2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക

ജൊഹാനസ്ബര്‍ഗ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് ജയം. മഴ കാരണം വെട്ടിക്കുറച്ച മത്സരത്തില്‍ 28 ഓവറില്‍ 202 റണ്‍സെന്ന വിജയലക്ഷ്യം അവര്‍ 15 പന്ത് ബാക്കി നില്‍ക്കേ മറികടക്കുകയായിരുന്നു.
വിക്കറ്റ് കീപ്പര്‍ ഹെയ്ന്റിക് ക്ലാസന്‍ (27 പന്തില്‍ 43), ഡേവിഡ് മില്ലര്‍ (28 പന്തില്‍ 39), ഫെഹ്ലുക്വായോ (5 പന്തില്‍ 23) എന്നിവരുടെ മിന്നല്‍ പ്രകടനമാണ് ദക്ഷിണാഫ്രിക്കക്ക് വിജയം സമ്മാനിച്ചത്. കരിയറിലെ 100ാം ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടിയ ധവാനും ഇന്ത്യയെ രക്ഷിക്കാനായില്ല. ശിഖര്‍ ധവാനിലൂടെയും വിരാട് കോഹ്‌ലിയിലൂടെയും ഇന്ത്യ നല്‍കിയ അടിക്ക് അതേ നാണയത്തില്‍ തന്നെ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു. അഞ്ചാം വിക്കറ്റില്‍ മില്ലര്‍ – ക്ലാസന്‍ സഖ്യം 6.5 ഓവറില്‍ നേടിയ 72 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ വിജയം അനായാസമാക്കിയത്. ക്ലാസനാണ് കളിയിലെ കേമന്‍.
സ്‌കോര്‍- ഇന്ത്യ: 50 ഓവറില്‍ ഏഴിന് 289. ദക്ഷിണാഫ്രിക്ക- 25.3 ഓവറില്‍ അഞ്ചിന് 207.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ ആഞ്ഞടിച്ചെങ്കിലും മധ്യനിര മങ്ങിയതോടെ സ്‌കോര്‍ 289 ല്‍ ഒതുങ്ങി. ശിഖര്‍ ധവാന്‍ (105 പന്തില്‍ 109) വിരാട് കോഹ്‌ലി (83 പന്തില്‍ 75), ധോണി ( 42 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ 289 റണ്‍സ് നേടിയത്.
മഴമൂലം മത്സരം സമയം നഷ്ടപ്പെട്ടതിനാല്‍ ഡക്ക്‌വര്‍ത്ത് ലൂയി നിയമപ്രകാരം വിജയ ലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ 28 ഓവറില്‍ 202 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 15 പന്ത് ബാക്കിനില്‍ക്കെ അവര്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഇതോടെ ആറു മത്സരങ്ങളടങ്ങിയ പരമ്പര 3-1 എന്ന നിലയിലായി. പിങ്ക് ജേഴ്‌സിയില്‍ കളിച്ച ഒരു മത്സരവും തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലും ദക്ഷിണാഫ്രിക്ക നിലനിര്‍ത്തി. തോറ്റാല്‍ പരമ്പര നഷ്ടമാകുമായിരുന്ന നാലാം ഏകദിന മത്സരത്തില്‍ ആതിഥേയര്‍ അഞ്ച് വിക്കറ്റിന്റെ വിജയം നേടി പ്രതീക്ഷ കെടാതെ കാത്തു. ഇനിയുള്ള രണ്ടു മത്സരങ്ങളില്‍ ജയിക്കാനായാല്‍ ആതിഥേയര്‍ക്ക് പരമ്പര സമനിലയിലാക്കാം. പരമ്പരയിലെ അഞ്ചാം മത്സരം ചൊവ്വാഴ്ച പോര്‍ട്ട് എലിസബത്തില്‍ നടക്കും.
സ്‌കോര്‍ ബോര്‍ഡ്

ഇന്ത്യ: രോഹിത് സി ആന്‍ഡ് ബി റബാഡ – 5, ധവാന്‍ സി ഡിവില്ലിയേഴ്‌സ് ബി മോര്‍ക്കല്‍ – 109, കോലി സി മില്ലര്‍ ബി മോറിസ് – 75, രഹാനെ സി റബാഡ
ബി എന്‍ഗീഡി – 8, അയ്യര്‍ സി മോറിസ് ബി എന്‍ഗീഡി – 18, ധോനി നോട്ടൗട്ട് – 42, പാണ്ഡ്യ സി മാര്‍ക്രം ബി റബാഡ – 9, ഭുവനേശ്വര്‍ റണ്ണൗട്ട് – 5, കുല്‍ദീപ് നോട്ടൗട്ട് – 0, എക്‌സ്ട്രാസ് – 18, ആകെ 50 ഓവറില്‍ 7ന് 289.

വിക്കറ്റുവീഴ്ച: 12-0, 2-178, 3-206, 4-210, 5-247, 6-262, 7-282. ബൗളിങ്: മോര്‍ക്കല്‍ 10-0-55-1, റബാഡ 10-0-58-2, എന്‍ഗീഡി 10-0-52-2, ക്രിസ് മോറിസ് 10-0-60-1, ഫെഹ്ലുക്വായോ 6-0-38-0, ഡുമിനി 4-0-20-0.

ദക്ഷിണാഫ്രിക്ക: മാര്‍ക്രം എല്‍ബി ബുംറ – 22, അംല സി ഭുവനേശ്വര്‍ ബി കുല്‍ദീപ് – 33, ഡുമിനി എല്‍ബി കുല്‍ദീപ് – 10, ഡിവില്ലിയേഴ്‌സ് സി രോഹിത് ബി പാണ്ഡ്യ – 26,
മില്ലര്‍ എല്‍ബി ചാഹല്‍ – 39, ക്ലാസന്‍ നോട്ടൗട്ട് – 43, ഫെഹ്ലുക്വായോ നോട്ടൗട്ട് – 23, എക്‌സ്ട്രാസ് – 11, ആകെ 25.3 ഓവറില്‍ 5ന് 207.
വിക്കറ്റുവീഴ്ച: 1-43, 2-67, 3-77, 4-102, 5-174. ബൗളിങ്: ഭുവനേശ്വര്‍ 4-0-27-0, ബുംറ 5-0-21-1, കുല്‍ദീപ് 6-0-51-2, പാണ്ഡ്യ 5-0-37-1, ചാഹല്‍ 5.3-0-68-1.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.