2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

തന്റെ ഭരണകാലത്ത് ഐ.എസിനെ തകര്‍ക്കാനാവില്ല; സിറിയയിലേക്ക് കരസേനയെ അയക്കില്ലെന്ന് ഒബാമ

വാഷിങ്ടണ്‍: സിറിയയിലേക്ക് കരസേനയെ അയക്കേണ്ടെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. സിറിയയില്‍ സൈനിക നടപടികൊണ്ട് ആ രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് അദ്ദേഹം ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ബ്രിട്ടനാണെങ്കിലും യു.എസിനാണെങ്കിലും സിറിയയിലേക്ക് സൈന്യത്തെ അയക്കുകയെന്നത് തെറ്റായ നടപടിയാകും. ഇനിയുള്ള തന്റെ ഒന്‍പതു മാസത്തെ ഭരണകാലയളവില്‍ ഐ.എസിനെ തകര്‍ക്കാന്‍ കഴിയുമെന്ന് വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഐ.എസിന്റെ സ്വാധീനം കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സിറിയയിലേക്ക് ഹൃദയഭേദകമായ അവസ്ഥയാണ്. അവിടെ എന്തെങ്കിലും ലളിതമായ പരിഹാരമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല- ഒബാമ പറഞ്ഞു. വര്‍ഷങ്ങളായി തുടരുന്ന സിറിയന്‍ പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കാന്‍ യു.എസ് ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അതിന് സൈനിക നടപടി മാത്രം മതിയാകില്ല. കരസേനയെ സിറിയയിലേക്ക് അയക്കുന്നത് ശരിയായ നടപടിയാകില്ലെന്നും ഒബാമ പറഞ്ഞു.
എന്നാല്‍, ഐ.എസ് ആസ്ഥാനമായി അറിയപ്പെടുന്ന സിറിയയിലെ റഖയില്‍ ആക്രമണം ശക്തിപ്പെടുത്തുമെന്ന് ഒബാമ പറഞ്ഞു. ആ പ്രദേശത്തെ രാജ്യത്തെ മറ്റുഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ വേണ്ടിയാണിതെന്നും ഒബാമ പറഞ്ഞു. സിറിയയിലേക്ക് കരസേനയെ അയക്കാന്‍ മറ്റുരാജ്യങ്ങള്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അവിടങ്ങളിലെ പാര്‍ലമെന്റ് ഇത്തരം തീരുമാനമെടുക്കില്ലെന്നാണ് വിശ്വാസമെന്നും ഇക്കാര്യത്തില്‍ യു.എസിന് ചിലത് ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനാണ് യു.എസ് പ്രസിഡന്റ് ബ്രിട്ടനിലെത്തിയത്. ജൂണില്‍ യൂറോപ്യന്‍ യൂനിയനില്‍ ബ്രിട്ടന്‍ തുടരണമോയെന്ന ഹിതപരിശോധന നടക്കാനിരിക്കെ ബ്രിട്ടന്‍ ജനത യൂറോപ്യന്‍ യൂനിയനില്‍ തുടരാനുള്ള തീരുമാനമെടുക്കുമെന്ന് വിശ്വസിക്കുന്നതായി ഒബാമ ആവര്‍ത്തിച്ചു.
തുടര്‍ന്ന് രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ഒബാമ ബ്രിട്ടനില്‍ നിന്ന് ജര്‍മനിയിലെ ഹാനോവറിലെത്തി.
ജര്‍മനിയുമായി ട്രാന്‍സ് അറ്റ്‌ലാന്റിക് വ്യാപാരം, ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്ണര്‍ഷിപ്പ് എന്നീ കരാറുകളുമായി ഒബാമ ചര്‍ച്ച നടത്തും. ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News