2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

തരിശുപാടത്ത് കൃഷിയിറക്കാന്‍ സഹായവുമായി എന്‍.എസ്.എസ് യൂനിറ്റ്

തളിപ്പറമ്പ്: പതിനഞ്ച് വര്‍ഷത്തിലേറെയായി തരിശിട്ട വയലുകളും കൈപ്പാടകളും കൃഷിയോഗ്യമാക്കാനുള്ള പട്ടുവം കൂത്താട്ടുകാരുടെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി തളിപ്പറമ്പ് സീതിസാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ്. കൂത്താട്ടെ പാടശേഖരസമിതിയും കൂത്താട്ട് അഗ്രികള്‍ച്ചര്‍ വെല്‍ഫെയര്‍ സൊസൈറ്റിയും പ്രപഞ്ച സംസ്‌കൃതിയും കുടുംബശ്രീ സ്വാശ്രയസംഘം പ്രവര്‍ത്തകരും ചേര്‍ന്ന് തരിശായി കാട് മൂടിക്കിടക്കുന്ന വയലുകളും കൈപ്പാടുകളും കൃഷിയോഗ്യമാക്കുന്നതിന് കഴിഞ്ഞ രണ്ടുവര്‍ഷമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. കഴിഞ്ഞവര്‍ഷം കൂത്താട്ട് പത്താം വാര്‍ഡില്‍ പതിനഞ്ചേക്കറോളം വര്‍ഷങ്ങളായി തരിശിട്ട കൈപ്പാട് വയല്‍ കൃഷിയോഗ്യമാക്കിയിരുന്നു. ഇത്തരം കൂട്ടായ്മകളുടെ ഇടപെടലിലൂടെ കാര്‍ഷിക മേഖലയിലുണ്ടായ മാറ്റം ഉള്‍ക്കൊണ്ട് പിന്തുണയുമായാണ് നൂറോളം വിദ്യാര്‍ഥികള്‍ കാടുവെട്ടിത്തെളിക്കാന്‍ സഹായവുമായി എത്തിയത്. തൊഴിലുറപ്പു തൊഴിലാളികളോടൊപ്പം പത്തേക്കറോളം വയല്‍ പൂര്‍ണമായും കൃഷിയോഗ്യമാക്കി വിത്തിറക്കി കൊയ്യുന്നതു വരെയുളള ഘട്ടങ്ങളില്‍ പങ്കാളിത്തം ഉണ്ടാകും. പ്രവൃത്തി പട്ടുവം പഞ്ചായത്ത് മെമ്പര്‍ രാജീവന്‍ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ എന്‍.എസ്.എസ് കോഓര്‍ഡിനേറ്റര്‍ മൊയ്തു പാറമ്മല്‍, എം.പി റഷീദ്, വളണ്ടിയര്‍മാരായ പി. ശ്യാംജിത്ത്, അഞ്ജന, റാസിഖ്, പൊതുപ്രവര്‍ത്തകരായ സനീഷ് കുമാര്‍, പി. ആലി, പി. പ്രദീപന്‍ നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.