2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

താരസംഘടനയായ ‘അമ്മ’യില്‍ പോര്

തിരുവനന്തപുരം: പത്തനാപുരത്തെ ഇടതുസ്ഥാനാര്‍ഥി കെ.ബി ഗണേഷ്‌കുമാറിന് വോട്ടഭ്യര്‍ഥിച്ച് മോഹന്‍ലാലെത്തിയത് വിവാദമാകുന്നു. നടപടിയില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ താരസംഘടനയായ ‘അമ്മ’യില്‍നിന്ന് രാജിവച്ചു.
സിനിമാതാരങ്ങള്‍ പരസ്പരം മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊരു സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണം നടത്തരുതെന്ന് സംഘടന തീരുമാനിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ ഇത് പാലിച്ചില്ലെന്നുമാണ് സലിംകുമാറിന്റെ ആക്ഷേപം. പത്തനാപുരത്ത് ഇടതുസ്ഥാനാര്‍ഥിയായി ഗണേഷ്‌കുമാറും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജഗദീഷും ബി.ജെ.പി സ്ഥാനാര്‍ഥിയായി ഭീമന്‍ രഘുവുമാണ് മത്സരിക്കുന്നത്.

അതേസമയം, താരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതില്‍ തെറ്റില്ലെന്നാണ് ‘അമ്മ’ പ്രസിഡന്റ് കൂടിയായ ഇന്നസെന്റിന്റെ പ്രതികരണം. താരങ്ങള്‍ പ്രചാരണത്തിനുപോകുന്നത് വ്യക്തിബന്ധങ്ങള്‍ കണക്കിലെടുത്താണ്. സലിംകുമാര്‍ ആരുടെയും അനുവാദം വാങ്ങിച്ചല്ല ഇതുവരെ പ്രചാരണത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ‘അമ്മ’യുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരസ്യമായി ഇടതുപക്ഷചായ്‌വ് പ്രകടിപ്പിക്കുന്നതിനെതിരേ സംഘടനയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്നസെന്റ് സി.പി.എം സ്വതന്ത്രനായി മത്സരിച്ചതോടെയാണ് സംഘടനയില്‍ രാഷ്ട്രീയം സജീവമായത്.

സൂപ്പര്‍താരങ്ങളില്‍ മമ്മൂട്ടി നേരത്തേതന്നെ ഇടതുചായ്‌വ് പ്രകടിപ്പിച്ചിരുന്നു. സുരേഷ് ഗോപി ബി.ജെ.പിക്കുവേണ്ടി സംസ്ഥാനത്തുടനീളം പ്രചാരണത്തിനിറങ്ങുന്നുണ്ട്. എന്നാല്‍, മോഹന്‍ലാല്‍ ഇതുവരെ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിരുന്നില്ല. സിനിമാതാരങ്ങളായ ഇന്നസെന്റ് ഇടതുസ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയും സലിംകുമാര്‍ യു.ഡി.എഫിനുവേണ്ടിയും ജയറാം, കവിയൂര്‍ പൊന്നമ്മ, കൊല്ലം തുളസി എന്നിവര്‍ ബി.ജെ.പിക്കുവേണ്ടിയും സജീവമാണ്.

അതിനിടെ, മോഹന്‍ലാല്‍ ഗണേഷിനുവേണ്ടി പത്തനാപുരത്തെത്തിയതിനു പിന്നില്‍ ആനക്കൊമ്പ് വിവാദമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അനധികൃതമായി മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശംവച്ചകേസില്‍ ഗണേഷ്‌കുമാറിന്റെ കൈവശം സുപ്രധാന തെളിവുകളുണ്ടെന്നും ഇതു പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയാണ് പത്തനാപുരത്ത് എത്തിച്ചതെന്നുമാണ് കൊല്ലം ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിന്റെ ആരോപണം.
അതിനിടെ, മോഹന്‍ലാലിനെ ബ്ലാക്ക്‌മെയില്‍ ചെയ്താണ് പത്തനാപുരത്ത് എത്തിച്ചതെന്നുള്ള ആരോപണം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജഗദീഷ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.