2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

‘തന്തയ്ക്കു പിറന്ന നായരും’, പട്ടാമ്പിയിലെ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയും

വി.അബ്ദുല്‍ മജീദ്

1957ല്‍ ഒന്നാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാംസ്‌കാരിക വിഭാഗത്തിന്റെ നായകരിലൊരാളായ തോപ്പില്‍ ഭാസിയെ മത്സരരംഗത്തിറക്കണമെന്ന് പാര്‍ട്ടിക്ക് വലിയ നിര്‍ബന്ധം. ഭാസിക്കാണെങ്കില്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ഒട്ടും താല്‍പര്യവുമില്ല. എന്നാല്‍ അന്നെത്ത പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.എന്‍ ഗോവിന്ദന്‍നായര്‍ ഭാസിയെ വിട്ടില്ല. ഭാസി എവിടെയെങ്കിലും മത്സരിക്കണമെന്ന് എം.എന്‍ നിര്‍ബന്ധിച്ചു. അങ്ങനെയാണെങ്കില്‍ തോല്‍ക്കുമെന്നുറപ്പുള്ള ഏതെങ്കിലും സീറ്റില്‍ നില്‍ക്കാമെന്നായി ഭാസി. ഒടുവില്‍ പാര്‍ട്ടിക്ക് ഒട്ടും പ്രതീക്ഷയില്ലാത്ത പത്തനംതിട്ട മണ്ഡലത്തില്‍ ഭാസി സ്ഥാനാര്‍ഥിയായി.

നായര്‍ സമുദായത്തിന് മുന്‍തൂക്കമുള്ള മണ്ഡലമായിരുന്നു അന്നത്തെ പത്തനംതിട്ട.

pattambi

അവരില്‍ തന്നെ മുക്കാല്‍ പങ്കും കോണ്‍ഗ്രസുകാരും. പല കവലകളിലും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചുമരെഴുതാനോ പോസ്റ്ററൊട്ടിക്കാനോ പോലും ആളെ കിട്ടാനില്ല. ഇതിനിടയില്‍ എന്‍.എസ്.എസ് നേതാവ് പത്തനംതിട്ടയിലെത്തി. ഇതറിഞ്ഞ സി.പി.ഐയുടെ ചില പ്രാദേശിക നേതാക്കള്‍ ഭാസിയോടു പറഞ്ഞു. ‘സഖാവ് നായര്‍ സമുദായക്കാരനാണല്ലോ, മന്നം സാറിനെ പോയിക്കണ്ട് സഹായമഭ്യര്‍ഥിച്ചാല്‍ കുറച്ചു സമുദായ വോട്ടുകള്‍ കിട്ടിയേക്കും’. അടിമുടി വിപ്ലവകാരിയായിരുന്ന ഭാസി അവരോടു പറഞ്ഞു: ‘മന്നത്തിന് എപ്പോള്‍ വേണമെങ്കിലും എന്നെ വന്നു കാണാം. ഞാന്‍ അങ്ങോട്ടു പോയി കാണില്ല. സമുദായത്തിന്റെ പേരില്‍ വോട്ട് വാങ്ങി എനിക്ക് ജയിക്കേണ്ട’.

മന്നത്തിന്റെ പ്രതാപകാലമായിരുന്നു അത്. വിവരം എന്‍.എസ്.എസ് ആസ്ഥാനത്തെത്തി. ഭാസി വലിയൊരു അപരാധം പറഞ്ഞെന്ന രീതിയില്‍ ചില നായര്‍ പ്രമാണിമാര്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ മന്നത്തിന്റെ മറുപടി ഇങ്ങനെ: ‘അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അവന്‍ തന്തയ്ക്കു പിറന്ന നായരാണ്. അവനെ നമ്മള്‍ ജയിപ്പിക്കണം’. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആദ്യം ഞെട്ടിയത് ഭാസിയാണ്.

സ്വന്തം പാര്‍ട്ടി പോലും എഴുതിത്തള്ളിയ മണ്ഡലത്തില്‍ ഭാസി ജയിച്ചിരിക്കുന്നു. അധികാരത്തെക്കാള്‍ വലുത് നിലപാടാണെന്നും അതില്‍ വെള്ളം ചേര്‍ക്കാനാവില്ലെന്നും ശഠിച്ച ഒരു കമ്യൂണിസ്റ്റുകാരന് കമ്യൂണിസ്റ്റ് വിരുദ്ധരടക്കമുള്ള വോട്ടര്‍മാര്‍ നല്‍കിയ അംഗീകാരം.
ആറു പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിലെത്തി നില്‍ക്കുന്ന കേരളം ഏറെ മാറി. തോപ്പില്‍ ഭാസിയുടെ പാര്‍ട്ടിയായ സി.പി.ഐ അതിലേറെ മാറി. ഇപ്പോള്‍ മത്സരരംഗത്തുള്ള പാര്‍ട്ടി സ്ഥാനാര്‍ഥികളില്‍ പലരും മതവും ജാതിയും ഉപയോഗപ്പെടുത്തിയാണ് വോട്ടു പിടിക്കുന്നത്. സ്വന്തം സമുദായത്തിന്റെ നേതാക്കള്‍ക്കു പുറമെ ഇതരസമുദായ നേതാക്കള്‍ക്കു പിറകെയും വോട്ടിനായി സ്ഥാനാര്‍ഥികള്‍ നടക്കുന്നു. ഇക്കൂട്ടത്തില്‍ പട്ടാമ്പിയിലെ സി.പി.ഐ സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്‌സിന്റെ പ്രചാരണം വലിയ വിവാദത്തിനു വഴിവച്ചിരിക്കയാണ്.

പണ്ട് ഭാസി മത്സരിച്ച അതേ ചിഹ്നത്തില്‍ തന്നെ മത്സരത്തിനിറങ്ങിയ മുഹ്‌സിന്‍ ജെ.എന്‍.യുവിലെ എ.ഐ.എസ്.എഫ് നേതാവാണ്. കനയ്യ കുമാറിന്റെ സഖാവെന്ന നിലയില്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുമുണ്ട്. എന്നാല്‍ സി.പി.ഐക്കും ഇടതുമുന്നണിക്കും അതൊന്നും മതിയാകുന്നില്ല. ജയിക്കണമെങ്കില്‍ മുഹ്‌സിന്റെ മത, കുടുംബ പശ്ചാത്തലങ്ങള്‍ ഉപയോഗപ്പെടുത്തി മുസ്്‌ലിം വോട്ടുകളെ സ്വാധീനിക്കണമെന്നാണ് അവരുടെ നിലപാട്.

പ്രശസ്ത മതപണ്ഡിതനായിരുന്ന കാരക്കാട് മാനു മുസ്‌ലിയാരുടെ ചെറുമകനാണ് മുഹ്‌സിന്‍. സ്ഥാനാര്‍ഥിയുടെ മേന്മയെക്കാളേറെ മാനു മുസ്‌ല്യാരുടെ ചെറുമകനെന്ന പേരു പറഞ്ഞാണ് മുഹ്‌സിനു വേണ്ടി അവര്‍ വോട്ടഭ്യര്‍ഥിക്കുന്നത്. ഇത്തരം ബോര്‍ഡുകളും പോസ്റ്ററുകളും പട്ടാമ്പി മണ്ഡലത്തില്‍ നിറഞ്ഞുകഴിഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി സാമുദായിക മേല്‍വിലാസത്തില്‍ വോട്ടഭ്യര്‍ഥിക്കുന്നതിനെക്കുറിച്ചുള്ള പരിഹാസ പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളിലും നിറയുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News