2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

തമിഴ്‌നാട്ടിലെ പ്ലാസ്റ്റിക് നിരോധനം; അതിര് കടക്കുന്നവര്‍ക്ക് പിഴ വിനയാകുന്നു

വാളയാര്‍: തമിഴ്‌നാട് പ്ലാസ്റ്റിക് നിരോധനം വന്നതോടെ അതിര്‍ത്തികടന്നു പോകുന്നവര്‍ വെട്ടിലായിരിക്കുകയാണ്. ജനുവരി ഒന്നു മുതല്‍ തമിഴ്‌നാട്ടില്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്കും ക്യാരിയര്‍ ബാഗുകള്‍ക്കും നിരോധനമേര്‍പ്പെടുത്തിയതാണ് യാത്രക്കാരെ വട്ടംകറക്കിയത്. യാത്രക്കാരുടെ കൈവശം പ്ലാസ്റ്റിക് കുപ്പികളോ, ക്യാരിബാഗുകളോ കണ്ടാല്‍ 5000 രൂപവരെയാണ് പിഴചുമത്തുന്നത്. നിരോധനം പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാനതിര്‍ത്തികളിലെല്ലാം വാഹനങ്ങളില്‍ കര്‍ശന പരിശോധന തുടങ്ങിയിരിക്കുകയാണ്. പ്ലാസ്റ്റിക് കവറുകള്‍, ഹോട്ടലുകളുടെ പാഴ്‌സല്‍ കവറുകള്‍, സ്‌ട്രോ, പ്ലാസ്റ്റിക് പ്ലൈറ്റുകള്‍, ഗ്ലാസ്സ്, കൊടി, നോണ്‍പേപ്പര്‍ കവറുകള്‍ എന്നിവക്കാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിരോധാനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തിനകത്തു നിന്നും വിനോദയാത്രക്കു പോകുന്ന സംഘങ്ങള്‍വരെ വെട്ടിലായിരിക്കുകയാണ്. മാത്രമല്ല വെള്ളം, ശീതളപാനീയ ബോട്ടിലുകളാണെങ്കില്‍ പോലും ഇവ കുടിച്ചു കഴിഞ്ഞാല്‍ എവിടെയും ഉപേക്ഷിക്കാന്‍ പാടില്ലെന്നതും തിരികെ ഇവ അതിര്‍ത്തി കടത്തേണ്ടതാണെന്നും നിബന്ധനകളാണ് അധികൃത്രര്‍ നല്‍കുന്നത്. മാത്രമല്ല അതിര്‍ത്തി കടന്നവരുടെ ബാഗുകള്‍ വാഹനങ്ങള്‍ എന്നിവ പരിശോധിച്ച് നിരോധിത വസ്തുക്കളുണ്ടെങ്കില്‍ ആദ്യഘട്ടമെന്ന നിലയില്‍ താങ്കീത് നല്‍കുകയും പിന്നീട് പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടില്‍ പ്ലാസ്റ്റിക് നിരോധനമേര്‍പ്പെടുത്തുന്നതു വഴി പ്ലാസ്റ്റിക് മുക്ത സംസ്ഥാനമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ബദല്‍ സംവിധാനമെന്നോണം വാഴയില, മുള, പാള എന്നിവ കൊണ്ടുള്ള ഉത്പന്നങ്ങള്‍ തുണിസഞ്ചി തുടങ്ങിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. പ്ലാസ്റ്റിക് നിരോധനം വന്നതോടെ പഴനി, വാല്‍പ്പാറൈ, ഊട്ടി, കൊടൈക്കനാല്‍,തുടങ്ങിയ വിനോദ സഞ്ചാര മേഖലകളില്‍ പരിശോധന കര്‍ശന മാക്കിയതോടെ ഇതുവരെ 25 ലക്ഷം രൂപ പിഴയായി ലഭിക്കുകയും ചെയ്തിട്ടുണ്ട്.പ്ലാസ്റ്റിക് നിരോധനം വന്നതോടെ വീടുകള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍,ആശുപത്രികള്‍ എന്നിവടങ്ങളില്‍ നിന്നും പ്ലാസ്റ്റിക് വസ്തുക്കള്‍ ശേഖരിച്ച് നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഹോട്ടലുകളില്‍ നിന്നും പാഴ്‌സലുകള്‍ സ്റ്റീല്‍ പാത്രങ്ങളിലാണ് നല്‍കുന്നതെന്നിരിക്കെ പാത്രം മടക്കി നല്‍കുമ്പോള്‍ പണം മടക്കി നല്‍കുന്ന രീതിയും നിലവില്‍ വന്നിട്ടുണ്ട്. സംസ്ഥാനത്തിനകത്തെ ജില്ലകളില്‍ നിന്നുംവിനോദയാത്രാസംഘങ്ങള്‍ ഭക്ഷണം പാഴ്‌സല്‍ വാങ്ങി പോയാല്‍ അതിര്‍ത്തിയിലെത്തിയാല്‍ പണികിട്ടുമെന്നുറപ്പാണിപ്പോള്‍. എന്തായാലും പ്രകൃതി സംരക്ഷണത്തിനായി പ്ലാസ്റ്റിക്കിനെ ഇല്ലാതാക്കാന്‍ തമിഴ്‌നാട് സര്‍ക്കാരും തയ്യാറായതോടെ അതിര്‍ത്തി കടക്കുന്നവര്‍ക്ക് പണികിട്ടിയ സ്ഥിതിയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.