2018 April 14 Saturday
കടമ കൃത്യമായും ഭംഗിയായും നിര്‍വഹിക്കാത്തവന് അവകാശങ്ങളില്ല.
മഹാത്മാ ഗാന്ധി

ഡെങ്കിപ്പനിയെ കരുതിയിരിക്കുക

മഴക്കാലം എന്നത് പനിക്കാലം എന്നായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ രീതിയിലാണ് പനിയും മറ്റ് പകര്‍ച്ച വ്യാധികളും നമ്മുടെ നാട്ടില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നത്. പാടത്തും വരമ്പത്തും ഓടിനടന്ന് തോട്ടില്‍ ചൂണ്ടയിട്ട് കുളത്തില്‍ മുങ്ങാങ്കുഴിയിട്ട് ആഘോഷകരവും സന്തോഷകരവുമായ മഴക്കാലത്തിനു പകരം ആശുപത്രിക്കിടക്കയില്‍ വിറച്ചു കിടക്കുന്ന അനുഭവമാണ് ഇന്ന്.

 

നമ്മുടെ നാട്ടില്‍ വ്യാപകമാകുന്ന പകര്‍ച്ച വ്യാധികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഡെങ്കി പനി. കൊതുകിലൂടെ മനുഷ്യരിലേക്ക് പകരുന്ന ഒരു പ്രത്യേക തരം വൈറല്‍ രോഗമാണിത്.

 

 

ലക്ഷണങ്ങള്‍

104 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ഉയരുന്ന കടുത്ത പനി, തലവേദന, തൊലിപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന അടയാളങ്ങള്‍, പേശിയിലെയും സന്ധികളിലെയും വേദന, നാഭിയിലും പുറത്തും എല്ലിലും കണ്ണിനു പിന്നിലുമായി കാണുന്ന വേദന, കടുത്ത ക്ഷീണം, ശരീരമാസകലം കുളിര്, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവയെല്ലാമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ആദ്യമായി ഡെങ്കിപ്പനി പിടിപെടുന്നവരുടെ ചികിത്സ താരതമ്യേന എളുപ്പമാണ്. എന്നാല്‍, വീണ്ടും വീണ്ടും ഡെങ്കി പിടിപെടുന്നവര്‍, പ്രതിരോധ ശക്തി കുറഞ്ഞവര്‍, പ്രായമായവര്‍, മറ്റു രോഗങ്ങള്‍ ഉള്ളവര്‍ എന്നിവരിലാണ് ഇത് കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നത്.
ഡെങ്കി ഹെമറേജിക് ഫീവര്‍, ഡെങ്കി ഷോക്ക് സിന്‍ഡ്രോം എന്നീ രണ്ട് അവസ്ഥകളിലാണ് ഈ രോഗം ഏറ്റവും ഗുരുതരമാവുന്നത്. രക്തത്തില്‍ പ്ലേറ്റ്‌ലറ്റുകള്‍ അസാധാരണമായി കുറയുകയും വായയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് ഡെങ്കി ഹെമറേജിക് ഫീവര്‍.
രക്തസ്രാവമോ നിര്‍ജലീകരണമോ കൊണ്ട് രക്ത സമ്മര്‍ദം പാടേ താഴുന്ന അവസ്ഥയാണ് ഡെങ്കി ഷോക്ക് സിന്‍ഡ്രോം.

 

 

രോഗം പകരുന്ന വിധം

മറ്റു പകര്‍ച്ചവ്യാധികള്‍ പോലെ ഡെങ്കി പനി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരുകയില്ല. മറിച്ച്, രോഗ ബാധിതനെ കടിക്കുന്ന കൊതുകിലേക്ക് രോഗവൈറസ് പ്രവേശിക്കുകയും അതേ കൊതുക് മറ്റൊരാളെ കടിക്കുമ്പോള്‍ കൊതുകില്‍ നിന്ന് വൈറസ് അയാളിലേക്ക് പകരുകയും രോഗബാധ ഉണ്ടാവുകയും ചെയ്യുന്നു. കാലുകളില്‍ വെള്ള വരകളോടുകൂടിയ ഈഡിസ് ഈജിപ്തി എന്ന കൊതുകുകളാണ് ഈ രോഗം പരത്തുന്നത്.

 

 

രോഗബാധയുള്ളവര്‍ ശ്രദ്ധിക്കേണ്ടത്

ഒരു കാരണവശാലും സ്വയം ചികിത്സയ്ക്ക് മുതിരരുത്. ശരിയായ വിശ്രമവും നല്ല ഭക്ഷണവും ധാരാളം വെള്ളവും ശരീരത്തിന് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ക്രിത്രിമ ആഹാരങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക. രോഗിയെ കടിച്ച കൊതുക് ആരോഗ്യമുള്ള ഒരാളെ കടിക്കുന്നതിലൂടെയാണല്ലോ രോഗം പകരുന്നത്. ആകയാല്‍, രോഗിയെ കൊതുക് കടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

 

 

