2018 December 14 Friday
ശരീരത്തിനെ ആരോഗ്യപൂര്‍ണമായി സൂക്ഷിക്കുക എന്നത് കടമയാണ്. അല്ലെങ്കില്‍ മനസിനെ ശക്തമായും ശുദ്ധമായും സൂക്ഷിക്കാനാകില്ല

തരിശായി നെല്‍വയലുകള്‍; ‘വയല്‍നാട് ‘ ഓര്‍മകളിലേക്ക്..!

റഷീദ് നെല്ലുള്ളതില്‍

പനമരം: മറയുകയാണ് വയനാടന്‍ സംസ്‌കൃതിയുടെ സുന്ദരക്കാഴ്ചകള്‍.
മഴക്ക് മുന്നെ പുഞ്ചക്കൃഷിക്കായി ഒരുങ്ങുന്ന നെല്‍പാടങ്ങള്‍ പോയ കാലത്ത് വയനാടിന്റെ സമ്പല്‍സമൃദ്ധിയുടെ അടയാളമായിരുന്നു. ചന്നംപിന്നം പെയ്യുന്ന മഴയില്‍ വയലുകള്‍ കാളപ്പൂട്ടിന്റെയും കമ്പളനാട്ടിയുടെയും ഈരടികള്‍ മൂളിക്കൊണ്ടിരുന്ന കാലം. തൊപ്പി കുടയണിഞ്ഞ് മഴക്കൊപ്പം താളം പിടിച്ച് ഞാറ് പറിച്ചുനടന്ന വളയിട്ട കൈകളും അവരുടെ ഈണത്തിലുള്ള പാട്ടുകളും ഇന്ന് എവിടെയും കാണാനില്ല. ജില്ലയിലെ പ്രധാന പടശേഖരങ്ങള്‍ എല്ലാം തന്നെ ഇന്ന് മറ്റുള്ള കൃഷിക്ക് വഴിമാറി. ചിലയിടത്ത് കൂറ്റന്‍ കെട്ടിടങ്ങളാണ് വയലുകളില്‍ ഉയരുന്നത്. ചേറിന്റെ മണവും ഞണ്ടുകളുടെ മരണപ്പാച്ചിലും കൊറ്റികളുടെ കൗശല കണ്ണുകളും നിറഞ്ഞ് നിന്ന പാടങ്ങള്‍ ഇന്ന് ചിലയിടങ്ങളില്‍ മാത്രമായി ഒതുങ്ങി. പല കാരണങ്ങളാണ് വയലുകളുടെ മരണത്തിലേക്ക് നയിച്ചത്. അതില്‍ പ്രധാനപ്പെട്ടത് രാസവള-കീടനാശികളുടെ അമിതമായ പ്രയോഗം വയലുകളുടെ ജൈവാവസ്ഥയെ കൊന്നതാണ്. തൊഴിലാളികളുടെ കൂലി വര്‍ധന, രാസവളത്തിന്റെ വില വര്‍ധന, പ്രതികൂല കാലാവസ്ഥ തുടങ്ങിയവയെല്ലാം കര്‍ഷകരുടെ മനം മടുപ്പിച്ചു. പരമ്പരാഗത വിത്തുകള്‍ക്ക് പുറമേ കൃഷിഭവനുകള്‍ വഴി സര്‍ക്കാര്‍ വിതരണം ചെയ്ത അത്യുല്‍പാദന ശേഷിയുള്ള വിത്തുകള്‍ പലതും പതിരായി കിടക്കുന്നതും ഇവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. 60 കിലോക്ക് ആയിരം രൂപയിലധികം കൊടുത്ത് വാങ്ങിയ വിത്തുകളാണ് ഇങ്ങിനെ പതിരായിപ്പോയത്. പലതും അന്ധക വിത്തുകളുമാണ്.
ഒരു തവണ കൃഷി ചെയ്താല്‍ പിന്നിട് വിത്തിനായി കുത്തക കമ്പനികളുടെ മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥയിലുമായി കര്‍ഷകര്‍. ഇതൊക്കെ ഇവരെ കൃഷിയില്‍ നിന്ന് പിന്നോട്ടടുപ്പിച്ചു. നെല്‍ കൃഷി കുറഞ്ഞതോടെ പട്ടികജാതി-വര്‍ഗ പിന്നാക്ക വിഭാഗങ്ങളും വറുതിയിലായി. മഴക്കാലത്ത് പ്രധാനമായും ആദിവാസി കുടിലുകളില്‍ അടുപ്പ് പുകയാന്‍ സഹായിച്ചിരുന്നത് വയലിലെ ജോലികളായിരുന്നു. പ്രധാന നെല്‍വയലുകളായ പനമരം, മാത്തൂര്‍വയല്‍, കാവടം, ചീക്കല്ലൂര്‍, ആര്യന്നൂര്‍, മാതോത്ത്‌പൊയില്‍ എന്നിവിടങ്ങളിലെ വയലുകളില്‍ പകുതിയും തരിശായി കിടക്കുകയാണ്.
അധികൃതര്‍ വാഗ്ദാനങ്ങള്‍ വാരിക്കോരി ചൊരിയുകയല്ലാതെ അത് കര്‍ഷകനിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് പൊതുവെ കര്‍ഷകര്‍ക്കുള്ള പരാതി. നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ യന്ത്രങ്ങളടക്കം വിതരണം ചെയ്തിട്ടും മുന്‍പുണ്ടായിരുന്നതിന്റെ നാലിലൊന്നു പോലും നെല്‍കൃഷി ജില്ലയിലില്ലെന്നതാണ് യാഥാര്‍ഥ്യം. നെല്‍കൃഷിയുടെ പാരിസ്ഥിക പ്രാധാന്യം കൂടി കണക്കിലെടുത്ത് ധനസഹായം പതിന്‍മടങ്ങായി വര്‍ധിപ്പിക്കണമെന്ന കര്‍ഷക സംഘടനകളുടെ ആവശ്യം ഇതുവരെ സര്‍ക്കാര്‍ വിലക്കെടുത്തിട്ടില്ല. നെല്‍പാടങ്ങളില്‍ സ്ഥിരമായി വെള്ളം കെട്ടി നിര്‍ത്തുമ്പോള്‍ അത് ഭൂഗര്‍ഭ സമ്പത്ത് വര്‍ധിപ്പിക്കാനുള്ള പ്രാധാനമാര്‍ഗമാണെന്നത് പലരും മറക്കുകയാണ്.
ഒരേക്കര്‍ പാടത്ത് നെല്‍ കൃഷിയിറക്കുമ്പോള്‍ അതുവഴി ഒരു സീസണിലൂടെ മാത്രം ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഭൂമിക്കടിയിലേക്ക് താഴുന്നത്. ഇതിന് പുറമെയാണ് നാടിന്റെ ഭക്ഷ്യ സുരക്ഷക്കായി കര്‍ഷകര്‍ നഷ്ടം സഹിച്ച് വിയര്‍പ്പൊഴുക്കുന്നത്. കര്‍ഷകര്‍ ഇല്ലെങ്കില്‍ പ്രകൃതിയുടെ നിലനില്‍പ്പില്ലെന്ന വസ്തുത മനസിലാക്കി ഒരു ഏക്കര്‍ നെല്‍കൃഷി ചെയ്യുന്ന കര്‍ഷകന് കുറഞ്ഞത് പതിനായിരം രൂപയെങ്കിലും നഷ്ടപരിഹാരമായി നഷ്ടം നല്‍കണമെന്നാണ് പൊതുവെ ആവശ്യമുയരുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.