2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

താരനിശ മുടങ്ങാതിരിക്കാന്‍ ടി.എ റസാഖിന്റെ മരണവാര്‍ത്ത മറച്ചുവച്ചെന്ന് ആരോപണം

സ്വന്തം ലേഖകന്‍

കോഴിക്കോട്: സിനിമാ താരങ്ങളെ പങ്കെടുപ്പിച്ച് തിങ്കളാഴ്ച കോഴിക്കോട്ട് നടന്ന’മോഹനം’ ഷോയുടെ വിജയത്തിനായി തിരക്കഥാകൃത്ത് ടി.എ റസാഖിന്റെ മരണവിവരം പുറത്തറിയിക്കുന്നത് വൈകിപ്പിച്ചതായി ആക്ഷേപം. സഹപ്രവര്‍ത്തകര്‍ തന്നെ റസാഖിനോട് കാണിച്ച അനാദരവിനെതിരേ സിനിമാ ലോകത്തുനിന്നുതന്നെ പ്രതിഷേധം ഉയര്‍ന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്. റസാഖിന്റെ ചികിത്സയ്ക്ക് പണം നല്‍കി സഹായിക്കുന്നതിനായിരുന്നു മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചെയര്‍മാനായ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താരനിശ സംഘടിപ്പിച്ചത്.

തിങ്കളാഴ്ച രാവിലെ 11.30ന് റസാഖ് മരിച്ചതായാണ് വിവരം. എന്നാല്‍ കോടികള്‍ ചെലവിട്ടു നടത്തുന്ന പരിപാടി അവതാളത്തിലാകുമെന്നതിനാല്‍ മരണവിവരം മൂടിവയ്ക്കാന്‍ ബന്ധുക്കളെ സംഘാടകര്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരിപാടി പകുതിയെത്തിയപ്പോഴാണ് മരണ വിവരം ചാനലുകളിലൂടെ പുറംലോകം അറിഞ്ഞത്. എന്നിട്ടും ഷോ തുടര്‍ന്നു. മരിച്ച വിവരം രാത്രി 9.20 ഓടെയാണ് ചാനലുകളിലൂടെ പുറത്തുവിട്ടത്. ഷോ തീരുന്നതും കാത്ത് മൃതദേഹവുമായി വന്ന ആംബുലന്‍സ് ബൈപ്പാസില്‍ ഒരു മണിക്കൂറുകളോളം നിര്‍ത്തിയിടീച്ചതായും ആരോപണമുണ്ട്. സിനിമാ രംഗത്തെ വമ്പന്‍മാരായ സംഘാടകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വാര്‍ത്ത പുറത്തുവിടാന്‍ വൈകിയതെന്നും ആക്ഷേപമുണ്ട്.

തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെയാണ് റസാഖിന്റെ മൃതദേഹം കൊച്ചിയില്‍നിന്നു കോഴിക്കോട് ടൗണ്‍ഹാളില്‍ എത്തിച്ചത്. എന്നാല്‍ അന്നുച്ചയോടെ ഇദ്ദേഹം മരണമടഞ്ഞ വിവരം സിനിമാ അണിയറ പ്രവര്‍ത്തകര്‍ക്കും ‘മോഹനത്തിന്റെ’ സംഘാടകര്‍ക്കും അറിയാമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ അത് മനഃപൂര്‍വം മൂടിവെക്കുകയായിരുന്നു.

ടൗണ്‍ഹാളില്‍ രാത്രി വൈകി എത്തിച്ച മൃതദേഹം കാണാനെത്തിയ സംവിധായകന്‍ അലി അക്ബര്‍ ഇക്കാര്യം പറഞ്ഞ് പൊട്ടിത്തെറിച്ചു.”ആര്‍ക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാനിത് പറയും, റസാഖ് മരിച്ചു കിടക്കുമ്പോള്‍ ഇവര്‍ ഇവിടെ ആടിപ്പാടിയത് ശരിയായില്ല”- എന്നാണ് അലി അക്ബര്‍ തുറന്നടിച്ചത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് ടി.എ റസാഖ് മരിച്ചതെന്നും പരിപാടി മുടങ്ങാതിരിക്കാനായി മരണ വിവരം രാത്രിവരെ മറച്ചുവച്ചുവെന്നും മൃതദേഹം റോഡരികില്‍ വച്ച് വൈകിപ്പിച്ചുവെന്നും അലി അക്ബര്‍ ആരോപിച്ചു.

സംഭവം വാസ്തവമാണെങ്കില്‍ ഒരിക്കലും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളോട് സിനിമാ ലോകം കാണിച്ചത് കടുത്ത അവഗണനയാണെന്നും സംവിധായകന്‍ വിനയന്‍ പ്രതികരിച്ചു. ടൗണ്‍ഹാളില്‍ മൃതദേഹം എത്തുമ്പോഴേക്കും മോഹനം താരനിശയുടെ പ്രധാന സംഘാടകരും സിനിമാരംഗത്തെ പ്രമുഖരും അവിടെയെത്തിയിരുന്നു.

നടന്‍ മോഹന്‍ലാലിനെ ആദരിക്കുന്നതിനു വേണ്ടിയാണ് ‘മോഹനം’ എന്ന താരനിശ നടത്തിയത്. ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏതാനും ആഴ്ചകളായി ലാല്‍ കോഴിക്കോട്ടുണ്ട്. ഈ അവസരം മുതലാക്കി പെട്ടെന്ന് താരനിശ സംഘടിപ്പിക്കുകയായിരുന്നു. റസാഖ് അടക്കം ചികിത്സയില്‍ കഴിയുന്നവരെയും അവശ കലാകാരന്‍മാരെയും സഹായിക്കുന്നതിനാണ് ഷോയെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ മുന്‍പു കോഴിക്കോട് നടത്തിയ ഒരു ഷോയടെ പണം തന്നെ ഇപ്പോഴും വേണ്ട രൂപത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.