2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

തര്‍ക്കം രൂക്ഷം: ലഫ്.ഗവര്‍ണറുടെ വീട്ടുപടിക്കല്‍ കെജ്‌രിവാളും മന്ത്രിമാരും സമരത്തില്‍

ന്യൂഡല്‍ഹി: നാലുമാസമായി സമരം നടത്തിവരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നടപടിയെച്ചൊല്ലി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ.എ.പി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള അധികാരത്തര്‍ക്കം വീണ്ടും രൂക്ഷമാവുന്നു.
ഗവര്‍ണര്‍ക്കെതിരേ ചൊവ്വാഴ്ച വൈകീട്ട് തുടങ്ങിയ പ്രതിഷേധം ഇന്നലെ രാത്രിയും തുടരുകയാണ്. നാലു മാസമായി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കാന്‍ നടപടിയെടുക്കുക, അനാവശ്യ സമരം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ് എന്നിവരുടെ സംഘം ചൊവ്വാഴ്ച ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജലിനെ സന്ദര്‍ശിച്ചിരുന്നു.
എന്നാല്‍ ആവശ്യങ്ങള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് കെജ്‌രിവാളും സഹപ്രവര്‍ത്തകരും ഗവര്‍ണറുടെ ഓഫിസില്‍ തന്നെ രാത്രി മുഴുവനും കഴിച്ചുകൂട്ടി.
ഇന്നലെ രാവിലെ കെജ്‌രിവാള്‍ വീഡിയോ സന്ദേശത്തിലൂടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഉദ്യോഗസ്ഥരുടെ സമരം കാരണം സ്തംഭിച്ചിരിക്കുകയാണെന്നും അദ്ദേഹംപറഞ്ഞു.
ഒപ്പം ഗവര്‍ണറോട് അഭിസംബോധനചെയ്ത് മനീഷ് സിസോദിയയും കുറിപ്പുമിട്ടു. ‘ഗുഡ്‌മോണിങ് സര്‍. ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ഞങ്ങള്‍ ഇവിടെയുണ്ട്. മുഖ്യമന്ത്രിയും മൂന്നു മന്ത്രിമാരും നിങ്ങളുടെ ഓഫിസിലാണു ഉറങ്ങിയത്.
തിരക്കേറിയ പരിപാടികള്‍ക്കിടയില്‍ ഇനിയെങ്കിലും ചര്‍ച്ചയ്ക്ക് സമയം തരുമോ? എന്നായിരുന്നു സിസോദിയയുടെ കുറിപ്പ്. എങ്കിലും ലഫ്. ഗവര്‍ണര്‍ മുഖ്യമന്ത്രിയടക്കമുള്ളവരെ തിരിഞ്ഞുനോക്കിയില്ല. കെജ്‌രിവാള്‍ അടക്കമുള്ളവര്‍ ഗവര്‍ണറുടെ വസതിയിലെ കാത്തിരിപ്പുമുറിയില്‍ സോഫയില്‍ കിടക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുമുണ്ട്.
അതേസമയം, ഇന്നലെ രാവിലെ11 മണിയോടെ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചു. പ്രശ്‌നപരിഹാര ചര്‍ച്ചക്കിടയില്‍ കെജ്‌രിവാളും എ.എ.പി എം.എല്‍.എമാരും ഭീഷണിപ്പെടുത്തിയതായി ലഫ്.ഗവര്‍ണറുടെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു.
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സമരം നിര്‍ത്തിയില്ലെങ്കില്‍ അവര്‍ക്കെതിരേ എസ്മ ചുമത്താന്‍ നിര്‍ബന്ധിതരാവുമെന്ന് അറിയിച്ച് ഇന്നലെ ലഫ് ഗവര്‍ണര്‍ക്ക് കെജ്‌രിവാള്‍ കത്തയച്ചു. ജോലി ചെയ്യാതെ സമരം ചെയ്യുന്ന ഉദ്യോഗസ്ഥരെ നിങ്ങള്‍ക്കു എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമോ എന്നും എന്ത് ജോലിയാണ് അവര്‍ ചെയ്യുന്നതെന്നും ഇന്നലെ മറ്റൊരു കുറിപ്പില്‍ കെജ്‌രിവാള്‍ ചോദിച്ചു. ലഫ് ഗവര്‍ണറുടെ വസതിക്കു ചുറ്റം എ.എ.പി പ്രവത്തകരും തടിച്ചുകൂടിയിട്ടുണ്ട്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ വസതിക്കു ചുറ്റം സുരക്ഷ ശക്തമാക്കി. വസതിയിലേക്കുള്ള റോഡുകള്‍ ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞിട്ടുണ്ട്.
ഫെബ്രുവരിയില്‍ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ എ.എ.പി എം.എല്‍.എമാര്‍ മര്‍ദിച്ചെന്നാരോപിച്ചാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സമരം തുടങ്ങിയത്. സമരത്തെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണെന്നാണ് എ.എ.പിയുടെ ആരോപണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.