2019 June 25 Tuesday
അന്യന്റെ ഭാരം ലഘൂകരിക്കുന്ന ആരും ലോകത്തിന് ഉപയോഗശൂന്യമല്ല. -ചാള്‍സ് ഡിക്കന്‍സ്‌

തലസ്ഥാന ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം

തിരുവനന്തപുരം: രാജ്യത്ത് അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് യു.ഡി.എഫും എല്‍.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും ഓടിയില്ല. വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. 

സെക്രട്ടറിയേറ്റിലും മറ്റ് ഓഫിസുകളിലും ഹാജര്‍ വളരെ കുറവായിരുന്നു. തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ ഭാഗികമായി ഓടി. നഗരത്തില്‍ പൊതുവേ തിരക്ക് കുറവായിരുന്നു. പലയിടത്തും സ്വകാര്യവാഹനങ്ങള്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത് ഒഴിച്ചാല്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തിരുവനന്തപുരം നഗരത്തില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. ചാല മാര്‍ക്കറ്റിലേക്കുള്ള ചരക്കുലോറികള്‍ എത്തിയില്ല. നഗരത്തില്‍ ബാങ്കുകളടക്കം തുറന്ന സ്ഥാപനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നിര്‍ബന്ധമായി അടപ്പിച്ചു. ചെറിയ തട്ടുകടകള്‍ പോലും തുറക്കാത്തത് നഗരത്തിലെത്തിയ യാത്രക്കാരെ വലച്ചു.
തമ്പാനൂരില്‍ ട്രെയിന്‍ ഇറങ്ങിയ യാത്രക്കാര്‍ക്ക് പൊലിസ് വാഹനത്തില്‍ യാത്രാസൗകര്യം ഒരുക്കി. ആര്‍.സി.സിയിലേക്കും മെഡിക്കല്‍ കോളജിലേക്കുമെത്തിയ രോഗികള്‍ക്കും പ്രത്യേക വാഹന സൗകര്യമൊരുക്കി. കോവളം ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു.
ടെക്‌നോപാര്‍ക്കിലെ പ്രധാന ഗേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ ഉപരോധിച്ചു. യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏജീസ് ഓഫിസിലേക്കും ഇടതുമുന്നണി ജി.പി ഓഫിസിലേക്കും മാര്‍ച്ച് നടത്തി.
ബാലരാമപുരത്ത് ബസിനു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത് ചെറിയ സംഘര്‍ഷത്തിനിടയാക്കി. തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവില്‍, കന്യാകുമാരി അന്തര്‍സംസ്ഥാന സര്‍വിസുകള്‍ ഒഴിവാക്കി.
വിഴിഞ്ഞത്ത് രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. കോവളംകഴക്കൂട്ടം ബൈപ്പാസില്‍ പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞെങ്കിലും സംഘര്‍ഷങ്ങള്‍ ഒഴിവായി. കാരയ്ക്കാമണ്ഡപത്ത് രാവിലെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തടഞ്ഞു.
നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, വര്‍ക്കല, കിളിമാനൂര്‍ തുടങ്ങി ജില്ലയിലെ പ്രധാന പട്ടണങ്ങളിലെല്ലാം ആള്‍ത്തിരക്ക് കുറഞ്ഞ് പൊതുവെ വിജനമായിരുന്നു. അപൂര്‍വ്വമായി സ്വകാര്യ വാഹനങ്ങള്‍ ഓടി. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പട്ടണങ്ങളിലെ പ്രധാന റോഡുകളില്‍ വാഹനങ്ങള്‍ തടഞ്ഞു. വൈകിട്ടോടെ മിക്ക ടൗണുകളിലും കടകള്‍ തുറന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.