2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

ഡി.സി.സി പ്രസിഡന്റിനെതിരേ പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തി

ചവറ: കോണ്‍ഗ്രസ് ഭരിക്കുന്ന തേവലക്കര പഞ്ചായത്ത് പ്രസിഡന്റിനെ പാര്‍ട്ടിയില്‍ നിന്നും ഡി.സി.സി പ്രസിഡന്റ് സസ്‌പെന്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് നിലവില്‍ പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് ചവറ മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്ന ജോസ് ആന്റണി ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തി.
പഞ്ചായത്തിലെ മറ്റ് കോണ്‍ഗ്രസ് അംഗങ്ങളായ തേവലക്കര ബക്കര്‍, ജോസ് ഹെന്‍ട്രി, അജിതാ കുമാരി, അഖില എന്നിവരും ഡി.സി.സി പ്രസിന്റിനെ തീരുമാനത്തെ എതിര്‍ത്ത് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ച് വിജയിച്ച രാജേഷിന് വേണ്ടി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച് യു.ഡി.എഫ് സംവിധാനത്തില്‍ പ്രസിഡന്റായ തന്നെ പുറത്താക്കിയത് കെ.പി.സി.സി നേതൃത്വത്തെ ഡി.സി.സി പ്രസിഡന്റ് തെറ്റിദ്ധരിപ്പിച്ചാണെന്ന് ജോസ് ആന്റണി ആരോപിച്ചു. ചവറ നിയോജക മണ്ഡലത്തിലെ ഏക കോണ്‍ഗ്രസ് ഭരണ പഞ്ചായത്തായ തേവലക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ വിമതനെ പ്രസിഡന്റാക്കണമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ കോണ്‍ഗ്രസ് അധ്യക്ഷയായി ബിന്ദു കൃഷ്ണ ചുമതല ഏറ്റെടുത്ത ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷയിച്ച് കൊണ്ടിരിക്കുകയാണെന്നും പലയിടത്തും മത്സരിച്ച് പരാജയപ്പെട്ട ഡി.സി.സി പ്രസിഡന്റ് കോണ്‍ഗ്രസിനെ നന്നാക്കാനല്ല തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ജോസ് ആന്റണി പറഞ്ഞു.
വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ കോണ്‍ഗ്രസിന് വിജയം വേണമെങ്കില്‍ നിലവിലെ ഡി.സി.സി പ്രസിന്റായ ബിന്ദുകൃഷ്ണയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ മാത്രമേ കോണ്‍ഗ്രസ് പാര്‍ട്ടി രക്ഷപെടുകയുള്ളൂ.
കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ചാത്തന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ശൂരനാട് രാജശേഖരനെ പരാജയപ്പെടുത്തിയതില്‍ ബിന്ദുകൃഷ്ണക്ക് വ്യക്തമായ പങ്കുണ്ടന്നും ജോസ് ആന്റണി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാഞ്ഞത് വിമതനെ പ്രസിഡന്റാക്കാതിരിക്കാനാണന്നും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിന്ദുകൃഷ്ണയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി രക്ഷപെടും എന്നും വിമതനെ പ്രസിഡന്റാക്കാനുള്ള ഡി.സി.സി പ്രസിഡന്റിന്റെ തീരുമാനത്തോട് മറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും ഏതിര്‍പ്പാണന്ന് ജോസ് ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.