2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

താലിബാനുമായി ഖത്തറില്‍ കൂടിക്കാഴ്ച നടത്തിയെന്ന് യു.എസ്

 

വാഷിങ്ടണ്‍: അഫ്ഗാനില്‍ സമാധാനം പുനഃസ്ഥാപിക്കാനായി താലിബാനുമായി ഖത്തറില്‍ കൂടിക്കാഴ്ച നടത്തിയെന്ന് യു.എസ്. യു.എസിന്റെ പ്രതിനിധി സാല്‍മെ ഖലീല്‍സാദാണ് ചൊവ്വാഴ്ച ചര്‍ച്ച നടത്തിയതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
ദോഹയില്‍ ഖലീല്‍സാദ് താലിബാനുമായി കൂടിക്കാഴ്ച നടത്തിയത് യാഥാര്‍ഥ്യമാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. രണ്ട് ദിവസത്തെ ചര്‍ച്ചയാണ് തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ജൂലൈ മുതല്‍ യു.എസ് പ്രതിനിധി താലിബാനുമായി നാല് തവണ ചര്‍ച്ച നടത്തി. എന്നാല്‍ താലിബാനുമായുള്ള ചര്‍ച്ച സംബന്ധിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആദ്യമായാണ് പ്രതികരിക്കുന്നത്.
അഫ്ഗാനിലെ വര്‍ദാക് പ്രവശ്യ സൈനിക പരിശീലന കേന്ദ്രത്തില്‍ താലിബാന്റെ ആക്രമണത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഖത്തറില്‍ സമാധാന ചര്‍ച്ച നടക്കുന്നത്. യു.എസുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് താലിബാന്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു. അഫ്ഗാനിലെ അധിനിവേശം അവസാനിപ്പിക്കാന്‍ യു.എസ് സമ്മതിച്ചെന്ന് താലിബാന്‍ വക്താവ് പറഞ്ഞു.
അഫ്ഗാനിലെ യു.എസ് സൈനിക സാന്നിധ്യം പകുതിയായി കുറയ്ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 14000 യു.എസ് സൈനികരാണ് അഫ്ഗാനിലുള്ളത്. 2001 സെപ്റ്റംബര്‍ 11ലെ ലോക വ്യാപാര സമുച്ചയ ആക്രമണത്തിന് പിന്നാലെയാണ് യു.എസ് അഫ്ഗാനില്‍ അധിനിവേശം ആരംഭിച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.