2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഡ്രൈവിങ് സീറ്റില്‍

 

മെല്‍ബണ്‍: ജസ്പ്രീത് ബുംമ്രയും പാറ്റ് കമ്മിന്‍സും തകര്‍ത്താടിയ ദിനത്തില്‍ ആടിയുലഞ്ഞ് ഓസീസും ടീം ഇന്ത്യയും. ആസ്‌ത്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 346 റണ്‍സിന്റെ മികച്ച ലീഡില്‍. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് 151 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ചിന് 54 എന്ന പരിതാപകരമായ നിലയിലാണ്. ഒന്നാം ഇന്നിങ്‌സിലെ 292 റണ്‍സിന്റെ മികച്ച ലീഡാണ് ഇന്ത്യക്ക് തുണയായത്. രണ്ടാം ഇന്നിങ്‌സില്‍ മായങ്ക് അഗര്‍വാളും (28*) റിഷഭ് പന്തുമാണ് (6*) ക്രീസില്‍. ജസ്പ്രീത് ബുംമ്രയുടെ ദിനമായിരുന്നു ഇന്നലെ. ഒപ്പം പാറ്റ് കമ്മിന്‍സിന്റെയും. പത്ത് വിക്കറ്റുകളുടെ ബലത്തില്‍ എട്ടു റണ്‍സുമായി ഒന്നാം ഇന്നിങ്‌സ് പുനരാരംഭിച്ച ആസ്‌ത്രേലിയക്ക് മേല്‍ ഇന്ത്യ ആധിപത്യം സ്ഥാപിച്ചു. ആറു വിക്കറ്റെടുത്ത ജസ്പ്രീത് ബുംമ്ര വിതച്ച കൊടുങ്കാറ്റില്‍ ഓസീസ് പട നിലംപൊത്തി. 15.5 ഓവര്‍ പന്തെറിഞ്ഞ ബുംമ്ര നാലു മെയ്ഡന്‍ ഉള്‍പ്പെടെ 33 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകള്‍ കടപുഴക്കി. കങ്കാരുക്കളില്‍ ഒരാള്‍ക്ക് പോലും അര്‍ധശതകം നേടാനായില്ല. മാര്‍ക് ഹാരിസും (22) ക്യാപ്റ്റന്‍ ടിം പെയ്‌നും (22) ആണ് ടോപ്‌സ്‌കോറര്‍മാര്‍. മെല്‍ബണിലെ പിച്ച് ബൗളര്‍മാര്‍ക്ക് അനുകൂലമായി മാറിയതോടെ മികച്ച സ്‌കോറിന്റെ പിന്‍ബലമുള്ള ഇന്ത്യക്ക് രണ്ടു ദിനം ബാക്കി നില്‍ക്കേ വിജയ സാധ്യത ഏറെയാണ്.

നിലതെറ്റി ബാറ്റിങ് നിര

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആസ്‌ത്രേലിയന്‍ വഴിയേ നീങ്ങിയതോടെ ഇന്ത്യന്‍ ബാറ്റിങ് നിരയും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. മികച്ച മുന്‍തൂക്കം ലഭിച്ചിട്ടും ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങിനിറങ്ങിയ കോഹ്‌ലിയുടെ തീരുമാനം തെറ്റെന്നു തെളിയിക്കുന്നതായി പ്രകടനം. ഹനുമാ വിഹാരി (13), ചേതേശ്വര്‍ പുജാര (0), വിരാട് കോഹ്‌ലി (0), അജിങ്ക്യ രഹാനെ (1), രോഹിത് ശര്‍മ (5) എന്നിങ്ങനെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് വിലപ്പെട്ട അഞ്ച് വിക്കറ്റുകള്‍. പാറ്റ് കമ്മിന്‍സാണ് നാല് വിക്കറ്റ് പിഴുത് ഇന്ത്യന്‍ മുന്‍നിരയുടെ നട്ടെല്ലൊടിച്ചത്.
ആദ്യ വിക്കറ്റില്‍ മായങ്ക് – വിഹാരി ജോടി 28 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് പിന്നാലെയാണ് തകര്‍ച്ച തുടങ്ങിയത്.

