2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

തിരിച്ചുവരവിനൊരുങ്ങി ജൈവകൃഷി

ഗീതു തമ്പി

വിവാദഭൂമിയായി മാറിയ മെത്രാന്‍ കായലിലും ആറന്മുളയിലും കൃഷിയിറക്കാനൊരുങ്ങുകയാണു സര്‍ക്കാര്‍. കൃഷിവകുപ്പ് തയാറാക്കുന്ന പദ്ധതിയില്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ വകുപ്പ് സെക്രട്ടറിയേറ്റില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൃഷിമന്ത്രി വകുപ്പ് സെക്രട്ടറി രാജുനാരായണസ്വാമിക്കാണ് ഇതു സബന്ധിച്ച നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട്  17നു മുന്‍പ് സമര്‍പ്പിക്കാനാണു നിര്‍ദേശം.
കേരളത്തില്‍ ജൈവകൃഷി തിരിച്ചുവരവിന്റെ പാതയിലേക്കു മടങ്ങിവരുന്ന സന്ദര്‍ഭത്തിലാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു നീക്കമുണ്ടായിരിക്കുന്നത്. വിഷമടങ്ങിയ ഭക്ഷണം കഴിച്ചു രോഗികളായ ഒരു ജനത മാറിച്ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. സ്വന്തമായി സ്ഥലമില്ലാത്തവര്‍ പോലും ടെറസില്‍ ഗ്രോ ബാഗുകളിലോ ചട്ടികളിലോ ജൈവകൃഷി ചെയ്തു തുടങ്ങിയിരിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തിലാണ് ഈ തിരിച്ചുവരവെങ്കില്‍ ഇതൊരു നല്ല മാറ്റമാണ്.
പച്ചക്കറി വിട്ട് മത്സ്യമാംസാദികള്‍ കൂടുതലായി കഴിക്കുന്ന സമ്പ്രദായം ഇവിടേക്കെത്തിയതിന്റെ ഫലമായിരുന്നു മുപ്പതുകടക്കാത്തവരെ വരെ കൊളസ്‌ട്രോളിന് അടിമകളാക്കിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന പഴങ്ങളും പച്ചക്കറികളും വലിയ തോതില്‍ മാരകവിഷമടിച്ച് ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണു മലയാളി മാറിച്ചിന്തിച്ചു തുടങ്ങിയത്. 2013ല്‍ കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണിയിലുള്ള ലബോറട്ടറിയില്‍ ആരംഭിച്ച വിഷപരിശോധനാ റിപ്പോര്‍ട്ടുകള്‍ ജനങ്ങളില്‍ ഒരു ന്യൂനപക്ഷത്തെയെങ്കിലും വിഷരഹിത കൃഷിരീതിയിലേക്കു മടങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള പ്രൊഫെനോഫോസ് എന്ന കീടനാശിനി, യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിച്ച പരിധിയേക്കാള്‍ 125 ഇരട്ടിവരെയാണ് പച്ചക്കറികളില്‍ കണ്ടെത്തിയത്.
പച്ചക്കറികളിലെ വിഷാംശം അര്‍ബുദം പോലുള്ള മാരകരോഗങ്ങള്‍ക്കു കാരണമാകുന്നുവെന്ന പഠനങ്ങളും കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ബോധവല്‍ക്കരണ നടപടികളും മലയാളിയെ പ്രകൃതികൃഷിരീതിയിലേക്കു മാറാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീകള്‍, സന്നദ്ധസംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവരൊക്കെ സ്വന്തം നിലയില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതോടെ ഇതര സംസ്ഥാനത്തുനിന്നുള്ള പച്ചക്കറികളുടെ വരവു മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു കുറഞ്ഞിട്ടുണ്ടെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പല ജില്ലകളിലും മൂന്നില്‍ ഒരു വീട്ടില്‍ ചെറിയതോതിലെങ്കിലും സ്വന്തമായി പച്ചക്കറി കൃഷി ചെയ്യുന്നുണ്ടെന്നു കൃഷിവകുപ്പും സൂചിപ്പിക്കുന്നു. കേരളത്തില്‍ ആവശ്യമായ പച്ചക്കറികളുടെ 40 ശതമാനമായിരുന്നു മുമ്പിവിടെ ഉത്പാദിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് 70 ശതമാനത്തോളമായി.
