2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

താജ്മഹല്‍: കേന്ദ്രത്തിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം; സംരക്ഷിക്കാനാകില്ലെങ്കില്‍ പൊളിച്ചേക്കൂ

ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷിക്കുന്നതില്‍ കേന്ദ്ര- ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനയില്‍ രൂക്ഷമായി പ്രതികരിച്ച് സുപ്രിംകോടതി. ഒന്നുകില്‍ താജ്മഹല്‍ അടച്ചുപൂട്ടുക, അല്ലെങ്കില്‍ പൊളിച്ചുനീക്കുക, അതുമല്ലെങ്കില്‍ പുനര്‍നിര്‍മിക്കുകയോ ചെയ്യണമെന്ന് സുപ്രിംകോടതി കേന്ദ്രത്തോട് പറഞ്ഞു.
താജ്മഹലിനെ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ യാതൊരു നീക്കവും നടത്തുന്നില്ല. ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ് മഹല്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. അത് അടച്ചിടാന്‍ ഞങ്ങള്‍ ഉത്തരവിടും, അല്ലെങ്കില്‍ നിങ്ങള്‍ അതു തകര്‍ക്കുകയോ പുനരുദ്ധരിക്കുകയോ ചെയ്യണമെന്നും കോടതി വ്യക്തമാക്കി. താജ്മഹലിന്റെ അറ്റകുറ്റപ്പണി സമയബന്ധിതമായി നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജി പരിഗണിക്കുകയായിരുന്നു കോടതി.
നിങ്ങളുടെ ഉദാസീനത കാരണം രാജ്യത്തിന് എത്രയാണ് നഷ്ടമുണ്ടാവുന്നതെന്ന് അറിയുമോയെന്ന് ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ സുപ്രിംകോടതിയുടെ ഹരിത ബെഞ്ച് ചോദിച്ചു. താജ്മഹല്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ പ്രതികരണത്തില്‍ കോടതി അതൃപ്തിയും അറിയിച്ചു.
ഈഫല്‍ ടവറിനെ താരതമ്യംചെയ്താണ് സുപ്രിംകോടതി താജ്മഹലിന്റെ ഭംഗിയെ വര്‍ണിച്ചത്. ഈഫല്‍ ടവര്‍ വിനോദ സഞ്ചാരികളുടെ യൂറോപ്പിലെ ഇഷ്ടപ്പെട്ട സ്ഥലമാണ്. 80 ലക്ഷം സന്ദര്‍ശകരാണ് ഈഫല്‍ ടവര്‍ കാണാന്‍ പ്രതിവര്‍ഷം എത്തുന്നത്. താജ്മഹല്‍ അതിനേക്കാള്‍ എത്രയോ മനോഹരമാണ്. നല്ലരീതിയില്‍ പരിപാലിച്ചാല്‍ സഞ്ചാരികളുടെ എണ്ണവും വിദേശനാണ്യവും വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് കോടതി അഭിപ്രായപ്പെട്ടു. താജ്മഹല്‍ നിലകൊള്ളുന്ന ആഗ്ര, പ്രധാന വ്യാവസായിക മേഖല കൂടിയാണ്. കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന വ്യാവസായിക ഫാക്ടറികള്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ നഗരത്തിലെ വായുമലിനീകരണം കുത്തനെ വര്‍ധിപ്പിച്ചതായും കോടതി ചൂണ്ടിക്കാട്ടി.
താജ്മഹലിനെ സംരക്ഷിക്കാനുള്ള പദ്ധതിരേഖ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതുവരെ തയാറാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആലസ്യം തുടരുകയാണ്. സുപ്രിംകോടതി ഇടപെടലുണ്ടായിട്ടും താജ് മഹലിന് ചുറ്റുമുള്ള സംരക്ഷിത മേഖലയില്‍ പുതിയ വ്യവസായ ശാലകള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കുകയാണ് സര്‍ക്കാര്‍.
ചരിത്രസ്മാരകത്തിന്റെ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ട നടപടികളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങള്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. മേഖലയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് ഐ.ഐ.ടി കാണ്‍പൂര്‍ പഠനം നടത്തുകയാണെന്നും നാലുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ആഗ്രയില്‍ വ്യാവസായിക യൂനിറ്റ് ആരംഭിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് ലംഘിച്ച സംഭവത്തില്‍ താജ് ട്രപീസിയം സോണിയക്ക് (ടി.ടി.ഇസഡ്) കോടതി നോട്ടിസ് അയച്ചു. താജ്മഹലിന്റെ പവിത്രത നഷ്ടമാക്കുന്ന മലിനീകരണ സ്രോതസ് കണ്ടെത്താന്‍ പ്രത്യേക സമിതിക്ക് രൂപംനല്‍കാന്‍ കോടതി ഉത്തരവിട്ടു.
മലിനീകരണത്തിന്റെ ഉത്ഭവം കണ്ടെത്തി തടയാനുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാനും സമിതിക്ക് കോടതി നിര്‍ദേശം നല്‍കി. താജ്മഹലിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈമാസം 31 മുതല്‍ എല്ലാ ദിവസവും വാദം കേള്‍ക്കാനും ഹരിത ബെഞ്ച് തീരുമാനിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.