2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തളരാത്ത പോരാട്ട വീര്യവുമായി 42ാം വയസിലും ഫോര്‍മിഗ

 

പാരിസ്: തളരാത്ത പോരാട്ടവീര്യവുമായി 42ാമത്തെ വയസിലും ബ്രസീലിയല്‍ വനിത ഫുട്‌ബോള്‍ ഇതിഹാസം ഫോര്‍മിഗ. 42 ലെത്തിയ താരത്തിന് കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് ക്ലബ് ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി നല്‍കിയത്. 2017 മുതല്‍ പി.എസ്.ജിയില്‍ കളിക്കുന്ന ഫോര്‍മിഗയുടെ മികച്ച പ്രകടനമാണ് ഈ പ്രായത്തിലും കരാര്‍ നീട്ടി നല്‍കാന്‍ ക്ലബ് അധികൃതരെ പ്രേരിപ്പിച്ചത്.
1993ല്‍ ബ്രസീലിയന്‍ ക്ലബ് ആയ സാവോ പോളോയില്‍ നിന്നായിരുന്നു ഫോര്‍മിഗ തന്റെ ക്ലബ് കരിയര്‍ തുടങ്ങിയത്. അതിന് ശേഷം 12 ക്ലബുകളില്‍ ഫോര്‍മിഗ പന്തു തട്ടിയിട്ടുണ്ട്. പി.എസ്.ജിക്ക് വേണ്ടി 39 മത്സരങ്ങളാണ് ഫോര്‍മിഗ കളിച്ചിട്ടുള്ളത്.
ബ്രസീലിയന്‍ ദേശീയ ടീമിലെയും കരുത്തുറ്റ അംഗമാണ് ഫോര്‍മിഗ. 1995 മുതല്‍ ദേശീയ ടീമിലുള്ള ഫോര്‍മിഗ ഒളിംപിക്‌സോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനായിരുന്നു പദ്ധതി. എന്നാല്‍ കൊവിഡ് കാരണം ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്ക് നീട്ടിയത് താരത്തിന് തിരിച്ചടിയാവുകയായിരുന്നു. ഒളിംപിക്‌സോടെ വിരമിക്കാനുള്ള നീക്കങ്ങള്‍ താന്‍ ഇപ്പോള്‍ നടത്തുന്നുണ്ടെന്ന് ഫോര്‍മിഗ പറഞ്ഞു.
ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച വനിതാ താരമെന്ന റെക്കോര്‍ഡും ഫോര്‍മിഗയുടെ പേരിലാണ്. 198 മത്സരങ്ങള്‍ ബ്രസീലിന് വേണ്ടി കളിച്ചിട്ടുണ്ട്. ബ്രസീലിന്റെ മധ്യനിരയില്‍ കളി മെനയുന്ന താരം കൂടിയാണ് ഇവര്‍. രാജ്യത്തിന് വേണ്ടി ഏഴ് ലോകകപ്പ് , ആറ് ഒളിംപിക്‌സ് എന്നിവയിലും ഫോര്‍മിഗ കളിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ വനിതാ ഫുട്‌ബോള്‍ ലീഗില്‍ ഇപ്പോള്‍ ലിയോണിന് താഴെയാണ് പി.എസ്.ജിയുടെ സ്ഥാനം. കൊവിഡ് കാരണം ഫ്രാന്‍സില്‍ വനിതാ ഫുട്‌ബോള്‍ ലീഗും നിര്‍ത്തി വച്ചിരിക്കുകയാണിപ്പോള്‍. ഫോര്‍മിഗക്കൊപ്പം ഫ്രഞ്ച് താരങ്ങളായ കദിദിയാതു ദിയാനി, നാദിയ നദീം എന്നിവര്‍ക്കും പി.എസ്.ജി കരാര്‍ നീട്ടി നല്‍കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.