2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ഡോണിനെ തള്ളി പാകിസ്താന്‍; വാര്‍ത്തയില്‍ മാറ്റമില്ലെന്ന് പത്രം

ഇസ്്‌ലാമാബാദ്: ഭീകരവാദികള്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെടുമെന്ന പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രസ്്താവന സംബന്ധിച്ച വാര്‍ത്ത നവാസ് ശരീഫിന്റെ ഓഫിസ് നിഷേധിച്ചു. പത്താന്‍കോട് ഭീകരാക്രമണം ഉള്‍പ്പെടെ പുനരന്വേഷിക്കണമെന്നാണ് നവാസ് ശരീഫ് സൈനിക മേധാവിയുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞതെന്നായിരുന്നു ഡോണിന്റെ വാര്‍ത്ത.
ഭീകരവാദികള്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ സൈന്യത്തിനും പ്രവിശ്യാസര്‍ക്കാറുകള്‍ക്കും നിര്‍ദേശം നല്‍കിയെന്നും വാര്‍ത്തയിലുണ്ടായിരുന്നു. യോഗത്തില്‍ പങ്കെടുത്ത പേരുവെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഡോണ്‍ പാക് ഭരണകൂടത്തെ വിഷമവൃത്തത്തിലാക്കിയ വാര്‍ത്ത പുറത്തുവിട്ടത്.
എന്നാല്‍ വാര്‍ത്തയെ കടുത്തഭാഷയില്‍ തള്ളുന്നതായി പാക് പ്രധാനമന്ത്രിയുടെ ഓഫിസ് വക്താവ് പറഞ്ഞു. വാര്‍ത്ത യാഥാര്‍ഥ്യത്തിനു നിരക്കാത്തതും ഭാവനാപരമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത ആരും ഇത്തരം വാര്‍ത്ത നല്‍കിയിട്ടില്ല. വാര്‍ത്ത തെറ്റായ റിപ്പോട്ടിങ്ങിന്റെ ഭാഗമാണെന്നും വക്താവ് പറഞ്ഞു. പത്രപ്രവര്‍ത്തനത്തിന്റെ പെരുമാറ്റചട്ടങ്ങള്‍ ഡോണ്‍ ലംഘിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു.
പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയവും വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തി. വാര്‍ത്ത ഭാവനയില്‍ നിന്ന് ഉടലെടുത്തതാണെന്ന് പാക് വിദേശകാര്യ മന്ത്രാലയം വക്താവ് നഫീസ് സകരിയ പറഞ്ഞു. ദേശസുരക്ഷയെ ബാധിക്കുന്നതാണ് വാര്‍ത്തയെന്നും രാജ്യത്തിന് ഇതു ഗുണം ചെയ്യില്ലന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കുന്നതായി ഡോണ്‍ എഡിറ്റോറിയല്‍ ബോര്‍ഡ് പറഞ്ഞു. വാര്‍ത്ത നല്‍കിയ ഉറവിടം സംബന്ധിച്ച് വെളിപ്പെടുത്താനാകില്ലെന്നും അവരുടെ അറിയിപ്പില്‍ പറയുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.