2019 February 18 Monday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണത്തിന് മുന്‍ഗണന

കൊച്ചി: പ്രളയാനന്തര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണത്തിന് മുന്‍ഗണന നല്‍കുമെന്ന് മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു. ഏതൊക്ക റോഡുകളാണെന്ന് തീരുമാനിക്കുന്നതിനായി പൊതുമരാമത്ത,് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പ്രതിപക്ഷനേതാവ് എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാനും ഇന്നലെ നടന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ആവശ്യമെങ്കില്‍ പ്ലാന്‍ഫണ്ട് വര്‍ക്കുകളില്‍ റോഡ് അറ്റകുറ്റപ്പണി ഉള്‍പ്പെടുത്താമെന്ന് മേയര്‍ പറഞ്ഞു.
എലിപ്പനി, ഡെങ്കി തുടങ്ങിയ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ഇതിനായി പ്രത്യേക ഷെഡ്യൂള്‍ തയ്യാറാക്കും. ആവശ്യമായ സ്ഥലങ്ങളില്‍ ഹോമിയോ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. പ്രളയത്തില്‍ അകപ്പെട്ടവര്‍ക്കായി കൊച്ചി കോര്‍പ്പറേഷനില്‍ 98 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി ആരോഗ്യ സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.കെ.മിനിമോള്‍ പറഞ്ഞു. വീടുകള്‍ വാസയോഗ്യമല്ലാത്തതിനാല്‍ 35 പേര്‍ ഇടപ്പള്ളി കുന്നുംപുറത്തെ ക്യാംപില്‍ തുടരുന്നു. ഇതില്‍ നാലു വീടുകള്‍ക്ക് അറ്റകുറ്റപ്പണി ആവശ്യമുണ്ട്. ലൈബ്രറി ഹാളിലാണ് കുടുംബങ്ങളെ പാര്‍പ്പിച്ചിരിക്കുന്നത്. മിനിമോള്‍ പറഞ്ഞു. പ്‌ളാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി ഇവരുടെ വീടുകള്‍ വാസയോഗ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് മേയര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മേയറുടെ ഇടപെടല്‍ കാര്യക്ഷമമല്ലെന്നും സര്‍ക്കാരിന്റെ ഏകോപന പ്രവര്‍ത്തനങ്ങളില്‍ കാര്യമായ സഹകരണം ഉണ്ടായില്ലെന്നും ആരോപിച്ച് പ്രതിപക്ഷം കൗണ്‍സില്‍ ബഹിഷ്‌കരിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ കോര്‍പറേഷന്‍ ആയിരുന്നിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ മാത്രം നല്‍കാനുള്ള തീരുമാനം നാണക്കേടുണ്ടാക്കുമെന്ന് വി.കെ മിനിമോള്‍ പറഞ്ഞു.
പ്രളയത്തിന് ശേഷം ബ്രഹ്മപുരത്ത് മാലിന്യം എത്തുന്നത് നിരീക്ഷിക്കാന്‍ യാതൊരു സംവിധാനവും ഇല്ലെന്നും മാലിന്യം കുന്നുകൂടിയാല്‍ അത് വീണ്ടും ഒരു ദുരന്തത്തിന് ഇടയാക്കുമെന്നും പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി ചൂണ്ടിക്കാട്ടി.
പ്ലാന്‍ ഫണ്ട് ചെലവഴിക്കാന്‍ കാലതാമസം നേരിടുന്നതായി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോസഫ് അറിയിച്ചു. ഉദ്യോഗസ്ഥര്‍ ഇല്ലാത്തതും ടെന്‍ഡറുകള്‍ കൃത്യസമയത്ത് നടക്കാത്തതും നടന്നവ അനുവദിച്ച് ലഭിക്കാത്തതുമായി പല കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. മുന്നൂറിലധികം സ്പില്‍ ഓവര്‍ പ്രവൃത്തികളും എഴുന്നുറിലധികം തനത് വര്‍ഷത്തെ പ്രവൃത്തികളുമാണ് നടപ്പിലാക്കാനുള്ളത്. ഇനി അധികം മാസങ്ങള്‍ ഇല്ലാത്തതിനാല്‍ എല്ലാവരും യുദ്ധകാല അടിസ്ഥാനത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രവൃത്തികള്‍ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തീര്‍ക്കാനാകൂ എന്നും അവര്‍ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.