2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

തകിടം മറിയുന്നത് ചെറുകിട ജീവിതമേഖല

എ.പി കുഞ്ഞാമു

 

നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പില്‍വരുത്തിയ കറന്‍സി നോട്ടുകളുടെ അസാധുവാക്കല്‍ നടപടി കള്ളപ്പണം നിയന്ത്രിക്കല്‍, ഭീകരവാദം തടയല്‍, കള്ളനോട്ടു നശീകരണം തുടങ്ങിയ നിരവധി ലക്ഷ്യങ്ങളിലൂടെ കടന്നു നാണയരഹിത സമൂഹം (കാഷ്‌ലസ് സൊസൈറ്റി) എന്ന ആശയത്തിലാണ് ഒടുവില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. ധനവിനിയോഗത്തിന് ഇനി കറന്‍സി നോട്ടും ചില്ലറയുമൊന്നും വേണ്ട, പ്ലാസ്റ്റിക് കാര്‍ഡുകള്‍, സൈ്വപിങ് നെറ്റ് ബാങ്കിങ്, ഇ- വാലറ്റ് ഇടപാടുകള്‍ എന്നിവ മതി. ഇതാണ് പുതിയ സ്വപ്നദര്‍ശനം. ഈ പുതിയ ദര്‍ശനത്തില്‍ നാണയം അഥവാ കറന്‍സിനോട്ട് വര്‍ജ്യമായ വസ്തുവാണ്. പണം നേരിട്ടു കൈകാര്യം ചെയ്യുന്നവരാണ് കള്ളപ്പണവും കരിഞ്ചന്തയും കൈക്കൂലിയും സൃഷ്ടിക്കുന്നത്. എല്ലാ വൃത്തികേടുകളുടെയും ഉറവിടം നാം കൊടുക്കുകയും വാങ്ങുകയും ചില്ലറ മാറ്റി നല്‍കുകയും കീശയില്‍ തന്നെ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യുന്ന പണം എന്ന ചെകുത്താനാണ്. കാഷ്‌ലസ് സമൂഹം വന്നാല്‍ സ്വഛഭാരതം നിലവില്‍ വന്നുകഴിഞ്ഞു. മോദിയുടെ സ്വപ്നത്തിന്റെ പൊരുള്‍ ഇങ്ങനെ വായിച്ചെടുക്കാന്‍ ഒരു പ്രയാസവുമില്ല.

അതിസാങ്കേതികതയിലേക്കുള്ള ഈ മാറ്റത്തെ സമൂലവിപ്ലവമെന്ന നിലയില്‍ കൊണ്ടാടുകയാണ് ഭരണകക്ഷിയായ ബി.ജെ.പി. ബാങ്കിങ് മേഖല ഈ മാറ്റത്തിന് അനുകൂലമാണ്. ഐ.ടി മേഖലയ്ക്കും മറിച്ചൊരഭിപ്രായമില്ല. കോര്‍പറേറ്റ് മേഖലയും കാഷ്‌ലസ് എക്കോണമിയെ അനുകൂലിക്കുന്നു. ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളെ ഭയത്തോടെ സമീപിക്കുന്നത് പണത്തെ നേരിട്ട് ആശ്രയിക്കുന്ന അനൗപചാരിക മേഖല മാത്രമാണ്. അതായത് നാട്ടിന്‍പുറത്ത് കച്ചവടം നടത്തുന്ന ചെറുകിടക്കാര്‍, കൂലിപ്പണിയെടുത്തു കഴിയുന്നവര്‍, വഴിയോര വാണിഭക്കാര്‍, വീടുകള്‍ കേന്ദ്രീകരിച്ച് ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു വില്‍പന നടത്തുന്നവര്‍- ഇത്തരം ആളുകളാണ് അനൗപചാരിക മേഖലയില്‍ ഉള്‍പ്പെടുന്നവര്‍. ഇവര്‍ ഇടപാടുകള്‍ക്ക് വേണ്ടി ആശ്രയിക്കുന്നത് പണത്തെ മാത്രമാണ്. ഈ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ സേവനനികുതി, വില്‍പന നികുതി, വാറ്റ് തുടങ്ങിയ പരോക്ഷ നികുതികളുടെ വലയില്‍ ഉള്‍പ്പെടുന്നവരല്ല. അവര്‍ സമ്പദ്‌മേഖലയെ ചലിപ്പിക്കുന്നത് പ്രത്യക്ഷത്തില്‍ തന്നെ കാശ് എണ്ണിക്കൊടുത്തും വാങ്ങിയുമാണ്. മോദിയുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുന്നതോടെ ഈ അനൗപചാരികമേഖല ബുദ്ധിമുട്ടിലകപ്പെടുമെന്ന് തീര്‍ച്ചയാണ്.

