2019 April 18 Thursday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

തഴപ്പായ നിര്‍മാണത്തിന് തിരിച്ചടിയായി തഴയോലകളുടെ നാശം

വൈക്കം: പ്രളയക്കെടുതിയില്‍ പരമ്പരാഗത മേഖലയിലെ പ്രധാനിയായ തഴപ്പായയുടെ ഉറവിടമായ തഴയോലകളും നശിച്ചു. തഴയോലകളുടെ നാശം നിലയില്ലാ കയത്തിലായ തഴപ്പായ മേഖലയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടുകയാണ്.
ടി.വി പുരം, തലയാഴം, വെച്ചൂര്‍, ഉദയനാപുരം പഞ്ചായത്തുകളിലെ നാട്ടുതോടുകള്‍ക്ക് സമീപം നില്‍ക്കുന്ന തഴയോലച്ചുവടുകളെല്ലാം പ്രളയത്തില്‍ ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതിനെ തുടര്‍ന്ന് നശിച്ചുപോയിരിക്കുകയാണ്. ഇത് നൂറുകണക്കിന് വരുന്ന തൊഴിലാളി കുടുംബങ്ങളെയാണ് വിഷമത്തിലാക്കിയിരിക്കുന്നത്. ആയുര്‍വേദവും അലോപ്പതിയും ഹോമിയോയും ഒരുപോലെ കിടന്നുറങ്ങുവാന്‍ ആരോഗ്യത്തിന് അനിവാര്യമാണെന്ന് അടിവരയിടുന്ന തഴപ്പായയുടെ പ്രധാന ഉറവിടമായ തഴയോലകള്‍ കാലങ്ങളായി കിട്ടാക്കനിയിലാണ്. ഇതിന്റെ പ്രതിസന്ധി ഇരട്ടിപ്പിക്കുന്ന അവസ്ഥയാണ് വെള്ളപ്പൊക്കം ഉണ്ടാക്കിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുരയിടങ്ങളുടെ അതിര്‍വരമ്പുകളിലും പാടശേഖരങ്ങളുടെ ബണ്ടുകളിലും തോടുകളുടെ ഓരങ്ങളിലുമെല്ലാം കൈതകള്‍ സുലഭമായിരുന്നു. കൈതകളില്‍നിന്ന് വെട്ടിയെടുക്കുന്ന തഴയോലകള്‍ കീറിമിനുക്കി ഇത് വട്ടത്തില്‍ മെനഞ്ഞെടുത്ത് വെയിലില്‍ ഉണക്കിയതിനുശേഷമാണ് തഴപ്പായയുടെ പ്രാഥമികഘട്ടം ആരംഭിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുവരെ വൈക്കത്തെ എല്ലാ വീടുകളും തഴയോലകളും തഴപ്പായ നിര്‍മാണവും കൊണ്ട് സമ്പന്നമായിരുന്നു. ഇത് ഒരുക്കുന്നതിന് പ്രത്യേക രീതിയിലുള്ള തഴക്കത്തികളുമുണ്ടായിരുന്നു. തഴപ്പായകള്‍ക്ക് ഇന്നും ആവശ്യക്കാര്‍ ഏറെയാണ്. തഴയോലകള്‍ ഒരുക്കി ഉപജീവനം നടത്തുന്ന നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ഈ മേഖലയിലുണ്ട്. ഇവരെയെല്ലാം കുഴപ്പത്തിലാക്കുന്ന കൈതകളുടെ ദൗര്‍ലഭ്യത്തിനു പുറമെയാണ് വെള്ളപ്പൊക്കകെടുതി നാശം വിതച്ചിരിക്കുന്നത്.
ഇപ്പോള്‍ പുരയിടങ്ങളിലും പാടത്തിന്റെ വരമ്പുകളിലുമെല്ലാം കൈതകള്‍ക്കുപകരം വേലിപ്പത്തലുകളും മറ്റു ചെടികളുമെല്ലാമാണ് പലരും വെച്ചുപിടിപ്പിക്കുന്നത്. കൈത ഓലകള്‍ നിറഞ്ഞുനില്‍ക്കുന്ന പുരയിട ഉടമകള്‍ക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ട്. തഴയോലകള്‍ പായ നിര്‍മാണത്തിനുപുറമെ പടക്കനിര്‍മാണത്തിനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ തഴയോലകള്‍ കൊണ്ട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കത്തക്ക വിധത്തില്‍ പലതരം വസ്തുക്കളും ഒരുക്കുന്നവരുമുണ്ട്. ഇതിലെല്ലാം ടൂറിസ്റ്റുകള്‍ക്കുപുറമെ നാട്ടിന്‍പുറത്തുള്ളവരും ആകൃഷ്ടരാണ്. പുതിയ തലമുറയില്‍പ്പെട്ട വനിതകളാരും തഴപ്പായ നിര്‍മാണത്തില്‍ അത്ര തല്‍പരരല്ല.
അന്‍പതിനും എണ്‍പതിനും ഇടയിലുള്ള വീട്ടമ്മമാരാണ് ഇപ്പോഴും ഈ മേഖലയെ സജീവമാക്കി കൊണ്ടുപോകുന്നത്. ഇവര്‍ ഉല്‍പാദിപ്പിക്കുന്ന തഴപ്പായകള്‍ വീടുകളില്‍ വന്ന് എടുത്തുകൊണ്ടുപോയി വില്‍പന നടത്തി ഉപജീവനം നടത്തുന്നവരുമുണ്ട്. അധികാരികളുടെ ദീര്‍ഘവീക്ഷണമില്ലായ്മക്ക് ഒപ്പം പ്രകൃതിയുടെ ദുരിതങ്ങളും എത്തുമ്പോള്‍ വരുംതലമുറക്ക് ഈ സമ്പത്തുകള്‍ ഒരു കാണാക്കാഴ്ചയായി മാറിയേക്കാം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.