കേരളത്തെ സമ്പൂര്‍ണ ജൈവകൃഷി സംസ്ഥാനമാക്കി മാറ്റാനുള്ള പദ്ധതികള്‍ 2016ല്‍ പൂര്‍ത്തിയാവുമെന്നു കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പൂര്‍ണപിന്തുണയുമായി അന്‍പതിനായിരം ഹെക്ടര്‍ പ്രദേശത്ത് ജൈവപച്ചക്കറി കൃഷി ആരംഭിക്കാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങളുമായി പുതിയ സര്‍ക്കാരും തങ്ങളുടെ പദ്ധതി പ്രഖ്യാപിച്ചു കഴിഞ്ഞു. കൃഷിവകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഓണത്തിനു വിളവെടുക്കുന്ന രീതിയിലായിരിക്കും പച്ചക്കറി കൃഷി ആരംഭിക്കുക. ഇതു സംബന്ധിച്ച ഉറപ്പ് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണു പുതിയ പദ്ധതിയുമായി കൃഷിമന്ത്രിയും എത്തിയിരിക്കുന്നത്. വിപണിയില്‍ നേരിട്ടു പച്ചക്കറി എത്തിച്ചു ചുരുങ്ങിയ വിലയ്ക്കു നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതിക്കും ഇതിനകം തന്നെ തുടക്കമായിക്കഴിഞ്ഞു. ഇതിനാവശ്യമായ സാമ്പത്തികസഹായം കര്‍ഷകര്‍ക്കു നല്‍കാനും കേന്ദ്രത്തില്‍ നിന്നു കൂടുതല്‍ സഹായം ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും തീരുമായിട്ടുണ്ട്.
പച്ചക്കറികളും പഴവര്‍ഗങ്ങളും സ്വന്തമായ രീതിയില്‍ മികച്ച രീതിയില്‍ പാക്ക് ചെയ്ത് ബ്രാന്‍ഡ് ചെയ്തു വിപണിയിലെത്തിക്കുന്നതിലൂടെ കര്‍ഷകനു സ്വന്തമായും അര്‍ഹമായ വില നേടിയെടുക്കാവുന്നതാണ്. ഇതിനായി സംരംഭകര്‍ ഒരുമിച്ചുകൂടി ഒരു പ്രോസസിങ് യൂണിറ്റുണ്ടാക്കി പാക്ക് ചെയ്ത് പ്രത്യേക ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കുകയോ കയറ്റുമതി ചെയ്യുകയോ ചെയ്യാം. ഇങ്ങനെ വരുമ്പോള്‍ കര്‍ഷകനു വിപണി തേടി അലയേണ്ടിവരില്ല. മികച്ച വിലയും ഉറപ്പാക്കാം.
കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ഉല്‍പ്പാദനം സാധ്യമാവുന്ന  ഗ്രീന്‍ ഹൗസ് ഫാമിങ് പോലുള്ള രീതികള്‍ അവലംബിക്കുന്നതും വ്യാവസായിക അടിസ്ഥാനത്തിലുള്ള ജൈവകൃഷിക്ക് സ്വീകരിക്കാവുന്ന മാര്‍ഗമാണ്. ചെയ്യുന്ന കൃഷിയ്ക്ക് അനുയോജ്യമായ രീതിയിലുള്ള കാലാവസ്ഥ തയ്യാറാക്കി കൊടുക്കുന്നതിനാല്‍ ഈ രീതിയില്‍ ഏതു സീസണിലും ഏത് കൃഷിയും നടത്താനാകും. അതിനാല്‍ കേരളത്തില്‍ സാധാരണയായി കൃഷി ചെയ്യാത്ത പച്ചക്കറികളും പഴവര്‍ഗങ്ങളും വരെ കൃഷി ചെയ്യാം. ഇത്തരം സരഭങ്ങള്‍ക്കെല്ലാം നാഷണല്‍ ഹോര്‍ട്ടി  കള്‍ച്ചര്‍ മിഷനില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും സബ്‌സിഡിയും ലഭിക്കുന്നതാണ്.  ഇനിയും വൈകിയിട്ടില്ല. കൃഷിയും കൃഷിക്കാരും ഉണര്‍ന്നു കഴിഞ്ഞു. മഴ പെയ്തതോടെ മണ്ണും തണുത്തു. ഒരു ജനതയാകെ ഒരേ വഴിയിലൂടെ നീങ്ങുമ്പോള്‍ ഒപ്പം നടക്കാന്‍ ശ്രമിക്കാം.  


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.