കൊടുങ്കാറ്റായി ബുംമ്ര

ഇഷാന്ത് ശര്‍മ തുടങ്ങിയ വിക്കറ്റ് വേട്ട ജസ്പ്രീത് ബുംമ്ര ഏറ്റെടുക്കുകയായിരുന്നു. ഓപ്പണര്‍ മാര്‍ക്കസ് ഹാരിസ് ആയിരുന്നു ആദ്യ ഇര. 22 റണ്‍സെടുത്ത ഹാരിസിനെ ഇഷാന്തിന്റെ കൈകളില്‍ എത്തിച്ചു. ഷോണ്‍ മാര്‍ഷിനെ (19) എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കിയ ബുംമ്ര ട്രാവിസ് ഹെഡിനെ (20) ക്ലീന്‍ബൗള്‍ഡാക്കി. ഓസീസിന്റെ രക്ഷകനായി അവതരിക്കാന്‍ ശ്രമിച്ച നായകന്‍ ടിം പെയ്‌നിന്റെ (22) അന്തകനായി ബുംമ്ര അവതരിച്ചു. ഋഷഭ് പന്തിന്റെ കൈകളില്‍ എത്തിച്ചാണ് ടിം പെയ്‌നിനെ കൂടാരം കയറ്റിയത്. സ്പിന്നര്‍ നഥാന്‍ ലിയോണ്‍ (0) ആയിരുന്നു ബുംമ്രയുടെ അഞ്ചാം ഇര. വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് ലിയോണ്‍ മടങ്ങിയത്. ജോഷ് ഹെയ്‌സല്‍വുഡിന്റെ (0) കുറ്റിതെറുപ്പിച്ച ബുംമ്ര ആസ്‌ത്രേലിയയുടെ അന്തകനായി മാറി. കരിയര്‍ ബെസ്റ്റ് പ്രകടനമാണ് ബുംമ്ര നടത്തിയത്.

ബ്രേക്ക് ത്രൂ

സുരക്ഷിതമായി ഇന്നിങ്‌സിന് തുടക്കമിട്ട ഓസീസിനെ ഞെട്ടിച്ചത് ഇഷാന്ത് ശര്‍മയായിരുന്നു. വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ മുന്നറിയിപ്പുമായി ഓസീസ് സ്‌കോര്‍ 24 ല്‍ നില്‍ക്കേ ആരോണ്‍ ഫിഞ്ചിനെ (8) മായങ്കിന്റെ കൈകളില്‍ എത്തിച്ചു ഇഷാന്ത്.
പരമ്പരയില്‍ ആദ്യമായി കളിക്കാനിറങ്ങിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഓസീസിന്റെ മൂന്നാം വിക്കറ്റ് പിഴുതത്. ഉസ്മാന്‍ ഖവാജയെ (21) മായങ്കിന്റെ കൈകളില്‍ എത്തിച്ചാണ് ജഡേജ വിക്കറ്റ് വീഴ്ത്തിയത്.
മിച്ചല്‍ മാര്‍ഷിനെ (9) രഹാനെയുടെ കൈകളില്‍ എത്തിച്ചു ജഡേജ പരമ്പരയിലെ തന്നെ തന്റെ രണ്ടാമത്തെ വിക്കറ്റ് സ്വന്തമാക്കി. കങ്കാരുക്കളുടെ ഏഴാം വിക്കറ്റ് സ്വന്തമാക്കിയാണ് മുഹമ്മദ് ഷമി അക്കൗണ്ട് തുറന്നത്. പാറ്റ് കമ്മിന്‍സിന്റെ (17) കുറ്റിപിഴുതായിരുന്നു ഷമി വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

45 വിക്കറ്റ്; 39 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് ബുംമ്ര

മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ വര്‍ഷം അവിസ്മരണീയമാക്കി ജസ്പ്രീത് ബുംമ്ര. 39 വര്‍ഷം പഴക്കുമുള്ള ദിലീപ് ജോഷിയുടെ റെക്കോര്‍ഡാണ് ബുംമ്ര തകര്‍ത്തത്. മെല്‍ബണില്‍ ആസ്‌ത്രേലിയക്കെതിരേ ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ബുംമ്ര 1979 ല്‍ ദിലീപ് ജോഷി സ്ഥാപിച്ച 40 വിക്കറ്റ് നേട്ടമാണ് മറികടന്നത്.
അരങ്ങേറ്റ വര്‍ഷത്തില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരമായി ജസ്പ്രീത് ബുംമ്ര മാറി. അരങ്ങേറ്റ വര്‍ഷത്തില്‍ ബുംറയ്ക്ക് ആകെ 45 വിക്കറ്റുകളായി.
1996 ല്‍ വെങ്കിടേഷ് പ്രസാദ് 37 വിക്കറ്റുമായി മൂന്നാം സ്ഥാനത്ത്. 1988 ല്‍ നരേന്ദ്ര ഹിര്‍വാനി 36 വിക്കറ്റുമായും 2006 ല്‍ ശ്രീശാന്ത് 35 വിക്കറ്റുമായും അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു. ഷോണ്‍ മാര്‍ഷിനെ പുറത്താക്കിയ ബുംമ്രയുടെ സ്ലോ യോര്‍ക്കര്‍ ഏറെ ചര്‍ച്ചയായി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News