2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

തലശ്ശേരി നഗരസഭ കെട്ടിട നികുതിയും സര്‍ചാര്‍ജും കുത്തനെ കൂട്ടി

ബാറ്ററി വില്‍പനക്കാരന്‍ അടക്കേണ്ട സര്‍ചാര്‍ജ് 2,52,406 രൂപ
തലശ്ശേരി: കേരള മുനിസിപ്പാലിറ്റി വസ്തുനികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജും കുത്തനെ വര്‍ധിപ്പിച്ചതിലൂടെ ലക്ഷങ്ങള്‍ സര്‍ചാര്‍ജ് തുകയായി അടയ്ക്കാന്‍ നികുതി ദാതാക്കള്‍ നിര്‍ബന്ധിതരായി. തലശ്ശേരി നഗരസഭയിലെ പതിനേഴാം വാര്‍ഡ് മഞ്ഞോടിയില്‍ ടി.കെ ബാറ്ററിയെന്ന ചെറിയ കട നടത്തുന്ന കുയ്യാലി റെയില്‍വേ ഗേറ്റിനു സമീപത്തുള്ള സന്ദീപിനാണു 2,52,406 രൂപ അടക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ഡിമാന്റ് നോട്ടിസ് നല്‍കിയത്. 2013 മുതല്‍ 2016-17 വരെയുള്ള കാലയളവിലെ മുഴുവന്‍ തുകയും കൃത്യമായി അടച്ചു തീര്‍ത്തതായി സന്ദീപ് പറയുന്നു.
എന്നാല്‍ നികുതി വര്‍ധനവ് സര്‍ക്കാര്‍ നടപ്പാക്കിയതോടെയാണു 2013 മുതല്‍ 17 വരെയുള്ള കാലയളവിലായി 31,868 രൂപ അഡിഷണലായി അടക്കാനും ഇതുവരെയുള്ള നികുതിയിനത്തിന്റെ ആകെ വര്‍ധനവു തുകയായി 2,52,400 രൂപ ഉടന്‍തന്നെ അടക്കണമെന്നും നഗരസഭ സന്ദീപിനു നല്‍കിയ ഡിമാന്റ് നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുളളത്.
നികുതി അടയ്ക്കുന്ന ഘട്ടത്തില്‍ ഒരിക്കല്‍പോലും വര്‍ധിപ്പിച്ച തുകയെക്കുറിച്ച് ഒരു സൂചനയും നഗരസഭാ അധികൃതര്‍ നികുതിദാതാക്കള്‍ക്കു നല്‍കിയിരുന്നില്ലത്രെ. നഗരത്തിലെ മിക്ക വീടുകളിലും ഭീമമായ തോതില്‍ പുതിയ സര്‍ചാര്‍ജ് കൂടെ ചേര്‍ത്തുള്ള നികുതി വര്‍ധനവു നടപ്പിലായിട്ടുണ്ട്.
സാമാന്യം വലിപ്പമുള്ള വലിയ വീടുകള്‍ നിര്‍മിച്ചവര്‍ക്കു മൂന്നു മുതല്‍ ആറു ലക്ഷം രൂപവരെയാണു സര്‍ചാര്‍ജ് ഇനത്തില്‍ ഡിമാന്റ് നോട്ടിസായി നഗരസഭ നല്‍കിയിട്ടുള്ളത്. വലിയ തുകകള്‍ ഡിമാന്റു നോട്ടിസായി ലഭിച്ചവര്‍ക്കും തുക നഗരസഭയില്‍ അടച്ചു രശീത് കൈപ്പറ്റാന്‍ സാധ്യമാവാത്ത നിലയാണുള്ളത്. വര്‍ധിപ്പിച്ച തുക നഗരസഭയില്‍ അടച്ചു രശീതു വാങ്ങിയാല്‍ മാത്രമേ ഇവര്‍ക്ക് ഏതെങ്കിലും ആവശ്യത്തിനു വായ്പ എടുക്കണമെങ്കില്‍ അപേക്ഷാഫോറം പോലും ലഭ്യമാവുള്ളൂ എന്നതാണ് പുതിയ സ്ഥിതി. അതിനാല്‍ വന്‍തുക സര്‍ചാര്‍ജായി ലഭിച്ചവര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. നികുതി വര്‍ധനവ് ഉണ്ടാവുന്നതിന്റെ സൂചന നികുതി പിരിക്കുന്ന നഗരസഭയ്ക്കു നേരത്തെ ലഭിച്ചിട്ടും യാതൊരു അറിയിപ്പും നികുതി ദാതാക്കള്‍ക്കു നഗരസഭാ അധികൃതര്‍ നല്‍കിയിരുന്നില്ലെന്നും പരാതിയുണ്ട്. അതോടൊപ്പം തന്നെ 2011ലെ കേരള മുനിസിപ്പാലിറ്റിയുടെ വസ്തുനികുതി സേവന ഉപനികുതി, സര്‍ചാര്‍ജ്ജും ചട്ടങ്ങളിലെ ചട്ടം 14(1) പ്രകാരം വസ്തുനികുതി ഈടാക്കുന്നത് ആവശ്യപ്പെട്ടുള്ള നോട്ടിസ് നല്‍കുമ്പോഴാണ് നികുതിയിനത്തില്‍ സര്‍ചാര്‍ജ് കൂടി ഉള്‍പ്പെടുത്തി വന്‍തുക നികുതി ദാതാക്കള്‍ കൊടുക്കാന്‍ നിര്‍ബന്ധിതരായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News