2018 April 20 Friday
ജീവിതം സുഖകരമാവട്ടെ, വേനല്‍ക്കാലത്തെ പൂക്കളെപോലെ. മരണവും സുന്ദരമാകട്ട, ശരത്കാലത്തെ പഴുത്തിലപോലെ.
-ടാഗോര്‍

ഡാര്‍ജിലിങ് പ്രശ്‌നം രൂക്ഷം; സൈന്യവും പ്രക്ഷോഭകരും നേര്‍ക്കുനേര്‍

ഡാര്‍ജിലിങ്: ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായുള്ള പോരാട്ടം ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച ശക്തമാക്കിയതോടെ ഡാര്‍ജിലിങില്‍ പലയിടത്തും പ്രക്ഷോഭകരും സുരക്ഷാ സേനയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ഇതോടെ മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായി. അതിനിടയില്‍ ശനിയാഴ്ച പൊലിസ് വെടിവച്ചു കൊന്ന തങ്ങളുടെ പ്രവര്‍ത്തകരുടെ മൃതദേഹങ്ങളും വഹിച്ചുകൊണ്ട് മാര്‍ച്ച് നടത്തുമെന്ന ജി.ജെ.എം നേതൃത്വത്തിന്റെ തീരുമാനത്തിന് പൊലിസ് അനുമതി നിഷേധിച്ചു.
ഡാര്‍ജിലിങിലെ സിങ്മാരിയിലാണ് രണ്ട് ജി.ജെ.എം പ്രവര്‍ത്തകരെ പൊലിസ് വെടിവച്ചു കൊന്നത്. എന്നാല്‍ ആരോപണം പൊലിസ് നിഷേധിച്ചിട്ടുണ്ട്. ചൗ ബസാറില്‍ മൃതദേഹവുമായി മാര്‍ച്ച് നടത്തുമെന്ന് ജി. ജെ. എം നേതാക്കളിലൊരാള്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു റാലിക്ക് അനുമതി നല്‍കിയിട്ടില്ലെന്നും നിയമം ലംഘിച്ച് റാലി നടത്തിയാല്‍ കര്‍ശനമായി നേരിടുമെന്നും ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
അതേസമയം സമരത്തിനു പിന്നില്‍ ഭീകര സംഘടനകളുടെ പങ്കുണ്ടെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പരാമര്‍ശത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ജി.ജെ.എം ഉന്നയിച്ചത്. അടിസ്ഥാന രഹിതമായ ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നതെന്ന് പറഞ്ഞ ജി.ജെ.എം നേതാക്കള്‍, ഗൂര്‍ഖാ വംശജരുടെ വ്യക്തിത്വത്തെയാണ് മമത ചോദ്യം ചെയ്തതെന്ന് ആരോപിച്ചു.
പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി സൈന്യത്തെയും ഡാര്‍ജിലിങില്‍ വിന്യസിച്ചിട്ടുണ്ട്. പ്രക്ഷോഭം ശക്തിപ്പെടുന്ന ഭാഗങ്ങളിലെല്ലാം സൈന്യം റൂട്ട് മാര്‍ച്ച് നടത്തി. സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്‍പില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഡാര്‍ജിലിങ്ങില്‍ ദിവസങ്ങളായി കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.
അതിനിടയില്‍ ബംഗാള്‍ സര്‍ക്കാരുമായി ഒരു തരത്തിലുള്ള ചര്‍ച്ചക്കും തങ്ങളില്ലെന്ന് ഇന്നലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാക്കള്‍ അറിയിച്ചു. പ്രശ്‌നപരിഹാരത്തിനായി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ഒരുക്കമാണെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച എന്‍.ഡി.എ ഘടക കക്ഷിയാണ്. ബി.ജെ.പി പിന്തുണയോടെയാണ് ഡാര്‍ജിലിങ് മണ്ഡലത്തില്‍ നിന്ന് എസ്.എസ് അലുവാലിയ ലോക്‌സഭാംഗമായത്. അതുകൊണ്ടുതന്നെ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്താനുള്ള നീക്കത്തിലാണ് ജി.ജെ.എം.
മമതയുമായി ഒരു കാരണവശാലും തങ്ങള്‍ ചര്‍ച്ച നടത്താന്‍ താല്‍പര്യപ്പെടുന്നില്ല. സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് തങ്ങള്‍ സമരം ചെയ്യുന്നത്. മുഖ്യമന്ത്രി മമതയാകട്ടെ തങ്ങളുടെ സമരത്തെ അവഹേളിക്കുകയാണ് ചെയ്തത്. അതുകൊണ്ട് സംസ്ഥാന സര്‍ക്കാരുമായി സംസാരിക്കന്‍ തങ്ങള്‍ക്ക് തീരെ താല്‍പര്യമില്ല-ജി.ജെ.എം ജനറല്‍ സെക്രട്ടറി ബിനെയ് തമാങ് പറഞ്ഞു.

