2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

ഡീസല്‍ ക്ഷാമം: കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ വെട്ടിക്കുറച്ചു

തിരുവനന്തപുരം: ഡീസല്‍ ക്ഷാമത്തെതുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ വെട്ടിക്കുറച്ചു. സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പില്‍വരുത്തുമ്പോള്‍ സര്‍വിസുകള്‍ മുടങ്ങുന്നതിലൂടെ ഉണ്ടാകുന്ന യാത്രാക്ലേശം കുറച്ചുകാണിക്കാനാണ് ഡീസല്‍ക്ഷാമം പറഞ്ഞ് ഇപ്പോള്‍ സര്‍വിസുകള്‍ വെട്ടിക്കുറയ്ക്കുന്നതെന്നാണ് യൂനിയനുകളുടെ ആരോപണം.
ഇന്നലെ 50 ശതമാനത്തോളം സര്‍വിസുകളാണ് വെട്ടിക്കുറച്ചത്. പല സര്‍വിസുകളും ഉച്ചയോടെ അവസാനിപ്പിച്ചു. തലസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സിയുടെ മിക്ക ഡീസല്‍ വിതരണകേന്ദ്രങ്ങളിലും ഇന്നലെ ഇന്ധനം ഉണ്ടായിരുന്നില്ല. ഡീസല്‍ വിലവര്‍ധന കടുത്ത സാമ്പത്തികബാധ്യതയില്‍ മുന്നോട്ടുപോകുന്ന കെ.എസ്.ആര്‍.ടി.സിക്ക് മറ്റൊരു തിരിച്ചടിയാണ്.
ഡീസല്‍ വാങ്ങിയ വകയില്‍ 185 കോടി രൂപ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് കെ.എസ്.ആര്‍.ടി.സി നല്‍കാനുണ്ട്. ഇതില്‍ കുറച്ച് തുക നല്‍കിയെങ്കിലും മുന്‍പ് ആവശ്യമായിരുന്ന അളവില്‍ ഡീസല്‍ വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി തയാറായില്ല.
ജീവനക്കാരുടെ അഭാവംകാരണം തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഇന്നലെ 10 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍കൂടി മുടങ്ങിയതോടെ സംസ്ഥാനത്ത് യാത്രാക്ലേശം രൂക്ഷമായി.
അതിനിടെ, പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നും ഡീസല്‍ക്ഷാമം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി യൂനിയന്‍ നേതാക്കള്‍ ഇന്നലെ സി.എം.ഡി ടോമിന്‍ തച്ചങ്കരിയെ കണ്ടു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് ചൂണ്ടിക്കാട്ടി നേതാക്കള്‍ തച്ചങ്കരിക്ക് കത്തുനല്‍കി. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട നടപടി പരിശോധിക്കുമെന്ന് സി.എം.ഡി പറഞ്ഞതായി നേതാക്കള്‍ വ്യക്തമാക്കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.