പ്രതിരോധം ചികിത്സയെക്കാള്‍ മെച്ചം

ചിക്കന്‍പോക്‌സ്, ജലദോഷം എന്നിവ പോലെ ഡെങ്കിപ്പനി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയില്ല. അതിനാല്‍ തന്നെ, പ്രതിരോധം ഒരു പരിധിവരെ എളുപ്പവുമാണ്.
കൊതുകിലൂടെ മാത്രമേ ഈ രോഗം പകരൂ. ആകയാല്‍ കൃത്യമായ കൊതുകു നശീകരണം കൊണ്ടും, കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കുന്നത് കൊണ്ടും ഈ രോഗത്തെ അകറ്റി നിര്‍ത്താന്‍ സാധിക്കും.
കൊതുകുവലകള്‍, ഇറക്കമുള്ള പാന്റുകള്‍, ഷര്‍ട്ടുകള്‍, സോക്‌സ് എന്നിവ ഉപയോഗിക്കുക. ജനലുകളും എയര്‍ ഹോളുകളും വലകള്‍ കെട്ടി കൊതുകിന്റെ പ്രവേശനം തടയുക, കൊതുക് തിരികളും കൊതുക് നാശിനികളും ഉപയോഗിക്കുക എന്നിവയിലൂടെ കൊതുകു കടിയില്‍ നിന്നും രക്ഷനേടാം.
കൂടാതെ, കൊതുകിന്റെ വളര്‍ച്ച നിയന്ത്രിക്കാനായി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വെള്ളം കെട്ടിക്കിടക്കുന്ന ചട്ടികള്‍, പഴയ കുപ്പികള്‍, തുറന്നുവച്ച ചിരട്ടകള്‍, പ്ലാസ്റ്റിക്ക് കവറുകള്‍, ഉപേക്ഷിച്ച ടയറുകള്‍, വെള്ളം കെട്ടിക്കിടക്കുന്ന കുഴികള്‍ ഇവയിലെല്ലാമാണ് കൊതുകുകള്‍ വളരുന്നത്. അതിനാല്‍ ആവശ്യമില്ലാത്ത വെള്ളം കെട്ടിക്കിടക്കുന്ന മേല്‍ പറഞ്ഞവ നശിപ്പിക്കുക ആവശ്യമുള്ള വെള്ളപ്പാത്രങ്ങള്‍ കൊതുകു കടക്കാതെ മൂടിവയ്ക്കുക, ഓടകളില്‍ ഫോഗിങ് നടത്തുക, കൂത്താടികളെ കഴിക്കുന്ന മത്സ്യങ്ങളെ ജലസംഭരണികളില്‍ വളര്‍ത്തുക, വെള്ളക്കെട്ട് നിയന്ത്രിക്കുകയും ചെയ്യുക. കൂടാതെ, രോഗിയെ കൊതുകു കടിക്കുന്നതില്‍ നിന്ന് രക്ഷിച്ചാല്‍ കൊതുകിലേക്ക് രോഗാണുക്കളുടെ പ്രവേശനം തടയാനും അതുവഴി മറ്റുള്ളവരെ രക്ഷിക്കാനും നമുക്ക് സാധിക്കും. ഡങ്കി ബാധിത മേഖലകളിലേക്ക് പോകുന്ന യാത്രക്കാര്‍ ഒരു കാരണവശാലും കൊതുകുകടി കൊള്ളുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

 

 

ഡെങ്കിപ്പനി ഭയപ്പെടേണ്ട

ഓരോ ദിവസത്തേയും പത്ര വാര്‍ത്തകള്‍ കണ്ട് നാം ഭയചിക്തരായിരിക്കുകയാണ്. ചെറിയ ജലദോഷം വരുമ്പോഴേക്കും ഡെങ്കിപ്പനിയാണോ എന്ന് പേടിച്ച് ആശുപത്രിയിലെത്തുന്നവരും കുറവല്ല. ഈ സാഹചര്യത്തില്‍ താഴെ പറയുന്നവ ഓര്‍ത്ത് വെക്കുന്നത് നന്നാവും.

  • എല്ലാ പനിയും ഡെങ്കിപ്പനിയല്ല
  •  രോഗിയോ പരിചരിച്ചതുകൊണ്ടോ ഒന്നിച്ചിരുന്നത് കൊണ്ടോ രോഗം പകരില്ല. മറിച്ച് കൊതുകുകടിയിലൂടെയാണ് പകരുന്നത്.
  •  പ്ലേറ്റ്‌ലറ്റ് അളവ് കുറഞ്ഞത് കൊണ്ട് മാത്രം ഡെങ്കിപ്പനി ആവണമെന്നില്ല. സാധാരണ വൈറല്‍ ഇന്‍ഫക്ഷനുകളിലും പ്ലേറ്റ്‌ലറ്റ് അളവ് കുറയാറുണ്ട്.
  • ശരിയായ ചികിത്സ നേടുകയും ആവശ്യമായ വിശ്രമം, നല്ല ഭക്ഷണം എന്നിവ ലഭിക്കുകയും ചെയ്താല്‍ ഒന്നാം തവണ ഡെങ്കിപ്പനി പിടിപെടുന്നവരിലെ അപകട സാധ്യത വളരെ കുറവാണ്.
  •  ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, ആദ്യമായി ഡെങ്കിപ്പനി വരുന്ന ഒരാളില്‍ ശരിയായ ചികിത്സയും ഭക്ഷണവും ലഭിക്കുകയാണെങ്കില്‍ മരണ സാധ്യത ഒരുശതമാനത്തില്‍ താഴെ മാത്രമേ ഉള്ളൂ. എന്ന് കരുതി സ്വയം ചികിത്സക്കോ മതിയായ യോഗ്യതയില്ലാത്തവരുടെ ചികിത്സക്കോ മുതിരുന്നത് അപകടം വിളിച്ച് വരുത്തും.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.