2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തദ്ദേശ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ ആരംഭിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍

വി.എസ് പ്രമോദ്

 

കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

തിരുവനന്തപുരം: സംസ്ഥാനണ്ടെത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2020ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരംഭിച്ചു. ഭരണകക്ഷിയായ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും കമ്മിറ്റിയുടേയും തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അടുത്ത വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇപ്പോള്‍ ഏരിയാ കമ്മിറ്റികള്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് സംബന്ധിച്ച് തുടക്കത്തില്‍ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കുകയാണ് സി.പി.എം. ബ്രാഞ്ച് കമ്മിറ്റികള്‍ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് കമ്മിറ്റികളിലേക്ക് മാറ്റണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
വാര്‍ഡ് സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് അടുത്ത ദിവസങ്ങളില്‍ സി.പി.എം ശില്‍പശാലകളും സംഘടിപ്പിക്കും. നിലവില്‍ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും പാര്‍ട്ടിക്കുള്ള വാര്‍ഡുകള്‍ സംബന്ധിച്ച് വിശദമായ പഠനം നടത്തും.
നിലവിലുള്ള വാര്‍ഡുകള്‍, ശ്രദ്ധിച്ചാല്‍ ജയിക്കാവുന്നവ, പിടിച്ചെടുക്കാന്‍ കഴിയുന്നവ, ജയിക്കാന്‍ സാധ്യതയില്ലാത്തവ എന്നിങ്ങനെ വാര്‍ഡുകളെ തരംതിരിച്ച് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് നിര്‍ദേശം. അതിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രാദേശിക പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സി.പി.എം നടത്തും. അത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കീഴ്ഘടകങ്ങളോട് സി.പി.എം നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കോണ്‍ഗ്രസും പ്രവര്‍ത്തനം ആരംഭിച്ചു. യു.ഡി.എഫ് യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് പോകേണ്ടത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് തീര്‍ക്കണമെന്ന് തീരുമാനിച്ചാണ് അന്ന് യോഗം പിരിഞ്ഞത്. അതില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെങ്കിലും കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുടെ യോഗം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് തിരുവനന്തപുരത്ത് വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കോണ്‍ഗ്രസ് പോകുന്നതിന്റെ ആദ്യഘട്ടമാണ് ഈ യോഗം.
‘ഗാന്ധി സങ്കല്‍പ്പ് യാത്ര’ എന്നപേരില്‍ ബി.ജെ.പി നടത്തുന്ന യാത്രകള്‍ തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളുടെ ഭാഗമാണ്. 140 നിയോജക മണ്ഡലങ്ങളിലും സംസ്ഥാന, ദേശീയ നേതാക്കളെ ക്യാപ്റ്റന്‍മാരാക്കിയാണ് ഗാന്ധിജിയുടെ പേരിലുള്ള ഈ യാത്ര ബി.ജെ.പി നടത്തുന്നത്.
മണ്ഡലത്തിലെ എല്ലാ ബൂത്തില്‍നിന്നും ഒരാള്‍ വീതം യാത്രയില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. ഈ യാത്രയില്‍ ഏതെല്ലാം ബൂത്തുകളില്‍നിന്ന് ആളുകള്‍ പങ്കെടുത്തില്ലെന്ന കണക്ക് ശേഖരിച്ച് ആ ബൂത്തുകളില്‍ ഇടപെടുകയാണ് അടുത്തഘട്ടത്തില്‍ ചെയ്യുക. തുടര്‍ന്ന് പഞ്ചായത്ത് തലത്തില്‍ ജില്ലാ നേതാക്കളും ബുത്ത് തലത്തില്‍ പഞ്ചായത്ത് ഭാരവാഹികളും യാത്രകള്‍ നടത്തും. ഈ ഘട്ടങ്ങളിലെല്ലാം ബൂത്ത് തലത്തില്‍ കമ്മിറ്റികള്‍ ശക്തിപ്പെടുത്തുന്നതിനായിരിക്കും പ്രത്യേകം ശ്രദ്ധിക്കുക.
തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സി.പി.ഐയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുസ്‌ലിംലീഗിലും തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മുന്നണികളിലെ ചെറുകക്ഷികളെല്ലാം അവര്‍ക്ക് മേധാവിത്വമുള്ള പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News