2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഡീസല്‍ ക്ഷാമം രൂക്ഷം: ഡിപ്പോയിലെ 15 ബസുകള്‍ കട്ടപ്പുറത്ത്

പാലാ: ഡീസല്‍ ക്ഷാമം രൂക്ഷമായതിനാല്‍ ഡിപ്പോയിലെ 15 ബസുകള്‍ കട്ടപ്പുറത്ത്. ഡീസലിനൊപ്പം ടയര്‍ക്ഷാമം കൂടി വന്നതോടെ ഡിപ്പോയുടെ പ്രവര്‍ത്തനം അവതാളത്തിലായി.
ഡീസല്‍ ഇല്ലാതായതോടെ അത്യവശ്യ സര്‍വീസുകള്‍ മാത്രം നടത്തിബാക്കിയുള്ള ഡിപ്പോയില്‍ പിടിച്ചിട്ടിരിക്കുകയാണ്. ഇതിനിടയില്‍ മറ്റ് ഡിപ്പോകളില്‍ നിന്നും എത്തുന്ന ദീര്‍ഘ ദൂര സര്‍വീസുകള്‍ക്കും ഡീസല്‍ നല്‍കേണ്ടി വരുന്നത് പ്രതിസന്ധി ഇരട്ടിയാക്കിയിരിക്കുകയാണ്.
രാവിലെ പോയ ഏഴ് കെഎസ്ആര്‍ടിസി ബസുകള്‍ ഡീസല്‍ ഇല്ലാത്തതിനാല്‍ ട്രിപ്പ് മുടക്കി തിരികെയെത്തി. ഓട്ടത്തിന്റെ ദൂരവും ഡീസല്‍ അലോട്ട്‌മെന്നും കുറച്ചതോടെയാണ് ക്ഷാമം രൂക്ഷമായത്. കെഎസ്ആര്‍ടിസി സര്‍വീസ് നിലച്ചതോടെ പാലാ പൊന്‍കുന്നം, മുണ്ടക്കയം, പാലാ വൈക്കം, പാലാ കോട്ടയം റൂട്ടില്‍ യാത്രക്ലേശം രൂക്ഷമാണ്. പാലാ മുണ്ടക്കയം ചെയിന്‍ സര്‍വീസും അവതാളത്തിലായി. കെഎസ്ആര്‍ടിസി കട്ടപ്പുറത്തായതോടെ സ്വകാര്യ ബസുകളുടെ വരുമാനം ഇരട്ടിച്ചു. മിക്ക സര്‍വീസുകളിലും മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതായി ഉടമകള്‍ പറയുന്നു.

കുട്ടനാട്ടിലെ പ്രളയം: ചങ്ങനാശേരി ഡിപ്പോയ്ക്ക് നഷ്ടം 75ലക്ഷം രൂപ

ചങ്ങനാശേരി: എസി റോഡിലെ വെള്ളക്കെട്ടിലുടെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് അറ്റകുറ്റപ്പണിക്കു കയറ്റിയതുമുലവും ഡീസല്‍ ക്ഷാമത്തെ തുടര്‍ന്നും ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ 10 ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കളക്ഷന്‍ കുറവുള്ള സര്‍വീസുകള്‍ റദ്ദു ചെയ്ത് തിരക്കുകൂടുതലുള്ള റൂട്ടിലേക്കു മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ലോഡ് ഡീസല്‍ എത്തിയെങ്കിലും വിവിധ ഡിപ്പോകളിലെ ബസുകള്‍ക്ക് നല്‍കേണ്ടി വന്നു. ഇതുമൂലമാണ് ഡിപ്പോയില്‍ ക്ഷാമം നേരിട്ടത്.ഡിപ്പോയില്‍ ആകെയുള്ള 65 ഷെഡ്യുളുകളില്‍ 45 ഷെഡ്യുളുകളാണു കുട്ടനാട്, ആലപ്പുഴ സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്നത്.
വെള്ളപ്പൊക്കം മൂലം കഴിഞ്ഞ ഒന്നരമാസത്തിനിടയില്‍ ഏതാനും ദിവസങ്ങളില്‍ മാത്രമാണ് ആലപ്പുഴ റൂട്ടില്‍ സര്‍വീസ് നടത്താന്‍ കഴിഞ്ഞത്. ഇതുമൂലം 75 ലക്ഷം രൂപയോളം രൂപയുടെ നഷ്ടമാണു ചങ്ങനാശേരി ഡിപ്പോക്ക് നേരിട്ടത്. ഈ സെക്ടറുകളിലെ റോഡുകള്‍ തകര്‍ന്നത് ബസുകള്‍ക്കു വലിയ കേടുപാടുകള്‍ക്കും കാരണമാകുന്നുണ്ടെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.