2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

തിത്‌ലി തീവ്രചുഴലിയായി ഇന്ന് കരയിലെത്തും; ഒഡിഷ, ആന്ധ്രാ തീരത്ത് ജാഗ്രത

 

വിശാഖപട്ടണം: തിത്‌ലി ചുഴലിക്കാറ്റ് തീവ്രമായി ഒഡിഷ, ആന്ധ്ര തീരത്തേക്ക് അടുത്തുതുടങ്ങിയതോടെ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്ന് രാവിലെ 5.30ഓടെ ചുഴലി തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. കാറ്റ് ശക്തി പ്രാപിച്ചതോടെ ഒഡിഷയിലെ ഗഞ്ജാം, പുരി, ഖുര്‍ദ, ജഗത്സിങ്പൂര്‍, കേന്ദ്രപ്പാറ എന്നീ അഞ്ച് ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടായേക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയോടെ തിത്‌ലി തീവ്രചുഴലിയായി കരയിലേക്ക് ആഞ്ഞടിക്കുമെന്നും ശക്തമായ മഴയില്‍ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അഞ്ച് ജില്ലകളിലേയും ജില്ലാ കലക്ടര്‍മാരോട് ജാഗ്രതപാലിക്കാന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നിര്‍ദേശം നല്‍കി. ഈ ജില്ലകളിലെ സ്‌കൂള്‍, കോളജ്, അംഗന്‍വാടി എന്നിവക്ക് ഇന്നും നാളെയും അവധി നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലി തീവ്രരൂപംപൂണ്ട് ഒഡിഷ, ആന്ധ്ര തീരത്തേക്ക് അടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒഡിഷയിലെ ഗോപാല്‍പൂരിനും ആന്ധ്രാപ്രദേശിലെ കലിംഗപട്ടണത്തിനും ഇടയില്‍ 145 കി.മീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡിഷയില്‍ കനത്ത മഴയും ഇന്ന് രാവിലെ മുതല്‍ ഉണ്ടാകും. ഒഡിഷയുടെ തീരമേഖലയില്‍ ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് എന്നിവയെ നിയോഗിച്ചതായി ചീഫ് സെക്രട്ടറി ആദിത്യ പ്രസാദ് അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റുകളുടെ ഗണത്തിലാണ് തിത്‌ലിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.