2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

തലസ്ഥാനത്തെ ഗുണ്ടാ-മയക്കുമരുന്ന് മാഫിയയെ പൂട്ടാന്‍ ‘ഓപറേഷന്‍ ബോള്‍ട്ടു’മായി പൊലിസ്

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വര്‍ധിച്ചുവരുന്ന ഗുണ്ടാ, മയക്കുമരുന്ന് മാഫിയയെ പൂട്ടാന്‍ ‘ഓപറേഷന്‍ ബോള്‍ട്ട്’ പദ്ധതിയുമായി തിരുവനന്തപുരം സിറ്റി പൊലിസ്. ഗുണ്ടാ, മയക്കുമരുന്ന് മാഫിയയുടെ സ്വാധീനം ശക്തമായ സാഹചര്യത്തില്‍ അടിയന്തിരമായി നടപടി സ്വീകരിക്കാന്‍ ദക്ഷിണ മേഖലാ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരം സിറ്റി പൊലിസ് കമ്മിഷനര്‍ കെ. സഞ്ചയ്കുമാര്‍ ഗുരുദ്ദിനാണ് പദ്ധതി ആവിഷ്‌കരിച്ചത്.
ഇതിന്റെ തുടര്‍ച്ചയായി നഗരത്തില്‍ പരിശോധന നടത്തുകയും കൂടുതല്‍ പ്രശ്‌നക്കാരെ കസ്റ്റഡിയിലെടുക്കാനുള്ള നടപടിയും സ്വീകരിക്കും. ഇത്തരക്കാരുടെ പ്രവര്‍ത്തനം നിരന്തരം നിരീക്ഷിക്കാനും സിറ്റി പൊലിസ് തീരുമാനിച്ചു. സ്ഥിരം കുറ്റവാളികളുടെ പഴയ കേസുകളുടെ വിശദാംശങ്ങളും പരിശോധിച്ച് ഇവര്‍ക്കെതിരേ കാപ്പ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തും. സ്ഥിരം പ്രശ്‌നബാധിത പ്രദേശങ്ങളും ചേരി പ്രദേശങ്ങളിലും പൊലിസ് നിരീക്ഷണം കര്‍ശനമാക്കുവാനും രാത്രികാലങ്ങളില്‍ പൊലിസ് പട്രോളിങ് ശക്തമാക്കുവാനും തീരുമാനിച്ചു.
ജില്ലയിലേക്ക് ഏതൊക്കെ വഴിയാണ് മയക്കുമരുന്ന് വരുന്നതെന്ന് കണ്ടുപിടിക്കാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കും. അന്തര്‍ സംസ്ഥാന ബസുകള്‍, ട്രെയിനുകള്‍ എന്നിവയേയും പ്രത്യേകം നിരീക്ഷിക്കും. ജില്ലയിലെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്യുന്ന മയക്കുമരുന്ന് കേസുകളെക്കുറിച്ച് സിറ്റി പൊലിസ് കമ്മിഷനര്‍ തന്നെ പ്രത്യേകം നിരീക്ഷിക്കും.
നിലവില്‍ സിറ്റി പൊലിസിന് കീഴില്‍ 150 ഓളം മയക്കുമരുന്ന് വില്‍പനക്കാര്‍ ഉണ്ടെന്നാണ് പൊലിസിന് ലഭിച്ച സൂചന. ഇവരില്‍ നിന്നുള്ള വ്യാപാരം തടയാനും ഇവരെ കസ്റ്റഡിയില്‍ എടുക്കുന്നതിനുമായി പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്താനും തീരുമാനിച്ചു.
ആവശ്യമെങ്കില്‍ ഇവരെ കരുതല്‍ തടങ്കലില്‍ വയ്ക്കും. നഗരത്തില്‍ മയക്കുമരുന്ന്, കഞ്ചാവ് വ്യാപാരം നടത്തുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയില്‍പെട്ടാല്‍ സിറ്റിസണ്‍ പൊലിസ് വിജില്‍ എന്ന എമര്‍ജന്‍സി നമ്പരായ 9497975000 പൊതുജനള്‍ക്കും അറിയിക്കാമെന്നും ഇത് കമ്മിഷനര്‍ തന്നെ നേരിട്ട് മോണിറ്റര്‍ ചെയ്യുമെന്നും സിറ്റി പൊലിസ് കമ്മിഷനര്‍ അറിയിച്ചു.
സിറ്റിയില്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായി ജില്ലയിലെ റൂറല്‍ പൊലിസ് സ്‌റ്റേഷന്റെ പരിധിയിലും ഓപറേഷന്‍ ബോള്‍ട്ടിന്റെ ഭാഗമായുള്ള പരിശോധനകള്‍ ശക്തമാക്കുമെന്ന് സൗത്ത് സോണ്‍ എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.