2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഡി.എം.കെ അധികാരത്തിലേറിയാല്‍ പൂര്‍ണ മദ്യനിരോധനം: എം.കെ സ്റ്റാലിന്‍

അശ്‌റഫ് വേലിക്കിലത്ത്

തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലും പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന ഡി.എം.കെ നേതാവും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും യുവാക്കളുടെ ആവേശവുമായ എം.കെ സ്റ്റാലിന്‍ കോയമ്പത്തൂരില്‍ സുപ്രഭാതത്തിനു അനുവദിച്ച അഭിമുഖം.

 

? തമിഴ്‌നാട്ടില്‍ ഡി.എം.കെ മുന്നണിക്കു അനുകൂലമായ തരംഗമാണ് ഇപ്പോഴുള്ളതെന്നു താങ്കള്‍ കരുതുന്നുണ്ടോ.
= തീര്‍ച്ചയായും, ഡി.എം.കെക്കു അനുകൂലമായ ശക്തമായ തരംഗമാണ് സംസ്ഥാനത്തുടനീളം ആഞ്ഞുവീശുന്നത്. ഇത് ജയലളിത സര്‍ക്കാരിനെതിരായ ജനരോഷമാണ്. തീര്‍ച്ചയായും ഞങ്ങള്‍ ശുഭാപ്തി വിശ്വാസത്തില്‍ തന്നെയാണ്. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു.
? ഡി.എം.കെ മുന്നണിക്കു എത്ര സീറ്റുകള്‍ നേടാന്‍ കഴിയും.
= 234 ലും ഞങ്ങള്‍ ജയിക്കുമെന്ന പ്രതീക്ഷയാണുള്ളത്.
? ഡി.എം.കെ മുന്നണിയെ ജനങ്ങള്‍ തെരഞ്ഞെടുത്താല്‍ കൂട്ടുകക്ഷി മന്ത്രി സഭയായിരിക്കുമോ.
= അതിന്റെ ആവശ്യമുണ്ടാവില്ല. ഡി.എം.കെയ്ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നു ഉറപ്പുണ്ട്. കൂടാതെ സഖ്യകക്ഷികള്‍ ആഗ്രഹിക്കുന്നതും ഡി.എം.കെയുടെ ഒറ്റയ്ക്കുള്ള ഭരണമാണ്.
? ജയിച്ചാല്‍ ഡി.എം.കെയുടെ മുഖ്യമന്ത്രി ആരാവും.
= കലൈഞ്ജര്‍ കരുണാനിധി തന്നെ. അദ്ദേഹം ജീവിച്ചിരിക്കുവോളംകാലം അദ്ദേഹം തന്നെയായിരിക്കും മുഖ്യമന്ത്രി.
? താങ്കള്‍ പഴയതുപോലെ ഉപമുഖ്യമന്ത്രി സ്ഥാനത്തു എത്തുമോ.
= അത് പാര്‍ട്ടിയാണ് തീരുമാനിക്കുക.
? ജയലളിതയുടെ അഞ്ച് വര്‍ഷ ഭരണകാലത്തെ താങ്കള്‍ എങ്ങനെ കാണുന്നു.
= സമ്പൂര്‍ണ അഴിമതി, ഏകാധിപത്യം, മന്ത്രിമാരെ പോലും അടിമകളെപോലെ കൈകാര്യം ചെയ്തു. തമിഴ്‌നാടിനെ 50 വര്‍ഷം പിന്നോക്കാവസ്ഥയില്‍ എത്തിച്ചു. ജനങ്ങളെ ദുരിതത്തിലാഴ്ത്തി, കര്‍ഷകരെ കണ്ണീരിലാഴ്ത്തി, വിലകയറ്റം നിയന്ത്രിച്ചില്ല, ജനങ്ങളുടെ പ്രശ്‌നം കണ്ടറിയാന്‍ മെനക്കെട്ടില്ല.
? ഡി.എം.കെ മുന്നണിയുടെ അവസ്ഥ.
= ഡി.എം.കെ, കോണ്‍ഗ്രസ് ഐ, മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ സഖ്യമാണ് ഞങ്ങളുടേത്. ഇത് ജനപിന്തുണയും കരുത്തുമുള്ള മുന്നണിയാണ്.
? ഡി.എം.കെയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയുണ്ടോ.
= 4433 പേരാണ് സ്ഥാനാര്‍ഥികളാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു പാര്‍ട്ടി പ്രസിഡന്റ് കരുണാനിധിക്കു അപേക്ഷ നല്‍കിയത്. ഇവരെ വിളിച്ചുവരുത്തി ഇന്റര്‍വ്യൂ ചെയ്തതാണ് കരുണാനിധി യോഗ്യരായവരെ സ്ഥാനാര്‍ഥികളാക്കിയത്.
