2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

തന്റെ പേരിട്ട അഭയാര്‍ഥി കുഞ്ഞിന് ജസ്റ്റിന്‍ ട്രൂഡോയുടെ സ്‌നേഹചുംബനം

ടൊറോന്റോ: സര്‍ക്കാരും ഐ.എസും വിദേശസൈന്യവും സിറിയന്‍ ജനതയ്ക്കു നേരെ മത്സരിച്ച് ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ജീവനും കൊണ്ടോടിയ അവര്‍ക്ക് താങ്ങായത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ വലിയ മനസായിരുന്നു. സിറിയന്‍ അഭയാര്‍ഥി ദമ്പതികളായ മുഹമ്മദും അഫ്‌റ ബിലാനും അന്നു മനസില്‍ ഉറപ്പിച്ചതാണ് തങ്ങളുടെ കുഞ്ഞിന് ട്രൂഡോയുടെ പേര് നല്‍കണമെന്ന്.
അഭയാര്‍ഥികള്‍ക്ക് വേണ്ടി വാദിക്കുന്ന ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ ദിവസം തന്റെ പേര് നല്‍കിയ അഭയാര്‍ഥി കുഞ്ഞിനെ കാണാനെത്തി. അമേരിക്കയില്‍ മുസ്‌ലിംകള്‍ക്ക് ട്രംപ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ തൊട്ടടുത്ത രാജ്യമായ കാനഡയിലേക്ക് മുസ്‌ലിംകളെയും അഭയാര്‍ഥികളെയും സ്വാഗതം ചെയ്തയാളാണ് കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോ. സിറിയന്‍ അഭയാര്‍ഥികളെ വിമാനത്താവളത്തിലെത്തി ട്രൂഡോ സ്വീകരിക്കുകയും ചെയ്തിരുന്നു.
സിറിയയിലെ യുദ്ധഭൂമിയില്‍ നിന്ന് രണ്ടു മക്കളെയുമായി പലായനം ചെയ്തതാണ് മുഹമ്മദും കുടുംബവും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കാനഡയിലെ മൊണ്ടേറിയലില്‍ ഇവരെത്തിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് കാല്‍ഗറിയില്‍ അഫ്‌റ ബിലാന്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രധാനമന്ത്രിയോടുള്ള നന്ദി സൂചകമായാണ് മകന് ജസ്റ്റിന്‍ ട്രൂഡോ ആദം ബിലാന്‍ എന്നു പേരിട്ടതെന്ന് മുഹമ്മദ് പറഞ്ഞു. 40,000 ത്തിലേറെ സിറിയന്‍ അഭയാര്‍ഥികള്‍ക്കാണ് കാനഡ അഭയം നല്‍കിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.