86 ശതമാനം വരുന്ന കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച് ഡിജിറ്റല്‍ കൈമാറ്റ വ്യവസ്ഥ നിലവില്‍ വന്നാല്‍, നമ്മുടെ നാട്ടിലെ ചെറുകിട ജീവിതമേഖല തകിടം മറിയുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതില്‍നിന്ന് ഉപകാരമുണ്ടാവുന്നത് പ്രധാനമായും ഫിനാന്‍സ് ക്യാപിറ്റലിസത്തിനാണ്. ഇപ്പോള്‍ രാജ്യത്ത് നിലവിലുള്ള അനൗപചാരിക മേഖലയ്ക്ക് പണം വായ്പയായി ലഭിക്കുന്നത് അനൗപചാരിക സമ്പ്രദായങ്ങളിലൂടെയാണ്. അതായത് ഗ്രാമീണ പലിശ കൊടുപ്പുകാരില്‍നിന്ന്, അല്ലെങ്കില്‍ ബന്ധുക്കളില്‍നിന്ന്, അല്ലെങ്കില്‍ തൊഴിലുടമയില്‍നിന്ന്, അതുമല്ലെങ്കില്‍ പണം സമ്പാദ്യമാക്കി സൂക്ഷിക്കുന്ന നാട്ടുകാരായ മറ്റ് ആളുകളില്‍നിന്ന്- പലിശ കൊടുത്തും പലിശയില്ലാതെയുമെല്ലാം ഈ ചെറുകിടക്കാര്‍ സഹജീവികളില്‍നിന്ന് സഹായം സ്വീകരിച്ചു ജീവിച്ചുപോകുന്നു. ഈ വഴി അടഞ്ഞുപോവുകയും അത് അനൗപചാരിക മേഖലയെ തളര്‍ത്തുകയും ചെയ്യുന്നു എന്നതാണ് ഡിജിറ്റല്‍ വിനിമയങ്ങള്‍ നിലവില്‍ വരുമ്പോഴുണ്ടാകുന്ന ആദ്യ പ്രത്യക്ഷ ഫലം.

കാഷ്‌ലസ് ധനവിനിമയംകൊണ്ട് പ്രധാനമായും ഗുണമുണ്ടാകുന്നത് രണ്ട് കൂട്ടര്‍ക്കാണ്. ഒന്ന്, സര്‍ക്കാരിന് പരോക്ഷനികുതിയുടെ വര്‍ധനവു മൂലമാണ് ഇത് സംഭവിക്കുന്നത്. പണം കൊടുത്തും വാങ്ങിയും ഇടപാടുകള്‍ നടത്തുന്ന കച്ചവടക്കാര്‍ക്കും ചെറുകിട ഇടപാടുകാര്‍ക്കും ഉപഭോക്താക്കള്‍ക്കുമൊന്നും സേവനനികുതി, വാറ്റ് തുടങ്ങിയവ നല്‍കേണ്ടതില്ല. ഡിജിറ്റല്‍ വിനിമയ സമ്പ്രദായം വരുമ്പോള്‍ അവര്‍ നടത്തുന്ന ഇടപാടുകള്‍ കണക്കില്‍ വരുകയും പരോക്ഷ നികുതി ഗണ്യമായ തോതില്‍ ഉയരുകയും ചെയ്യും. സര്‍ക്കാരിന് പരോക്ഷ നികുതി കൂടുതലായി ലഭിക്കുമെങ്കിലും, കടുത്ത വിലക്കയറ്റമാണ് അത് സൃഷ്ടിക്കുക, കുറച്ചുകൂടി തെളിച്ചു പറഞ്ഞാല്‍ സര്‍ക്കാരിന് നികുതിപ്പണം ലഭിക്കും, ജനങ്ങള്‍ക്ക് ഈ പരോക്ഷ നികുതി മൂലമുണ്ടാവുന്ന വിലക്കയറ്റം സഹിക്കേണ്ടിയും വരും. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിയുകയായിരിക്കും അതിന്റെ പ്രത്യക്ഷഫലം.