പ്രശ്‌ന പരിഹാരത്തിന് അക്രമം പോംവഴിയല്ല: രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി:ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അക്രമ മാര്‍ഗം പ്രശ്‌ന പരിഹാരത്തിന് ഒരിക്കലും യോജിച്ചതല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സംവിധാനമുള്ളപ്പോള്‍ ആ മാര്‍ഗം ആരായുകയാണ് വേണ്ടതെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
ഡാര്‍ജിലിങ് പ്രശ്‌നം രൂക്ഷമായി തുടരുന്നതിനിടയില്‍ ശനിയാഴ്ച മമതയുമായി രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അക്രമ മാര്‍ഗം വെടിഞ്ഞ് സമാധാനചര്‍ച്ചക്ക് വരണമെന്ന ആവശ്യം ആഭ്യന്തര മന്ത്രി മുന്നോട്ടുവച്ചത്.
എല്ലാ പാര്‍ട്ടികള്‍ക്കും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇവയെല്ലാം തിരിച്ചറിഞ്ഞ് സൗഹൃദാന്തരീക്ഷമുണ്ടാക്കാനുള്ള ചര്‍ച്ചകളാണ് നടക്കേണ്ടത്. ആരും അക്രമ മാര്‍ഗം സ്വീകരിക്കരുതെന്നും സമാധാനപരമായി വിഷയത്തെ കൈകാര്യം ചെയ്യുകയാണ് വേണ്ടതെന്നും രാജ്‌നാഥ് സിങ് അറിയിച്ചു.

ബിമല്‍ ഗുരുങ്- എതിരാളികളില്ലാത്ത നേതാവ്

ഡാര്‍ജിലിങ്: ബിമല്‍ ഗുരുങ് ഡാര്‍ജിലിങിലെ ജനങ്ങളുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാണ്. ഗൂര്‍ഖാ സംസ്ഥാനത്തിനായുള്ള ഡാര്‍ജിലിങ് ജനതയുടെ സമര നായകനായ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആവശ്യം കൊടുങ്കാറ്റായി മേഖലയില്‍ ആഞ്ഞു വീശുകയാണ്.
ഡാര്‍ജിലിങ്ങില്‍ നിന്ന് ഏതാണ്ട് 20 മിനിറ്റ് കാര്‍ യാത്ര ചെയ്താല്‍ എത്തുന്ന പട്‌ലെബാസിലാണ് ബിമലിന്റെ വസതി. അവിടെ വച്ച് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് സംസ്ഥാനം എന്ന ആവശ്യത്തിനപ്പുറം മറ്റൊന്നും തങ്ങള്‍ക്ക് വേണ്ട എന്നതാണ്. ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായി 2007 മുതലാണ് ബിമല്‍ ഗുരുങ്ങിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങുന്നത്. ഇതിനും എത്രയോ വര്‍ഷം മുന്‍പ് ഈ ആവശ്യം ഉണ്ടായിട്ടുണ്ടെങ്കിലും ബിമല്‍ ഗുരുങ്ങ് പ്രക്ഷോഭ രംഗത്തേക്കിറങ്ങിയതോടെ പ്രശ്‌നം രൂക്ഷമാകുകയായിരുന്നു.
സുബാഷ് ഗൈസിങിന്റെ നേതൃത്വത്തിലുള്ള ഗൂര്‍ഖാ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (ജി.എന്‍.എല്‍.എഫ്) നേതൃത്വത്തില്‍ നടന്ന സമരത്തില്‍ നിന്ന് വേര്‍പെട്ട് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച എന്ന പാര്‍ട്ടി രൂപീകരിച്ചാണ് പിന്നീട് ബിമല്‍ പ്രക്ഷോഭം തുടങ്ങിയത്. ഗൂര്‍ഖാ ലാന്‍ഡ് സംസ്ഥാനത്തിനുള്ള ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടത് അദ്ദേഹത്തിലൂടെയായിരുന്നു.
തങ്ങളെ വിഡ്ഢികളാക്കി സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന നിലപാടുകള്‍ ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരമാര്‍ഗത്തിലേക്ക് വരാന്‍ നിര്‍ബന്ധിതരായതെന്നാണ് ബിമല്‍ പറയുന്നത്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സംസ്ഥാന രൂപീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
52കാരനായ ബിമല്‍ ഗുരുങ്ങ് നിര്‍ധന കുടുംബത്തിലാണ് ജനിച്ചത്. മാതാവ് തേയിലതോട്ടത്തിലെ തൊഴിലാളിയായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം ബിമലിനെ സംബന്ധിച്ചിടത്തോളം അസാധ്യമായിരുന്നു.
തുടര്‍ന്നാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ജി.എന്‍.എല്‍.എഫ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തിലൂന്നിയുള്ള പ്രക്ഷോഭത്തിലെ മുന്‍നിര നായകരിലൊരാളായി മാറി. 1986ലും 88ലും നടന്ന ഡാര്‍ജിലിങ് പ്രക്ഷോഭത്തില്‍ 1,200 ആളുകളാണ് കൊല്ലപ്പെട്ടത്. അന്ന് ബംഗാള്‍ ഭരിച്ചിരുന്നത് ഇടതു സര്‍ക്കാരായിരുന്നു.സമര രംഗത്ത് ശക്തനായതോടെ ബിമലിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ വര്‍ധിച്ചു. മമതാ ബാനര്‍ജി അധികാരത്തിലേറിയതോടെ വീണ്ടും ഗൂര്‍ഖാലാന്‍ഡിനായിലുള്ള സമരം ശക്തിപ്പെട്ടു. ഇതോടെ ബിമല്‍ ഗുരുങ്ങ് ജനങ്ങളുടെ നേതാവായി മാറുകയായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.