2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തിരുക്കൊച്ചി സഹകരണ തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നീക്കം

ആലുവ : തിരുക്കൊച്ചി സഹകരണ സൊസൈറ്റിയുടെ മറവില്‍ നടന്ന കോടികളുടെ തട്ടിപ്പ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നീക്കം. നിലവില്‍ കേസ് സംബന്ധിച്ച അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമായതോടെയാണ് കേസ് അന്വേഷണം ക്രൈബ്രാഞ്ചിന് നല്‍കുവാന്‍ നീക്കം നടക്കുന്നത്.
 ആലുവയിലെ തിരുകൊച്ചി കാര്‍ഷിക ഉല്പാദന സംസ്‌കരണ വിപണന സഹകരണ സംഘത്തിന്റെ മറവിലാണ് കോടികളുടെ തട്ടിപ്പ് നടന്നത്. ബാങ്ക് പ്രസിഡന്റും, കോണ്‍ഗ്രസ് നേതാവുമായ തൃശൂര്‍ ചേലക്കര സ്വദേശി സുനില്‍ (40) കേസില്‍ റിമാന്റിലാണ്. കോടികളുടെ തട്ടിപ്പ് സംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്തിയ ആലുവ ഡി.വൈ.എസ്.പി, സി.ഐ എന്നിവരുടെ നടപടികളില്‍ വന്‍പാളിച്ചകള്‍ സംഭവിച്ചതായി വ്യക്തമായിട്ടുണ്ട്.
കേസില്‍ പിടിയിലായ സുനിലിനെ നാല്  ദിവസത്തിലധികം കസ്റ്റഡിയില്‍ വച്ചെങ്കിലും കേസ് സംബന്ധിച്ചുള്ള ഒരു നടപടികളും നടത്താതിരുന്നതും, തട്ടിപ്പിനിരയായി ഡി.വൈ.എസ്.പി. ഓഫീസിലെത്തിയ 30-ലേറെപ്പേരില്‍ നിന്നും പരാതി എഴുതിവാങ്ങാന്‍ പോലും പൊലീസ് തയ്യാറാകാതിരുന്നതും വിവാദമായിരുന്നു. കൂടാതെ കേസ് ഒതുക്കി തീര്‍ക്കുവാനും പൊലീസ് ശ്രമിച്ചതായും ആരോപണമുയര്‍ന്നിരുന്നു. കോടികള്‍ തട്ടിയ കേസില്‍ പ്രതിയെ രക്ഷപ്പെടുത്താനായി ഉന്നത രാഷ്ട്രയ ഇടപെടലുകളും നടന്നിരുന്നു. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തില്‍ പലര്‍ക്കും പ്രതിയുമായി അടുത്ത ബന്ധങ്ങളുണ്ടെന്നതും ചില കോണ്‍ഗ്രസ് നേതാക്കളുടെ ബിനാമിയായിരുന്നു പ്രതിയെന്നതും കേസിന് അനുകൂലമായിരുന്നു.
13 അംഗങ്ങള്‍ ഡയറക്ടര്‍മാരായിട്ടായിരുന്നു സൊസൈറ്റി രജിസ്റ്റര്‍ ചെയ്തിരുന്നത്. 3 വനിതകള്‍ ഉള്‍പ്പെട്ടവരില്‍ ഒരാള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും, മറ്റൊരാള്‍ മൂവാറ്റുപുഴയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്നയാളും, വനിതകളില്‍ ഒരാള്‍ സ്വകാര്യ കോളേജ് അധ്യാപികയുമാണ്. പണം തട്ടിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് 18 വനിതകളടക്കം ഇടനിലക്കാരായിരുന്നതും വ്യക്തമായിരുന്നു. സഹകരണ ബാങ്കിന്റെ മുന്‍ മാനേജറായി പ്രവര്‍ത്തിച്ചിരുന്ന വനിത 2 ഹോട്ടലുകള്‍ ആരംഭിച്ചതും, നിലവിലുള്ള മാനേജര്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വീട് നിര്‍മ്മാണം ആരംഭിച്ചതും കേസിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതി 2 വര്‍ഷം മുന്‍പ് തൃശൂരില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടും പ്രതിക്ക് വീണ്ടും തട്ടിപ്പ് നടത്താന്‍ അവസരം നല്‍കിയതും, സംബന്ധിച്ചും അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
പൊലീസ്, സഹകരണവകുപ്പ് തുടങ്ങിയ വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരടക്കം ഈ തട്ടിപ്പിന് ഒത്താശ നല്‍കിയതും അന്വേഷിക്കും. കോടികള്‍ തട്ടിയ കേസന്വേഷണം സംബന്ധിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന ഘട്ടത്തിലാണ് ഇന്നലെ സഹകരണ വകുപ്പ് മന്ത്രി തന്നെ കേസ് സംബന്ധിച്ച മുഴുവന്‍ രേഖകളും മന്ത്രിയ്ക്ക് നേരിട്ടെത്തിക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
 പ്രമാദമായ കേസ് അട്ടിമറിക്കാനുള്ള ശ്രമം സര്‍ക്കാരിന് തന്നെ വിനയാകുമെന്നുറപ്പായതോടെയാണ് കേസില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്താനായി സര്‍ക്കാര്‍ ഒരുങ്ങുന്നത്. കോടികളുടെ തട്ടിപ്പ് സംബന്ധിച്ച് ആലുവയില്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും ശക്തമായ ഗ്രൂപ്പ് വടംവലിക്ക് കാരണമായതോടെ, ആലുവയില്‍ സി.പി.എമ്മും പ്രശ്‌നത്തില്‍ ഇടപെട്ടതാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്ക് നീക്കാന്‍ കാരണമാകുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം അടുത്ത ദിവസങ്ങളിലുണ്ടാകുമെന്നാണ് സൂചന.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.