? ഡി.എം.കെ ജനങ്ങള്‍ക്കു നല്‍കുന്ന വാഗ്ദാനമെന്ത്.
= 1989 ല്‍ ഡി.എം.കെയുടെ ഭരണമാണ് തമിഴ്‌നാട്ടിലുണ്ടായിരുന്നത്. 40 വര്‍ഷകാലം പാര്‍ട്ടി തമിഴ്‌നാടിന്റെ വികസനത്തിനു ചെയ്ത സംഭാവനകള്‍ ജനങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ പറയുകയുള്ളൂ. പറഞ്ഞ കാര്യങ്ങള്‍ തീര്‍ച്ചയായും നടപ്പിലാക്കിയിരിക്കും.
? ജയലളിതയുടെ സൗജന്യങ്ങളുടെ പെരുമഴ ഭീഷണിയാവുന്നുണ്ടോ.
= ഒരിക്കലുമില്ല. ജനങ്ങള്‍ ഉഷാറായി കഴിഞ്ഞു. ജനങ്ങളെ സൗജന്യങ്ങള്‍ നല്‍കി ഇനിയും ജയലളിതയ്ക്ക് വഞ്ചിക്കാനാവില്ല.
? താങ്കള്‍ നടത്തിയ നമുക്ക് നാമേ യാത്ര എന്തുമാത്രം ഗുണം ചെയ്തു.
= 234 മണ്ഡലങ്ങളില്‍ 11,000 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് താന്‍ സഞ്ചരിച്ചത്. നാല് ലക്ഷം പേരില്‍നിന്നു നിവേദനങ്ങള്‍ ലഭിച്ചു. ഭരണത്തിലേറിയാല്‍ തീര്‍ച്ചയായും ഈ നിവേദനങ്ങളിന്‍മേല്‍ നടപടിയുണ്ടാകും.
? ഡി.എം.കെയില്‍ കുടുംബഭരണമാണെന്ന ജയലളിതയുടെ ആരോപണത്തെപറ്റി എന്താണ് മറുപടി.
= ഇതു നുണപ്രചരണമാണ്. ജനങ്ങള്‍ക്കിടയില്‍ ഈ കുപ്രചരണം വിലപ്പോവില്ല.
? ഡി.എം.കെ ഭരണത്തിലേറിയാല്‍ ആദ്യമായി നടപ്പിലാക്കുന്നത് മദ്യനിരോധനമായിരിക്കുമെന്ന് കരുണാനിധി പറയുന്നു. ഇത് പറ്റുമോ.
= തീര്‍ച്ചയായും പറ്റും. കരുണാനിധി വാഗ്ദത്തലംഘനം നടത്തിയ ചരിത്രമില്ല. ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ പറയൂ. 30,000 കോടി രൂപയോളം മദ്യവ്യവസായം വഴിയാണ് വരുമാനമെങ്കിലും ഇതുമറികടക്കുക തന്നെ ചെയ്യും. അധികാരത്തിലെത്തിയാല്‍ ആദ്യം ഒപ്പിടുന്ന ഫയല്‍ പൂര്‍ണ മദ്യനിരോധനത്തിന്റേതായിരിക്കും.
? 7000 കോടി രൂപയുടെ കര്‍ഷക വായ്പ എഴുതിതള്ളുമെന്നു താങ്കള്‍ പറഞ്ഞുവല്ലൊ. ഇതു നടക്കുന്ന കാര്യമാണോ.
= തീര്‍ച്ചയായും കര്‍ഷകരുടെ വായ്പ റദ്ദാക്കുക തന്നെ ചെയ്യും. ഇതു റദ്ദാക്കാനുള്ള സാമ്പത്തിക സ്രോതസ് കണ്ടെത്തും.
? ജനങ്ങള്‍ക്ക് നല്‍കുന്ന മറ്റു ഉറപ്പുകള്‍
= തകര്‍ന്നു കിടക്കുന്ന ക്രമസമാധാന നില പൂര്‍വസ്ഥിതിയിലാക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തും.
വിലകയറ്റം നിയന്ത്രിക്കും. ജനാധിപത്യം പുനഃസ്ഥാപിക്കും. പൗരന്റെ അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുവരുത്തും. പിന്നോക്ക ന്യൂനപക്ഷങ്ങളുടെ മുന്നേറ്റത്തിനു പരമാവധി പ്രവര്‍ത്തിക്കും. തൊഴിലില്ലായ്മ പരിഹരിക്കും.
ജനങ്ങളുടെയും സംസ്ഥാനത്തിന്റെയും വികസനത്തിനു യത്‌നിക്കും. അഞ്ച് തവണ മുഖ്യമന്ത്രിയായിരുന്നു കരുണാനിധിക്കു പാഠം ആവശ്യമില്ലല്ലോ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.