2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

തിരക്കഥ തുടരുന്നു: പ്രതികളെ പാര്‍ട്ടി നല്‍കി; പൊലിസിന് ആശ്വാസം

സ്വന്തം ലേഖകന്‍

കണ്ണൂര്‍: നീണ്ട ആറുദിവസത്തെ അനിശ്ചിതത്വത്തിനു ശേഷം ശുഹൈബ് വധക്കേസില്‍ പൊലിസിനെ സി.പി.എം തന്നെ സഹായിച്ചു. പ്രതികളെ സഹായിച്ചുവെന്നു പൊലിസ് സംശയിക്കുന്നവരേ ഹാജരാക്കിയാണ് സി.പി.എം ഉദാരമായത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയായിരുന്നു മാലൂര്‍ സ്‌റ്റേഷനില്‍ ഇന്നലെ രാവിലെ നടന്ന കീഴടങ്ങല്‍ നാടകം.

മുടക്കോഴിമലയ്ക്കടുത്തു താമസിക്കുന്ന ആകാശ്, റിജിന്‍രാജ് എന്നിവര്‍ നേരത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തില്ലങ്കേരി വിനീഷ് വധക്കേസിലും പ്രതികളാണ്. സി.പി.എം ഡിഫന്‍സ് ടീം അംഗങ്ങളും സൈബര്‍ പോരാളികളുമാണിവര്‍. ആര്‍. എസ്. എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊന്നത് ആര്‍.എസ്.എസ് നേതാവുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണെന്നായിരുന്നു സി.പി.എം പ്രചരണം. എന്നാല്‍ ശുഹൈബ് വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന വാദം തുടക്കത്തിലേ ഏശിയില്ല. സി.പി.എം പെരിഞ്ഞനം ബ്രാഞ്ച് അംഗമാണ് റിജിന്‍രാജ്.

ആകാശും പാര്‍ട്ടി അംഗവും ചുവപ്പ് വളണ്ടിയറുമാണ്. ശുഹൈബിനെ വധിച്ചതില്‍ ഇവര്‍ക്കു നേരിട്ടു പങ്കില്ലെന്ന വിവരമാണ് പൊലിസിനു നല്‍കുന്നത്. എന്നാല്‍ മുഖംമൂടി സംഘമെത്തിയ വെളുത്ത വാഗണറില്‍ നിന്നും മറ്റൊരുവാഹനത്തിലേക്ക് കയറാന്‍ പ്രതികളെ ഇവര്‍ സഹായിച്ചതിന്റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്.
വാഹനത്തിനടുത്തു നിന്നും ഇവര്‍ ഫോണ്‍ ചെയ്യുന്ന ദൃശ്യമാണ് ലഭിച്ചത്. സി.സി.ടി.വി ദൃശ്യം നല്‍കിയ സൂചനയെ തുടര്‍ന്നാണ് ആകാശിനെയും റിജിന്‍രാജിനെയും തേടി പൊലിസ് അന്വേഷണമാരംഭിച്ചത്. ഇതിന്റെ ഭാഗമായി എസ്.പിയുടെ നേതൃത്വത്തില്‍ മുടക്കോഴി മലയുള്‍പ്പെടെ സ്ഥലങ്ങളില്‍ റെയ്ഡു നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കടുത്ത സമര്‍ദ്ദത്തിലായിരുന്നു സി.പി.എം. ഇതാണ് ഇന്നലെ നടന്ന കീഴടങ്ങല്‍ നാടകത്തിലെത്തിയത്.

ശുഹൈബിനെ വധിച്ചത് തികച്ചും പ്രൊഫഷനല്‍ ശൈലിയിലാണെന്നാണ് പൊലിസിന്റെ നിഗമനം. അതുകൊണ്ടുതന്നെ കൃത്യം നടത്തിയവര്‍ ആരെന്ന ചോദ്യത്തിനു പുറകെയാണ് അന്വേഷണസംഘം. ടി.പി വധക്കേസില്‍ പരോളിലിറങ്ങിയ പ്രതികളുള്‍പ്പെടെയുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന ആരോപണം ശക്തമാണ്.

ആകാശ് ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമദ് ഷാഫി തുടങ്ങിയവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ഫെയ്‌സ് ബുക്കിലെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

കൊടി സുനിയോട് നിങ്ങള്‍ ധീരനാണ് ധൈര്യമായി മുന്നോട്ടുപോകൂവെന്നാണ് ആകാശ് തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിലൂടെ പറയുന്നത്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.