ഔപചാരിക ധനകാര്യസ്ഥാപനങ്ങളാണ് ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ മൂലം ഗുണമനുഭവിക്കുന്ന രണ്ടാമത്തെ കൂട്ടര്‍. ജന്‍ ധന്‍ അക്കൗണ്ടുകള്‍, സുരക്ഷാ ബീമായോജന, അതല്‍ പെന്‍ഷന്‍ യോജന തുടങ്ങിയവ വഴി അനൗപചാരിക മേഖലയിലെ ഒരുപാട് ചില്ലറപ്പണം, ഇപ്പോള്‍ ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയ ഔപചാരിക മേഖലയിലേക്ക് കടത്തിവിടപ്പെട്ടിട്ടുണ്ട്. ഈ ധനകാര്യ സ്ഥാപനങ്ങളിലേക്ക് അനൗപചാരിക മേഖലയിലെ പണമിടപാടുകള്‍ പരിമിതപ്പെടുക എന്നതായിരിക്കും നേരിട്ട് കാശുവഴിയുള്ള ധനവിനിയോഗം ഇല്ലാതാവുന്നതോടെ സംഭവിക്കാന്‍ പോവുന്നത്. അതായത് അനൗപചാരിക ധനവിനിയോഗ വ്യവസ്ഥ പിടിമുറുക്കുന്നു. വ്യക്തികള്‍ ഇഷ്ടംപോലെ കൈകാര്യം ചെയ്തുപോന്ന ധനവിനിമയത്തിനുമേല്‍ ഔപചാരിക സംവിധാനങ്ങളുടെ വിലങ്ങുവീഴുന്നു. നിങ്ങളുടെ പണം നിങ്ങള്‍ക്ക് ഇഷ്ടംപോലെ കടം കൊടുക്കാനും ചെലവഴിക്കാനും കഴിയാതാവുന്നു. അത് ഔപചാരിക മേഖലകളിലൂടെ വഴിതിരിച്ചുവിടപ്പെടുന്നു. സ്വന്തം പണം ബാങ്കില്‍നിന്നു തിരിച്ചെടുക്കുവാന്‍ പകലന്തിയോളം വരിനില്‍ക്കുകയും കുറേശെ കുറേശെയായി പിന്‍വലിക്കുകയും മറ്റും ചെയ്യേണ്ടി വരുന്ന ഇടപാടുകാരന്‍ ഇപ്പോള്‍ അനുഭവിക്കുന്നത് ഔപചാരികമേഖല സൃഷ്ടിക്കുന്ന ചില സമ്മര്‍ദങ്ങളാണ്. ആ സമ്മര്‍ദങ്ങള്‍ ഒഴിവായിക്കിട്ടും എന്നാണ് ഡിജിറ്റലൈസേഷന്റെ വക്താക്കള്‍ പറയുന്നത്. എന്നാല്‍, സംഭവിക്കുന്നത് മറിച്ചാണ്. വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കുമേല്‍ സര്‍ക്കാരിന്റെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഇഷ്ടാനിഷ്ടങ്ങള്‍ മേല്‍ക്കൈ നേടുന്ന അവസ്ഥയാണ് ഉണ്ടാകാന്‍ പോകുന്നത്.

