2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

താപനില ഉയരുന്നു; ജില്ലയില്‍ രോഗബാധ ഭീഷണി

ഒലവക്കോട്: ജില്ലയില്‍ താപനില ഉയരുന്നത് രോഗങ്ങള്‍ തലവപ്പൊക്കാന്‍ കാരണമാകുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മാര്‍ച്ചിനു മുന്‍പേ തന്നെ താപനില ഉയര്‍ന്നുതുടങ്ങിയിരിക്കുകയാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ അനുഭവപ്പെടേണ്ട ചൂട് ഫെബ്രുവരി അവസാനത്തോടെ തന്നെ തുടങ്ങിയതാണ് വരും നാളുകളില്‍ഇനിയും താപനില ഉയരാന്‍ കാരണമാവുന്നത്. ചൂട് ക്രമാതീതമായി ഉയരുന്നതു മൂലം പനി, മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ്, ചെങ്കണ്ണ് എന്നിവ പടര്‍ന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചൂടുകാലങ്ങളില്‍ ചെന്നൈയില്‍ മാത്രം കണ്ടുവരുന്ന മദ്രാസ്-ഐ ആണ് കേരളത്തിലും ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ കണ്ടുവരുന്നത്. ചെങ്കണ്ണിനു പുറമെ ചൂട് കൂടുന്ന സാഹചര്യത്തില്‍ കണ്ടുവരുന്ന മറ്റൊരു മഹാമാരിയാണ് ചിക്കന്‍പോക്‌സ്.
കഴിഞ്ഞ ദിവസം പാലക്കാട് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് 40 ഡിഗ്രിയാണ്. എന്നാല്‍ വരും നാളുകളിലും താപനില ക്രമാതീതമായി ഉയരുമെന്ന കാലാവസ്ഥ വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും എത്രത്തോളമുയരുമെന്നത് ആശങ്കാജനകമാണ്. അനുദിനം താപനില ഉയരുന്നതു കാരണം ജലാശയങ്ങള്‍ വറ്റുകയും നാടും നഗരവുമെന്നുവേണ്ട മലയോര പ്രദേശങ്ങളൊക്കെയും കത്താന്‍ തുടങ്ങിയിരിക്കുകയാണ്. രാവിലെ 11 മുതലേ വെയില്‍ കനക്കുന്നതിനാല്‍ ചൂടിന്റെ കാഠിന്യം അനുഭവപ്പെടുന്ന സ്ഥിതിയാണ്. 11 ഉച്ചയ്ക്ക് മൂന്നുവരെയുള്ള സമയങ്ങളില്‍ വെയിലിനു കാഠിന്യമേറുന്നതിനാല്‍ അസഹ്യമായ ചൂട് കണ്ണിനു പുകച്ചിലും, തളര്‍ച്ചയും അനുഭവപ്പെടുന്ന സ്ഥിതിയാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മതിയായ തണുപ്പ് അനുഭവപ്പെട്ടതിനാല്‍ ചൂടിന്റെ കാഠിന്യം അല്‍പം കുറവായിരുന്നു. എന്നാല്‍ ഫെബ്രുവരി പകുതിയോടെ ചൂടിന്റെ കാഠിന്യം വര്‍ധിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് ചൂട് ക്രമാതീതമായി കൂടുന്നത്. എന്നാല്‍ പാലക്കാട് കഴിഞ്ഞ വര്‍ഷവും ചൂട് 40 ഡിഗ്രിയോട് അടുത്തെങ്കിലും അത് മെയ് മാസത്തോടെയായിരുന്നെങ്കില്‍ ഇത്തവണ മാര്‍ച്ചിനു മുന്‍പേ 40 ഡിഗ്രിയെത്തിയതാണ് മഹാമാരികള്‍ തലപ്പൊക്കാന്‍ കാരണമാവുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ ശരീരത്തിന് മതിയായ വിശ്രമവും നിര്‍ജലീകരണവും വേണമെന്നാണ് വിദഗ്ധരുടെ ഭാഷ്യം. പൊതുസ്ഥലങ്ങളിലെ ജോലി സമയം കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പലരും ഇതവഗണിക്കുകയാണ്. വെയിലിന്റെ കാഠിന്യ മേറുന്നതിനാല്‍ സൂര്യാതപം, സൂര്യഘാതം എന്നിവയേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്.മനുഷ്യനു പുറമെ ജീവജാലങ്ങളും തളര്‍ന്നു വീഴുന്ന സ്ഥിതിയാണ്. ജില്ലയില്‍ ഇതുവരെ 473 പേര്‍ക്ക് ചിക്കന്‍പോക്‌സ് പിടിച്ചതായി സ്ഥിതീകരിച്ചു. മഹാമാരികള്‍ക്കൊപ്പം ചൂട് വര്‍ധിച്ചിരുന്ന സാഹചര്യത്തില്‍ എച്ച്-1 എന്‍-1 പടരാനിടയുള്ള സാഹചര്യവും തള്ളിക്കളയാനാവില്ല.
വേനല്‍ മഴകൂടി ലഭിച്ചില്ലെങ്കില്‍ നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വരും നാളുകളില്‍ സംസ്ഥാനത്ത് മഹാമാരികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയുമേറെയാണ്. ആരോഗ്യ വകുപ്പുകളും ബന്ധപ്പെട്ട വകുപ്പുകളും മുന്‍കരുതലും ജാഗ്രതാ നിര്‍ദേശങ്ങളുമൊക്കെ നല്‍ക്കുന്നുണ്ടെങ്കിലും വരും നാളുകളില്‍ താപനില 42 കടന്നാല്‍ മഹാമാരികകളുല്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യാതയേറും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.