2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

തകര്‍ച്ച പൂര്‍ണം

 

ജലീല്‍ അരൂക്കുറ്റി#

കൊച്ചി: ദുര്‍ബലരായ പൂനെ സിറ്റിക്ക് മുന്നിലും തകര്‍ന്നടിഞ്ഞു കേരള ബ്ലാസ്റ്റേഴ്‌സ്. ഏകപക്ഷീയമായ ഒരുഗോളിനാണ് പൂനെ സിറ്റി എഫ്.സി ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത്. അവസാന പ്രതീക്ഷയുമായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് എത്തിയ ആരാധകരെ തോല്‍വിയോടെ നിരാശരാക്കി ബ്ലാസ്റ്റേഴ്‌സ്. കളിയുടെ 20ാം മിനുട്ടില്‍ മാഴ്‌സെലീഞ്ഞോയാണ് പൂനെയുടെ വിജയഗോള്‍ നേടിയത്. നിരാശപ്പെടുത്തുന്ന കളിയായിരുന്നു ഇന്നലെയും ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. ശരാശരി നിലവാരം മാത്രം പുലര്‍ത്തിയ മത്സരത്തിന്റെ ആദ്യപകുതിയില്‍ പൂനെയ്ക്കും രണ്ടാം പകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിനുമായിരുന്നു നേരിയ മുന്‍തൂക്കം. എന്നാല്‍ ഒരു ഗോള്‍ വീണതൊഴിച്ചാല്‍ കളി വിരസമായിരുന്നു.
അഞ്ചാം സീസണില്‍ ആരാണ് കൂടുതല്‍ ദുര്‍ബലര്‍ എന്ന് തെളിയിക്കാന്‍ മത്സരിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സും പൂനെയും. മുന്‍ മത്സരങ്ങളിലേതു പോലെ ഇന്നലെയും ബ്ലാസ്റ്റേഴ്‌സ് അവസരങ്ങള്‍ തുലച്ചു. പൂനെയുടെ കൂടുതല്‍ മികച്ച വിജയം തടഞ്ഞത് ഗോളി ധീരജ് സിങിന്റെ മകച്ച പ്രകടനമാണ്. ഈ സീസണില്‍ 11 മത്സരങ്ങളില്‍നിന്ന് പൂനെയുടെ രണ്ടാമത്തെ ജയമാണിത്. 11 മത്സരങ്ങളില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന്റെ നാലാം തോല്‍വിയും. ആദ്യ മിനുട്ടില്‍ സ്‌റ്റൊയാനോവിച്ച് പന്തുമായി എതിര്‍ബോക്‌സിലേക്ക് ഓടിക്കയറിയെങ്കിലും പ്രതിരോധത്തെ മറികടന്നു ലക്ഷ്യം നേടാനായില്ല.
തൊട്ടുപിന്നാലെ പൂനെയുടെ മലയാളി താരം ആഷിഖ് കുരുണിയന്‍ പന്തുമായി ഓടിക്കയറി ബോക്‌സില്‍ പ്രവേശിച്ച ശേഷം പായിച്ച ഇടംകാലന്‍ ഷോട്ട് നെറ്റിന്റെ സൈഡില്‍ പതിച്ചു. അഞ്ചാം മിനുട്ടില്‍ സഹില്‍ പന്‍വറിന്റെ പിഴവില്‍നിന്ന് പന്ത് പിടിച്ചെടുത്ത് കുതിച്ച ദുംഗല്‍ ഗോള്‍വലയെ ലക്ഷ്യമാക്കി ഷോട്ട് ഉതിര്‍ത്തെങ്കിലും മാത്യു മില്‍സ് ബ്ലോക്ക് ചെയ്ത് അപകടം ഒഴിവാക്കി. ഏഴാം മിനുട്ടില്‍ പൂനെ ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും ധീരജ് സിങ്ങിന്റെ ഇടപെടല്‍ അപകടം ഒഴിവാക്കി. 13 ാം മിനുട്ടില്‍ സഹലും അവസരം പാഴാക്കി. 20 ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് വല കുലുങ്ങി. മൈതാന മധ്യത്തുനിന്ന് ഇയാന്‍ ഹ്യൂം തുടക്കമിട്ട നീക്കത്തിനൊടുവില്‍ പന്ത് ഇടതുവിങില്‍ ആഷികിലേക്ക്്. പന്ത് കിട്ടിയ ആഷിക് കുരുണിയന്‍ ബോക്‌സില്‍ കടന്ന് മാഴ്‌സെലീഞ്ഞോക്ക് നല്‍കി. മാഴ്‌സെലീഞ്ഞോയ്ക്ക് പിഴച്ചില്ല. ധീരജ് സിങ്ങിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് വലയില്‍. കളി പൂനെയുടെ നിയന്ത്രണത്തിലായി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.