മോദിയുടെ സ്വപ്നത്തിന്റെ ഗുണഭോക്താക്കളായി മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്- ഡിജിറ്റല്‍ മേഖല. നവംബര്‍ എട്ടിനു ശേഷം ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകളും ഇ-വാലറ്റ് കമ്പനികളും വാരിക്കൂട്ടിയ നേട്ടങ്ങള്‍ കുറച്ചൊന്നുമല്ല. ഈ മേഖലയില്‍ (ഫിന്‍ ടെക് ബിസിനസ്) ധനകാര്യ സ്ഥാപനങ്ങള്‍ കോടിക്കണക്കിന് രൂപയാണ് മുതല്‍ മുടക്കിയിട്ടുള്ളത്. ധനകാര്യ സ്ഥാപനങ്ങളും സാങ്കേതിക സ്ഥാപനങ്ങളും ചേര്‍ന്ന് അനൗപചാരികമേഖലകളില്‍നിന്ന് നല്ല വരുമാനം പ്രതീക്ഷിക്കുന്നു എന്നു പറഞ്ഞാല്‍ ചിത്രം പൂര്‍ത്തിയായി. ചെറുകിട മേഖലയിലെ ചെറിയ വ്യക്തി സമ്പാദ്യങ്ങള്‍പോലും ആഗോള മൂലധന വിപണിയിലേക്ക് വഴിതിരിഞ്ഞുപോവുക എന്നതിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നതെന്ന് സാരം. ബാങ്കിങ് മേഖലയും ഐ.ടി മേഖലയും കോര്‍പറേറ്റുകളും ഡിജിറ്റല്‍ മണിക്കുവേണ്ടി കൈകോര്‍ത്തു നില്‍ക്കുമ്പോള്‍ ഒരുകാര്യം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. 1991 ല്‍ മന്‍മോഹന്‍ സിങ് തുടങ്ങിവച്ച സാമ്പത്തിക ഉദാരവല്‍ക്കരണം കുറച്ചുകൂടി കര്‍ക്കശമായി നടപ്പില്‍വരുത്തുകയാണ് നരേന്ദ്രമോദി ചെയ്യുന്നത്. അതിന്റെ ഗുണഭോക്താക്കള്‍ സാധാരണ ജനമല്ല, സമൂഹത്തില്‍ മേല്‍ക്കൈ സ്ഥാപിച്ചെടുത്തിട്ടുള്ള കൂട്ടരാണ്.

കാശ് ഉപയോഗിക്കാതെയുള്ള ധനവിനിമയം എന്ന ആശയത്തെ ഉദ്‌ഘോഷിക്കുന്നവര്‍ പാശ്ചാത്യമാതൃകകളാണ് എപ്പോഴും ഉയര്‍ത്തിക്കാട്ടാറുളളത്. വികസിത നാടുകളില്‍ ഡിജിറ്റല്‍ മണിക്കാണ് മേല്‍ക്കോയ്മ. സ്വീഡനില്‍ മൂന്ന് ശതമാനം പേര്‍ മാത്രമേ കറന്‍സി ഉപയോഗിക്കുന്നുള്ളൂ എന്നൊക്കെയാണ് പറയാറുള്ളത്. പക്ഷേ, വികസിത പാശ്ചാത്യ നാടുകളിലെ മാതൃകകള്‍ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് എത്രത്തോളം പ്രായോഗികമാണെന്ന് ആലോചിക്കണം. കീശയിലുള്ള കറന്‍സി നോട്ടിന്റെ ഉപയോഗത്തില്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ വളരെ വലിയ അംശമുണ്ട്. അതിന്റെ സാന്നിധ്യമുണ്ട്. എന്നാല്‍, ഡിജിറ്റല്‍ മണി നമ്മെ എത്തിക്കുന്നത് ചില വ്യവസ്ഥകളുടെ മേലുള്ള പരാശ്രയത്വത്തിലാണ്. അതുകൊണ്ട് തന്നെ ഡിജിറ്റല്‍ മണിയെ സാമാന്യമായ ഒരു ബദല്‍ വഴിയായി കാണാനാവുകയില്ല. അതേസമയം കറന്‍സി ക്ഷാമത്തെ നേരിടുന്നതിനുള്ള ബദല്‍ വഴിയായി ലോക്കല്‍ കറന്‍സിയിലേക്ക് തിരിഞ്ഞുകൂടേ എന്നാണ് നാം ആലോചിക്കേണ്ടത്. പല യൂറോപ്യന്‍ രാജ്യങ്ങളും ഈ വഴി സ്വീകരിച്ചിട്ടുമുണ്ട്. ചില്ലറക്ഷാമം കൊടുമ്പിരിക്കൊണ്ട കാലത്ത് പണ്ട് പ്രാദേശികമായി ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തി നാം തന്നെ പ്രാദേശിക നാണയ വ്യവസ്ഥ പരീക്ഷിച്ചുനോക്കിയതാണ്. ഈ സമ്പ്രദായം വിജയിച്ചതായാണ് ചരിത്രം. സൈ്വപ്പിങിലേക്കും ഇ-വാലറ്റിലേക്കും കളംമാറിച്ചവിട്ടുന്നതിനു മുമ്പ് എന്തുകൊണ്ട് ലോക്കല്‍ കറന്‍സി എന്ന ബദല്‍ വഴിയെക്കുറിച്ച് നമുക്ക് ഗൗരവപൂര്‍വം ചിന്തിച്ചുകൂടാ?

