2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 11ന്

 

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഒക്‌ടോബര്‍ 11ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്.
മാതൃകാപെരുമാറ്റചട്ടം നിലവില്‍ വന്നു. ഈ മാസം 15ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക 22 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 24ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം 26 ആണ്. വോട്ടെടുപ്പ് ഒക്‌ടോബര്‍ 11ന് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. വോട്ടെണ്ണല്‍ 12ന് രാവിലെ 10ന് നടക്കും.
തിരുവനന്തപുരം നന്ദിയോട് ഗ്രാമപഞ്ചായത്തിലെ മീന്‍മുട്ടി, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28ാം മൈല്‍, കൊല്ലം ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ ഭരണിക്കാവ്, ശൂരനാട് തെക്കിലെ തൃക്കുന്നപ്പുഴ വടക്ക്, ഉമ്മന്നൂരിലെ കമ്പംകോട്, ഇടുക്കി വണ്ടിപ്പെരിയാറിലെ ഇഞ്ചിക്കാട്, നെടുങ്കണ്ടത്തെ നെടുങ്കണ്ടം കിഴക്ക്, വണ്ടന്‍മേടിലെ വെള്ളിമല, എറണാകുളം മഴുവന്നൂരിലെ ചീനിക്കുഴി, പോത്താനിക്കാട്ടെ തൃക്കേപ്പടി, തൃശൂര്‍ കയ്പമംഗലത്തെ തായ്‌നഗര്‍, പാലക്കാട് കിഴക്കഞ്ചേരിയലെ ഇളങ്കാവ്, തിരുവേഗപ്പുറയിലെ ആമപ്പൊറ്റ, കോഴിക്കോട് ആയഞ്ചേരിയിലെ പൊയില്‍പാറ, കണ്ണൂര്‍ മാങ്ങാട്ടിടത്തെ കൈതേരി 12ാം മൈല്‍, കണ്ണപുരത്തെ കയറ്റീല്‍ എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. മലപ്പുറം താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തൂവ്വക്കാട്, കണ്ണൂര്‍ എടക്കാട് ബ്ലോക്കിലെ കൊളച്ചേരി എന്നീ വാര്‍ഡുകളിലും സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി, തലശ്ശേരി നഗരസഭയിലെ കാവുംഭാഗം എന്നീ വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.