2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഡിവൈ.എസ്.പി കാക്കിയിട്ട ഗുണ്ട?…

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം

സാറ മുഹമ്മദ്

നെടുമങ്ങാട്: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ നേരത്തെയും സേനക്കുള്ളില്‍ പ്രശ്‌നക്കാരന്‍. ഇയാള്‍ക്കെതിരെ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം പല തവണ റിപ്പോര്‍ട്ട് നല്കിയിരുന്നുവത്രെ. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമായുള്ള ബന്ധം ഇയാള്‍ക്ക് സഹായകമാകുകയായിരുന്നു. മുന്‍കാലങ്ങളില്‍ ജോലി ചെയ്തിരുന്ന സ്റ്റേഷന്‍ പരിധികളിലെല്ലാം പ്രശ്‌നക്കാരനായ ഇയാള്‍ക്കെതിരേ നിരവധി പരാതികളാണുള്ളത്. മണ്ണ്, പാറ ക്വാറി, ടിപ്പര്‍ മാഫിയകളുടെ ഇഷ്ട തോഴനായിരുന്നു ഹരികുമാര്‍. നെടുമങ്ങാട് സിഐ ആയിരുന്ന കാലത്ത് ഹരികുമാറിന്റെ സുവര്‍ണ സമയമായിരുന്നു. ക്വാറികളുടെയും മലകളുടെയും നെല്‍വയല്‍ ഏലകളുടെയും നാടായ മലയോര മേഖലയായ നെടുമങ്ങാട് സിഐ ആയി എത്തിയതോടെ എല്ലാവരോടും ചങ്ങാത്തത്തിലായി പിരിവ് ആരംഭിക്കുകയായിരുന്നു. നെടുമങ്ങാട്, വലിയമല സ്റ്റേഷനുകളുടെ ചാര്‍ജുള്ള സി.ഐആയിരുന്നു ഹരികുമാര്‍. പാറ ക്വാറികളില്‍ നിന്നും ദിവസേന പോകുന്ന ലോഡുകള്‍ക്ക് ലോറി ഒന്നിന് പിരിവ് നല്‍കണമായിരുന്നുവത്രേ ഇയാള്‍ക്ക്. പതിനാറോളം ക്വാറികളാണ് അംഗീകാരത്തോടെയും അനധികൃതമായും പ്രവര്‍ത്തിച്ചിരുന്നത്. ക്വാറി മാഫിയകളില്‍ നിന്നും പിരിടവെടുക്കുന്നതിന് പുറമെ ടിപ്പര്‍ ലോറി ഉടമകളില്‍ നിന്നും വ്യാപകമായി പിരിവെടുക്കുകയും ചെയ്തിരുന്നു. പാറക്വാറി മാഫിയക്ക് പുറമെ മണ്ണ് മാഫിയയുമായും അഭേദ്യ ബന്ധമാണ് ഇയാള്‍ക്കുണ്ടായിരുന്നത്. ഹരികുമാര്‍ നെടുമങ്ങാട് സി.ഐ ആയിരുന്ന കാലത്താണ് കുളവിക്കോണം മേഖലയില്‍ അടക്കം ഒട്ടുമിക്ക പാടങ്ങളും ചതുപ്പ് നിലങ്ങളും നികത്തിയത്. രാത്രി കാലങ്ങളില്‍ നടക്കുന്ന നിലം നികത്തലിനു വന്‍ പിരിവാണ് സി.ഐ എടുത്തത്. നെല്‍വയല്‍ ഏലകള്‍ നികത്തിയത് അന്ന് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പല കേസുകളും വന്‍ തുകകള്‍ വാങ്ങി ഒത്തു തീര്‍പ്പാക്കിയ സംഭവങ്ങളുമുണ്ട്. ടിപ്പര്‍ മുതലാളിമാരുടെ തോഴനായിരുന്ന ഇയാള്‍ പിന്നീട് ടിപ്പര്‍ ലോറികള്‍ വ്യാപകമായി തടഞ്ഞിടുകയും ഡ്രൈവര്‍മാരെ കയ്യേറ്റം ചെയ്യുകയുംവില കൂടിയ മൊബൈല്‍ ഫോണുകള്‍ കൈക്കല്‍ ആക്കിയതും ക്വറി, ടിപ്പര്‍ മേഖലകളില്‍ പ്രധിഷേധങ്ങള്‍ക്കു ഇടയായി. ഇയാള്‍ പിടിച്ചെടുത്ത ടിപ്പര്‍ ലോറികള്‍ വിട്ടുകിട്ടാന്‍ വന്‍തുകകള്‍ ആവശ്യപ്പെടുകയും ചെയ്തതോടെ ടിപ്പര്‍, ഉടമകളും തൊഴിലാളികളും ഇയാള്‍ക്കെതിരേ പ്രതിഷേധവുമായി പരസ്യമായി രംഗത്ത് വന്നിരുന്നു. ഹരികുമാറിനെതിരേ ഉന്നതര്‍ക്ക് പരാതി നല്‍കുകയും സി.ഐ ഓഫിസ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഇത് ഏറെ ചര്‍ച്ച ആയതോടെ ഹരികുമാറിനെ നെടുമങ്ങാട് നിന്നും സ്ഥലം മാറ്റുകയായിരുന്നു.

 

സനല്‍കുമാറിന്റെ കുടുംബാംഗങ്ങളെ മന്ത്രി സന്ദര്‍ശിച്ചു

 

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ വീട് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. സനല്‍കുമാറിന്റെ ഭാര്യ വിജിയേയും ബന്ധുക്കളേയും മന്ത്രി ആശ്വസിപ്പിച്ചു.
കുറ്റക്കാരനായ പൊലിസ് ഉദ്യോഗസ്ഥനെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വന്ന് കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.