പ്രാദേശിക കറന്‍സികള്‍ നിറവേറ്റുന്ന ധര്‍മം ധനവിനിമയ രംഗത്ത് ഭരണകൂടത്തിന്റെ ഇടപെടലുകള്‍ കുറയ്ക്കുക എന്നതാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ സമ്പ്രദായം വളരെ മുന്‍പേതന്നെ നിലവിലുണ്ട്. സാധാരണ നിലയ്ക്കു തന്നെ യൂറോപ്പില്‍ യൂറോ എന്ന കറന്‍സിക്കു പുറമെ അതതു രാജ്യത്തെ കറന്‍സികള്‍ ഫ്രാങ്ക്, മാര്‍ക്ക്, പൗണ്ട് തുടങ്ങിയവ വിപണിയിലുണ്ടല്ലോ. ഈ ദേശീയ കറന്‍സികള്‍ക്കു പുറമെയാണ് പ്രാദേശിക കറന്‍സികള്‍. ബ്രിട്ടനിലെ ലെവെട്‌സിലെ ലെവെസ് പൗണ്ടും ടോട്‌നസ്സ് കറന്‍സിയും അമേരിക്കയിലെ മസാചു സെറ്റ്‌സിലെ ബെര്‍ക്ക്ഫര്‍ കറന്‍സിയും മറ്റും ഉദാഹരണം. സര്‍ക്കാര്‍ കറന്‍സിയെ വെല്ലുവിളിക്കുന്ന ഇവ ബദല്‍ നാണയവ്യവസ്ഥയല്ല. മറിച്ച് നിലവിലുള്ള കറന്‍സി സമ്പ്രദായത്തിന് പൂരകമായി പ്രവര്‍ത്തിക്കുന്നതാണ്. ഉദാഹരണത്തിന് ടോട്‌നസ്സ് നഗരത്തിലെ 50 കടകളില്‍ ടോട്‌നസ്സ് കറന്‍സി സ്വീകരിക്കുന്നു എന്ന് വയ്ക്കുക. ഈ ശൃംഖലയില്‍ ഇടപാടു നടത്താന്‍ പ്രസ്തുത കറന്‍സി മതി. ഈ കറന്‍സി ദേശീയ കറന്‍സിയുമായി കൈമാറ്റം ചെയ്യാന്‍ ട്രാന്‍സിഷന്‍ സെന്ററുകളുണ്ടാവും. പ്രാദേശിക വിനിമയ വിപണി സമ്പ്രദായം (ലോക്കല്‍ എക്‌സ്‌ചേഞ്ച് ട്രേഡിങ് സിസ്റ്റം) വഴി വിജയകരമായി ഈ കൈമാറ്റം നടക്കുന്നു.
ലോക്കന്‍ കറന്‍സി എന്ന ബദല്‍വഴിയുടെ പ്രയോക്താക്കള്‍ അവകാശപ്പെടുന്നത് വിപണനത്തെ പ്രാദേശികവല്‍ക്കരിക്കാന്‍ ഇതുവഴി സാധിക്കുന്നു എന്നാണ്. ഓരോ പ്രദേശത്തുമുള്ള ഉല്‍പന്നങ്ങള്‍ അതത് പ്രദേശത്തുള്ള പാര്‍ട്ടിസിപ്പേറ്റിങ് സ്റ്റോറുകളിലൂടെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ ആ പ്രദേശത്തിന്റെ സമ്പത്ത് മറ്റൊരിടത്തേക്ക് ചോര്‍ന്നുപോകുന്നില്ല. ഗ്രാമത്തിലെ സമ്പത്തിനെ നഗരങ്ങള്‍ക്ക് ചൂഷണം ചെയ്യാന്‍ സാധിക്കില്ല. ഇത് ഒരര്‍ഥത്തില്‍ ഓരോ ദേശത്തിനും സാമ്പത്തിക സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന ഏര്‍പ്പാടാണ്. പാരിസ്ഥിതിക വിവക്ഷകള്‍ കൂടി ഉള്‍ക്കൊള്ളുന്ന സംവിധാനമാണിത്. ഉല്‍പന്നങ്ങള്‍ ഒരു പ്രദേശത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോഴുള്ള ഇന്ധനനഷ്ടം, കാര്‍ബണ്‍ വികിരണം മൂലമുണ്ടാവുന്ന പ്രയാസങ്ങള്‍ എന്നിവയെല്ലാം വിപണിയെ അതത് പ്രദേശത്ത് തന്നെ പരിമിതപ്പെടുത്തുന്നതിലൂടെ കുറയ്ക്കാനാവും.

