2018 August 15 Wednesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

ഡ്രൈവിങ് ലൈസന്‍സ് ഇനി ഡിജിറ്റല്‍ രൂപത്തില്‍

ഡിജിലോക്കര്‍ അംഗീകരിച്ച് വിജ്ഞാപനമിറങ്ങി

ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് രേഖകള്‍ എന്നിവ ഇനി പേഴ്‌സിലോ വണ്ടിയിലോ സൂക്ഷിക്കണമെന്നില്ല. ഇവ പഴകി നശിക്കുമെന്ന പേടിയും വേണ്ട. ഇനി ഇവയെല്ലാം മൊബൈലിലേക്കും വരുന്നു. ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇവയുടെയെല്ലാം ഡിജിറ്റല്‍ പകര്‍പ്പുകള്‍ അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്ര റോഡ്, ഹൈവേ മന്ത്രാലയത്തിന്റെ പകര്‍പ്പ് പുറത്തിറങ്ങി.

ഒറിജിനല്‍ രേഖകള്‍ക്കു നല്‍കുന്ന മൂല്യം തന്നെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ക്കും നല്‍കുന്നുവെന്നതാണ് വിജ്ഞാപനത്തിന്റെ പ്രത്യേകത. ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നീ സര്‍ക്കാര്‍ അംഗീകൃത മൊബൈല്‍ ആപ്പുകളിലാണ് രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ സൂക്ഷിച്ചുവയ്ക്കുന്നത്. സേവനം ലഭ്യമാക്കാന്‍ ഉപയോക്താക്കള്‍ ഇവയിലേതെങ്കിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണം. എന്നിട്ട് നമുക്ക് ആവശ്യമായ രേഖകളും അനുബന്ധ വിവരങ്ങളും ആപ്പില്‍ സൂക്ഷിക്കാം. ട്രാഫിക് പോലിസോ മറ്റേതെങ്കിലും അധികാരികളോ ആവശ്യപ്പെടുന്ന പക്ഷം ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയാവും.

ക്യു.ആര്‍ കോഡില്‍ നിന്നാണ് അധികാരികള്‍ വിവരങ്ങള്‍ ശേഖരിക്കുക. ക്യു.ആര്‍. കോഡ് ഉപയോക്താക്കളാണ് നല്‍കേണ്ടത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം സര്‍ക്കാരിന്റെ തന്നെ വാഹന്‍, സാരഥി എന്നീ ഡാറ്റാ ബേസുകള്‍ ഉപയോഗിച്ച് നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ക്ക് കഴിയും.

രാജ്യവ്യാപകമായി നടപ്പാക്കുന്ന നിയമം ആദ്യം ഏറ്റെടുത്തത് ബിഹാര്‍, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഈ രണ്ട് ആപ്പുകളിലൂടെ ലഭ്യമാകുന്ന രേഖകള്‍ പരിഗണിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.