2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

തണ്ണിമത്തന്റെ കുരു കളയരുതേ

ഡോ.ബഷീര്‍ ചെങ്ങനത്ത് ന്യൂട്രീഷനിസ്റ്റ്

തണ്ണിമത്തന്‍ ധാരാളമായി ഇന്നു വിപണിയില്‍ ലഭിക്കുന്നുണ്ട്. ജ്യൂസ് ഉണ്ടാക്കാനും കീറിക്കഴിക്കാനും എല്ലാവരും ഒന്നുപോലെ ഇഷ്ടപ്പെടുന്നു. പ്രത്യേകിച്ച് വേനല്‍ക്കാലത്തെ ഉത്തമ പാനീയങ്ങളിലൊന്നാണ് തണ്ണിമത്തന്‍.
എങ്കിലും തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ അതിന്റെ കുരു തുപ്പിക്കളയുന്ന സ്വഭാവം നിങ്ങള്‍ക്കില്ലേ. നിങ്ങള്‍ക്കെന്നല്ല, പൊതുവേ മിക്കവരും ചെയ്യുന്നതാണിത്. പ്രത്യേകിച്ച് കുട്ടികള്‍. എന്നാല്‍ കുരു നല്ലതാണെന്നും പോഷകമുള്ളതാണെന്നും പറഞ്ഞാലും ആരും കഴിക്കുമെന്നും തോന്നുന്നില്ല. എന്തൊക്കെ ഗുണമുണ്ടാകാമെന്നറിഞ്ഞാല്‍ കഴിച്ചേക്കാം. തണ്ണിമത്തന്റെ ജ്യൂസിനൊപ്പം കഴിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് വറുത്തെങ്കിലും കഴിക്കണമെന്നാണ് പോഷകാഹാര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ശരീര ഭാരം നിര്‍ണയിക്കുന്നതില്‍ നിങ്ങള്‍ എന്തു കഴിക്കുന്നു എന്നതിനാണ് പ്രഥമസ്ഥാനം. ഭാരത്തിന്റെ 70 ശതമാനവും ആഹാരമാണ് നിര്‍ണയിക്കുന്നത്. ബാക്കി 30 ശതമാനം നിങ്ങളുടെ വ്യായാമവും. ഈ 70 ശതമാനത്തെ വരുതിയിലാക്കുകയാണ് വേണ്ടത്. ഇതിന് ആരോഗ്യകരമായ ഭക്ഷണശീലമാണ് പരമപ്രധാനം

ഭാരം കുറയ്ക്കാന്‍
ഇന്ന് ഭാരം കുറയ്ക്കുന്നതിനു പിന്നാലെയാണ് നാട്ടുകാര്‍. എങ്ങനെ ഭാരം കുറയ്ക്കാമെന്നാണ് ചിന്ത. തണ്ണിമത്തന്‍ കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. 30 ഗ്രാം തണ്ണിമത്തന്‍ കുരുവില്‍ 158 കലോറിയാണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍ 30 ഗ്രാം കുരു എന്നു പറഞ്ഞാല്‍ ഏതാണ്ട് 400 എണ്ണം വരും. അപ്പോള്‍ എത്രമാത്രം കഴിക്കേണ്ടിവരും. ഒരു കൈപ്പിടിയിലുള്ള കുരു ഏതാണ്ട് നാലുഗ്രാം വരും. ഇത് 22 കലോറി നല്‍കും.

പോഷകം
തീരെ കുഞ്ഞന്‍ കുരുവായതിനാല്‍ത്തന്നെ ഒരുപിടി കുരുവെങ്കിലും കഴിച്ചാല്‍ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കൂ. ലഘു പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ഈ കറുത്ത കുരുക്കള്‍. അയണ്‍, സിങ്ക്, നാരുകള്‍, പ്രോട്ടീന്‍ എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും പ്രമേഹത്തിനും പ്രതിരോധ ശക്തി കൂട്ടാനും ഭാരം കുറയ്ക്കാനും ഇത് ഉപകരിക്കും.

മഗ്നീഷ്യം
തണ്ണിമത്തനില്‍ നിരവധി മിനറലുകള്‍ അടങ്ങിയിട്ടുണ്ട് മഗ്നീഷ്യം ആണ് അതില്‍ പ്രധാനം. ഒരു കൈപ്പിടിയിലുള്ള തണ്ണിമത്തന്‍ കുരുവില്‍ 21 മില്ലീഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ മെറ്റബോളിക് പ്രവര്ത്തനത്തിന് അത്യന്താപേക്ഷിതമാണിത്. ഹൃദയത്തിന്റെ താളാത്മകമായ മിടിപ്പിനും ഞരമ്പുകളും പേശികളും കാത്തു സൂക്ഷിക്കുന്നതിനും മഗ്നീഷ്യം കൂടിയേതീരൂ.

അയണ്‍
ഒരു കൈപ്പിടിയിലുള്ള തണ്ണിമത്തന്‍ കുരുവില്‍ .29 മില്ലീഗ്രാം അയണാണ് അടങ്ങിയിരിക്കുന്നത്. രക്തത്തിലൂടെ ഓക്‌സിജനെ കടത്തുന്ന ഹീമോഗ്ലോബിന് വേണ്ട പോഷകമാണിത്. നമ്മുടെ ശരീരത്തിലെ കലോറികളെ ഊര്‍ജമായി മാറ്റി ഉപയോഗിക്കുന്ന പ്രവര്‍ത്തനവും അയണ്‍ ആണ് ചെയ്യുന്നത്. ശരീരത്തില്‍ അയണ്‍ കുറവാണെങ്കില്‍ നിങ്ങളുടെ ദിനവും ഉള്ള പ്രവര്‍ത്തനങ്ങളെ അത് സാരമായി ബാധിക്കും.

ഫൊളേറ്റ്
ഫൊളേറ്റ് അല്ലെങ്കില്‍ ഫോളിക് ആസിഡും വിറ്റാമിന്‍ ബി 9ഉം മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്. അമിനോ ആസിഡിന്റെ സന്തുലനാവസ്ഥ കാത്തുസൂക്ഷിക്കുന്നതും ഇതാണ്. ഗര്‍ഭിണികള്‍ക്ക് സാധാരണക്കാരേക്കാള്‍ കൂടുതലായി ഫൊളേറ്റ് ആവശ്യമുണ്ട്. പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ സിരാ സംബന്ധമായ തകരാറുകള്‍ ഈ പോഷകത്തിന്റെ കുറവുമൂലം സംഭവിക്കുന്നുണ്ട്.

നല്ല കൊഴുപ്പ്
നല്ല കൊഴുപ്പിന്റെ കേന്ദ്രമാണ് തണ്ണിമത്തന്റെ കുരു. ചീത്ത കൊഴുപ്പ് ഹൃദ്രോഗങ്ങളിലേക്ക് നയിക്കുമ്പോള്‍ നല്ല കൊഴുപ്പ് ഹൃദ്രോഗത്തെ തടയുന്നു. മാത്രമല്ല, ഇത് ചീത്ത കൊളസ്‌ട്രോള്‍ ആയ എല്‍.ഡി.എല്ലിന്റെ അളവിനെ കുറയ്ക്കുകയും ചെയ്യുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.