ചില്ലറക്ഷാമകാലത്ത് വ്യാപാരികള്‍ ഏര്‍പ്പെടുത്തുന്ന ടോക്കണ്‍ സമ്പ്രദായം ഒരര്‍ഥത്തില്‍ പ്രാദേശിക കറന്‍സി തന്നെയാണ്. ടോള്‍ബൂത്തുകളില്‍ നാണയങ്ങള്‍ക്ക് പകരം മിഠായി തരുമ്പോഴും ഈ ആശയം തന്നെയാണ് സാക്ഷാത്കരിക്കപ്പെടുന്നത്. നോട്ട് അസാധുവാക്കലിനെത്തുടര്‍ന്നുണ്ടായ വിപത്തുകളെ നേരിടാന്‍ ചില സഹകരണ ബാങ്കുകള്‍ പ്രീപെയ്ഡ് ക്രെഡിറ്റ് സ്ലിപ്പുകള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. അത് ലോക്കല്‍ കറന്‍സിയുടെ പാഠഭേദമാണ്. ഒരു പ്രദേശത്തെ സര്‍വീസ് സഹകരണ ബാങ്കില്‍ അക്കൗണ്ടുള്ള ആളുകള്‍ക്ക് പ്രസ്തുത ബാങ്ക് നല്‍കുന്ന ക്രെഡിറ്റ് സ്ലിപ്പുകള്‍ ആ പ്രദേശത്തെ പച്ചക്കറിക്കടകള്‍, മത്സ്യമാര്‍ക്കറ്റ്, പലചരക്ക് കടകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്നു. സ്ലിപ്പിലെ തുക സ്ഥാപനത്തിന്റെ കണക്കിലേക്ക് വരവ് വയ്ക്കുന്നു. ഇത് സാമാന്യമായി സ്വീകാര്യമായ സമ്പ്രദായമാണ്. മാത്രമല്ല, വന്‍ ഡിജിറ്റല്‍ സ്ഥാപനങ്ങളെ പ്രാദേശികമായി പ്രതിരോധിക്കുന്നതിനുള്ള ഫലപ്രദമായ വഴികൂടിയാണ്. കാര്‍ഡ് സമ്പ്രദായത്തിലേക്ക് മാറാന്‍ സര്‍ക്കാര്‍ ആഹ്വാനത്തില്‍ ചില അജന്‍ഡകള്‍ ഒളിഞ്ഞിരിപ്പുണ്ട്. സൈ്വപ്പിങ് മെഷീനുകള്‍ ഉപയോഗിക്കുന്ന വന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഇടപാടുകള്‍ മാറ്റുക എന്ന സൂത്രം അതില്‍ അടങ്ങിയിട്ടുണ്ട്. ചെറുകിട കച്ചവടക്കാരുടെ തകര്‍ച്ചയ്ക്കാണ് അതു വഴിവയ്ക്കുക. ലോക്കല്‍ കറന്‍സിയായാലും അതിന്റെ വകഭേദമായ ക്രെഡിറ്റ് സ്ലിപ്പായാലും ഈ തകിടം മറിച്ചിലിനെ പ്രതിരോധിക്കാനുള്ള ശ്രമമായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.