2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

ഡി.എം.കെയില്‍ പുതിയ പ്രതിസന്ധി: സ്റ്റാലിനെ വെല്ലുവിളിച്ച് അഴഗിരിയുടെ റാലി

ചെന്നൈ: കരുണാനിധിയുടെ മകന്‍ എം.കെ സ്റ്റാലിന്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തതിനെ വെല്ലുവിളിച്ച് മറ്റൊരു മകനും ഡി.എം.കെയില്‍ നിന്ന് നേരത്തെ പുറത്താക്കുകയും ചെയ്ത എം.കെ അഴഗിരിയുടെ നേതൃത്വത്തില്‍ ചെന്നൈ മറീന ബീച്ചില്‍ ശക്തിപ്രകടനം. 

ആയിരക്കണക്കിന് വരുന്ന അഴഗിരിയുടെ അനുയായികള്‍ പങ്കെടുത്ത റാലി കരുണാനിധിയുടെ സ്മൃതി കുടീരത്തില്‍ നിന്നാണ് തുടങ്ങിയത്.
സമാധാന റാലിയെന്ന് പേരിട്ടാണ് അഴഗിരി റാലി നടത്തിയത്. റാലിയില്‍ 1.5 ലക്ഷം പേര്‍ പങ്കെടുത്തതായി അദ്ദേഹം അവകാശപ്പെട്ടു. ഡി.എം.കെ പതാകയുമായാണ് പ്രവര്‍ത്തകര്‍ റാലിക്കെത്തിയത്. അഴഗിരിയുടെ റാലിയോട് പ്രതികരിക്കാന്‍ ഡി.എം.കെ നേതാക്കള്‍ വിസമ്മതിച്ചു.
അതേസമയം ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് വലിയ വെല്ലുവിളി ഉയര്‍ത്തിയാണ് റാലി സമാപിച്ചത്. അഴഗിരിയെ വിമാനത്താവളത്തില്‍ സ്വീകരിച്ച ചില പ്രാദേശിക നേതാക്കളെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അണ്ണാ ഡി.എം.കെയിലെന്നപോലെ ഡി.എം.കെയിലും കലാപം ശക്തമായതോടെ പ്രവര്‍ത്തകര്‍ക്കിടയിലും അഭിപ്രായ ഭിന്നത രൂക്ഷമായിട്ടുണ്ട്.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്താല്‍ സ്റ്റാലിനെ അംഗീകരിക്കുമെന്ന് കഴിഞ്ഞ ദിവസം അഴഗിരി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തനിക്കു പിന്നില്‍ വന്‍ജനാവലിയുണ്ടെന്ന് കാണിക്കാന്‍ അദ്ദേഹം റാലി സംഘടിപ്പിച്ചത്.
2014ലാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ അഴഗിരിയെ ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് അദ്ദേഹത്തിന് പകരം സ്റ്റാലിനെ പാര്‍ട്ടിയുടെ പിന്‍ഗാമിയായി കരുണാനിധി പ്രഖ്യാപിക്കുകയും ചെയ്തു. കരുണാനിധിയെ അല്ലാതെ മറ്റൊരാളെയും താന്‍ അംഗീകരിക്കില്ലെന്ന് അഴഗിരി പ്രഖ്യാപിച്ചിരുന്നു.
കരുണാനിധിയുടെ മരണ ശേഷം കലാപക്കൊടി ഉയര്‍ത്തിയ അഴഗിരി, തനിക്കൊപ്പമാണ് പാര്‍ട്ടി പ്രവര്‍ത്തകരുള്ളതെന്നും പ്രഖ്യാപിച്ചു. പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിക്കാനും അദ്ദേഹം തയാറായി. പാര്‍ട്ടിയില്‍ അംഗമാകാന്‍ തയാറാണെന്നും അതിന് അനുവദിച്ചാല്‍ സ്റ്റാലിന്റെ നേതൃത്വത്തെ അംഗീകരിക്കാന്‍ തയാറാണെന്നും അദ്ദേഹം കഴിഞ്ഞ ആഴ്ച പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
അതേസമയം അഴഗിരിയെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരു പദ്ധതിയുമില്ലെന്ന് ഡി.എം.കെ നേതൃത്വം വ്യക്തമാക്കി. അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് തിരികെയെടുക്കുന്നതിനെ സ്റ്റാലിന്‍ ശക്തമായി എതിര്‍ക്കുന്നുമുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.