട്ടുപാറയില്‍ നിന്ന് ഗാന്ധി റോഡുമായി ബന്ധിപ്പിക്കുന്ന പാലത്തിനും മുണ്ടൂര്‍ പാലത്തിനും മുകളില്‍ വെള്ളം കയറി. അരത്തമല ലിസ്സി, ഊന്നുകല്ലേല്‍ ഗ്രേസി, വടക്കേല്‍ ജോണി എന്നിവരുടെ വീടുകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്.
അതേസമയം താമരശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍, മെംബര്‍മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മുക്കം, വെള്ളിമാട്കുന്ന്, മീഞ്ചന്ത, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്‌സും തിരുവമ്പാടി, കോടഞ്ചേരി പൊലിസും സംഭവസ്ഥലത്തെത്തി. ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. ഷിബു, താലൂക്ക്, ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.