2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഡിഫ്തീരിയ നിസാര രോഗമല്ല

‘ങ്ങള് വേഗം എന്തെങ്കിലും ചെയ്യ്, എനിക്ക് ശ്വാസം കിട്ടട്ടെ’ ഡിഫ്തീരിയ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച മലപ്പുറം ജില്ലയിലെ പുളിക്കലില്‍ നിന്നുള്ള അഷ്ഫാസിന്റെ അവസാന വാക്കുകളായിരുന്നു അത്. ശസ്ത്രക്രിയ വരെ നടത്തിയെങ്കിലും രോഗം മൂര്‍ഛിച്ചതിനാല്‍ അവന്റെ ജീവന്‍ രക്ഷിക്കാനായില്ല.
മുന്‍പ് താനൂരിലെ മുഹമ്മദ് അമീനും ഡിഫ്തീരിയ ബാധിച്ച് ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. ഡിഫ്തീരിയ നിസാരമായി കാണേണ്ട ഒരു രോഗമല്ല. പോളിയോയും വില്ലന്‍ചുമയുമൊക്കെപോലെ ആപല്‍ക്കരമാണതും. കൊറൊയിന്‍ ബാക്ടീരിയ ഡിഫ്തീരിയ എന്ന രോഗാണു തൊണ്ടയെ ബാധിച്ച് അവിടെ ഒരു കപടസ്തരം രൂപപ്പെടുന്നു. അതോടെ ശ്വാസനാളം അടയുകയും ഹൃദയപേശികള്‍ക്ക് ക്ഷതമുണ്ടാവുകയും ചെയ്യുന്നു. ഡി.ടി.പി പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നുവെങ്കില്‍ ഈ കുട്ടികള്‍ക്ക് ഡിഫ്തീരിയ എന്ന മാരക രോഗം പിടിപെടില്ലായിരുന്നു.

മിഷന്‍ ഇന്ദ്രധനുസ്

പൂര്‍ണമായോ ഭാഗികമായോ വാക്‌സിനേഷന്‍ ലഭിക്കാത്ത അമ്മമാര്‍ക്കും അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്കും സമ്പൂര്‍ണ രോഗപ്രതിരോധശക്തി നല്‍കാനുള്ള ആരോഗ്യ പരിപാടിയാണ് ‘മിഷന്‍ ഇന്ദ്രധനുസ്. മലപ്പുറത്ത് കഴിഞ്ഞ വര്‍ഷം അവസാനം രണ്ട് കുട്ടികള്‍ ഡിഫ്തീരിയ ബാധിച്ച് മരിച്ചതോടെയാണ് പ്രതിരോധ കുത്തിവയ്പ് ഊര്‍ജിതമാക്കാന്‍ കാംപയിന്‍ ആരംഭിച്ചത്.
എന്നാല്‍ പൂര്‍ണമായ വിജയമുണ്ടായില്ല. ഈ വര്‍ഷം ‘ഓപ്പറേഷന്‍ മുക്തി’ എന്നപേരില്‍ പ്രതിരോധ കുത്തിവയ്പ് പദ്ധതി നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇപ്പോള്‍ രണ്ട് ഡിഫ്തീരിയ മരണങ്ങള്‍ സംഭവിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ പൂര്‍ണമായും പ്രതിരോധ കുത്തിവയ്‌പെടുക്കാത്ത കുട്ടികളും അമ്മമാരും അധികമുള്ള 201 ജില്ലകളില്‍ ഒന്ന് കോഴിക്കോടാണ്. പുതുതായി പുറത്തുവിട്ട കണക്കുപ്രകാരം ജില്ലയിലെ 546 കുട്ടികള്‍ ഇതുവരെ ഒരു പ്രതിരോധ കുത്തിവയ്പും സ്വീകരിക്കാത്തവരും 6000 കുട്ടികള്‍ ഭാഗികമായി മാത്രം കുത്തിവയ്‌പെടുത്തവരുമാണ്. പലരും ബൂസ്റ്റര്‍ ഡോസുകള്‍ എടുത്തിട്ടില്ല. പൂര്‍ണമായോ ഭാഗികമായോ മാത്രം കുത്തിവയ്‌പെടുത്ത കുട്ടികളുടെ എണ്ണത്തിലുള്ള വര്‍ധന ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു.
ഈ സാഹചര്യത്തിലാണ് പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം നല്‍കില്ല എന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രസക്തമാവുന്നത്. സൗദി അറേബ്യ പോലെയുള്ള അറേബ്യന്‍ രാജ്യങ്ങളില്‍ പ്രതിരോധ ചികിത്സ പൂര്‍ത്തിയാക്കാത്ത കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം പോലും നല്‍കാറില്ലെന്ന വസ്തുതയും ഇവിടെ സ്മരണാര്‍ഹമാണ്.

തെറ്റായ പ്രചാരണങ്ങള്‍
നമ്മുടെ നാട്ടില്‍ തെറ്റിദ്ധാരണ മൂലമോ അറിവില്ലായ്മ കൊണ്ടോ സമയാസമയങ്ങളില്‍ നല്‍കേണ്ട പല പ്രതിരോധ ചികിത്സകളും കുട്ടികള്‍ക്ക് നല്‍കുന്നില്ല. പ്രതിരോധ ചികിത്സ കുട്ടികളുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്, ഇതിന് പിന്നില്‍ അമേരിക്കയുടെ നിഗൂഢപദ്ധതികളുണ്ട്, രോഗപ്രതിരോധ പരിപാടിക്ക് പാര്‍ശ്വഫലങ്ങള്‍ ഏറെയുണ്ട് എന്നിവയെല്ലാം നൂറ് ശതമാനം തെറ്റായ ധാരണകള്‍ മാത്രമാണ് എന്നത് വിസ്മരിക്കരുത്.
ചെറിയ തോതില്‍ ചുമ, ജലദോഷം, വയറിളക്കം ഇതില്‍ ഏതെങ്കിലും ഉണ്ട് എന്ന കാരണത്താല്‍ കുഞ്ഞിന്റെ രോഗപ്രതിരോധ ചികിത്സയെ തുടര്‍ന്ന് കുഞ്ഞിന് നേരിയ പനിയോ വേദനയോ കുത്തിവച്ച സ്ഥാനത്ത് വീക്കമോ ഉണ്ടാകാം. ഇവ സാധാരണവും ഭയപ്പെടേണ്ട കാര്യം ഇല്ലാത്തതുമാണ്. രോഗപ്രതിരോധത്തെ ശരീരം ഫലപ്രദമായി സ്വീകരിച്ചു എന്നതിന്റെ സൂചനയാണിത്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാലും പ്രതിരോധ ചികിത്സ സ്വീകരിച്ച കുട്ടികള്‍ക്ക് രോഗമോ അതുമൂലമുള്ള വൈകല്യമോ ഉണ്ടാകുന്നില്ല.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.