2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

താമരശ്ശേരിയില്‍ മന്ത്രിയെ ഉപരോധിച്ചു

കരിഞ്ചോല ഇരകളെ വഞ്ചിച്ചതില്‍ പ്രതിഷേധം

കെ.വി.ആര്‍ റാഷിദ്

താമരശ്ശേരി: കരിഞ്ചോല ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വഞ്ചിച്ച സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മന്ത്രി ടി.പി രാമകൃഷ്ണനെ ജില്ലാ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന സമാഹരണം നടത്തുന്നതിനായി മന്ത്രി എത്തിയപ്പോഴാണ് ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കരിഞ്ചോലയിലെ ഇരകള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചുള്ള സുപ്രഭാതം വാര്‍ത്താ പരമ്പരയെ തുടര്‍ന്നായിരുന്നു യൂത്ത് ലീഗിന്റെ പ്രതിഷേധം. ഇരകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക പൂര്‍ണമായും നല്‍കാത്തതിലും വാടക നല്‍കാമെന്നു പറഞ്ഞു വഞ്ചിച്ചതിലും പ്രതിഷേധിച്ചായിരുന്നു താമരശേരി ഗസ്റ്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയത്.
രാവിലെ ഒന്‍പതോടെ ഗസ്റ്റ് ഹൗസില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, കാരാട്ട് റസാഖ് എം.എല്‍.എ എന്നിവര്‍ എത്തിയിരുന്നു. തുടര്‍ന്ന് ധനസമാഹരണം ആരംഭിച്ചതോടെയാണ് മുപ്പതോളം വരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഗസ്റ്റ് ഹൗസിന് മുന്‍പിലെ ഗെയ്റ്റ് തുറന്നു അകത്ത് കടക്കാനുള്ള ശ്രമം പൊലിസ് തടഞ്ഞു. മന്ത്രിയുമായി സംസാരിക്കണമെന്ന സമരക്കാരുടെ ആവശ്യം പൊലിസ് നിരാകരിച്ചു. ഗെയ്റ്റിനു മുന്നില്‍ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച നജീബ് കാന്തപുരത്തെയും മറ്റു പ്രവര്‍ത്തകരെയും പിന്നീട് പൊലിസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കരിഞ്ചോല ഇരകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ സ്ഥലം എം.എല്‍.എക്കും ബന്ധപ്പെട്ടവര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. എം.എല്‍.എ ചെയര്‍മാനും തഹസില്‍ദാര്‍ ജനറല്‍ കണ്‍വീനറുമായുള്ള ദുരിതാശ്വാസ കമ്മിറ്റി വീടിന്റെ വാടക നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ദുരന്തത്തില്‍ വീടുകള്‍ തകര്‍ന്ന 21 ഓളം കുടുംബങ്ങള്‍ 17 വാടക വീടുകളിലാണു കഴിഞ്ഞുവരുന്നത്. ഈ വീടുകളുടെ വാടക നല്‍കുന്ന കാര്യത്തിലാണ് തീരുമാനമായത്.

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.