2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഡാമും പവര്‍ ഹൗസും വേണ്ടാത്ത ചെങ്കുളം പദ്ധതിയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍

  • ശേഷി കൂട്ടുന്നതിലൂടെ മാത്രം 85 ദശലക്ഷം യൂനിറ്റ് ലഭിക്കുന്ന പദ്ധതി
  • പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചത് 16 വര്‍ഷം മുന്‍പ്

ബാസിത് ഹസന്‍

തൊടുപുഴ: ഊര്‍ജ പ്രതിസന്ധി അതിരൂക്ഷമായിട്ടും ചെങ്കുളം പദ്ധതി വൈദ്യുതി ബോര്‍ഡിനു വേണ്ട. ഡാമും പവര്‍ ഹൗസും നിര്‍മിക്കാതെ ഉല്‍പ്പാദന ശേഷി കൂട്ടുന്നതിലൂടെ മാത്രം 85 ദശലക്ഷം യൂനിറ്റ് വൈദ്യുതി സംസ്ഥാനത്തിന് ലഭിക്കുന്ന ചെങ്കുളം ഓഗ്മെന്റേഷന്‍ പദ്ധതിയെയാണ് ബോര്‍ഡ് അവഗണിക്കുന്നത്. സാങ്കേതിക കാരണങ്ങളാല്‍ പദ്ധതിയുടെ നിര്‍മാണം അനിശ്ചിതത്വത്തിലാണ്.
പദ്ധതിയുടെ നിര്‍മാണം ഇഴയുന്നത് സംബന്ധിച്ച് അവലോകനം നടത്താന്‍ കഴിഞ്ഞ 22ന് മൂന്നാറില്‍ ഉന്നതതല യോഗം ചേര്‍ന്നെങ്കിലും ക്രിയാത്മക തീരുമാനങ്ങളൊന്നും എടുക്കാതെ പിരിയുകയായിരുന്നു. കെ.എസ്.ഇ.ബി ഡയറക്ടര്‍ സി.വി നന്ദന്‍, സിവില്‍ കണ്‍സ്ട്രക്ഷന്‍ ചീഫ് എന്‍ജിനീയര്‍ (സൗത്ത്) എം.എന്‍ ലളിത, പ്രോജക്ട് മാനേജര്‍ വി.വി ഹരിദാസ്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ബിജു ആര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
2000 ജനുവരി 14ന് കേന്ദ്രാനുമതി ലഭിച്ച ചെങ്കുളം ഓഗ്മെന്റേഷന്‍ പദ്ധതിയുടെ ടെണ്ടര്‍ നടപടി വൈകിച്ചതിലൂടെ മാത്രം കെ.എസ്.ഇ.ബിക്ക് 12 കോടിയുടെ നഷ്ടമുണ്ട്. 30 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. എന്നാല്‍ ടെണ്ടര്‍ വൈകിച്ചതുമൂലം എസ്റ്റിമേറ്റ് 42 കോടി രൂപയാക്കി പുതുക്കിയാണ് റീടെണ്ടര്‍ ചെയ്തത്. പദ്ധതി വൈകുന്നതിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒന്‍പത് കോടി രൂപയുടെ പ്രതിവര്‍ഷ നഷ്ടത്തിന് പുറമേയാണിത്.
ചെങ്കുളം ഡാമില്‍ കൂടുതല്‍ വെളളം എത്തിച്ച് വെളളത്തൂവലില്‍ സ്ഥിതി ചെയ്യുന്ന ചെങ്കുളം പവര്‍ ഹൗസില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കല്ലാര്‍ പുഴയിലെ വെളളം ടണല്‍ വഴിയാണ് ചെങ്കുളം ഡാമില്‍ എത്തിക്കുക. കൊച്ചി – ധനുഷ്‌ക്കോടി ദേശീയ പാതയിലെ (എന്‍.എച്ച്.49) കല്ലാര്‍ പാലത്തിന് സമീപത്തുനിന്ന് 6.6 കിലോമീറ്റര്‍ ദൂരത്തിലാണ് ടണല്‍ തീര്‍ക്കുക. ചെങ്കുളം ഡാം നിറയുന്നതോടെ വേനലില്‍ പോലും ശരാശരി ഉല്‍പ്പാദനം നടത്താനാകും. ഇതുവഴിയാണ് 85 ദശലക്ഷം യൂനിറ്റ് വൈദ്യുതി അധികം ലഭിക്കുക.
ഡോ.ശശി ഏലൂര്‍ ഗ്രൂപ്പ്, യൂണിഡെക്ക് കമ്പനി എന്നിവ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് പദ്ധതിയുടെ കരാറുകാര്‍. 2009 ജൂലൈയിലാണ് പണി തുടങ്ങിയത്. 60 ശതമാനം ജോലികള്‍ ഇതുവരെ പൂര്‍ത്തിയായെന്നാണ് ബോര്‍ഡ് അധികൃതര്‍ അവകാശപ്പെടുന്നത്.
സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പളളിവാസലില്‍ നിന്ന് ഉല്‍പ്പാദനത്തിനുശേഷം പുറന്തളളുന്ന വെളളം പമ്പ് ചെയ്താണ് ഇപ്പോള്‍ ചെങ്കുളം ഡാമില്‍ ജലവിതാനം നിലനിര്‍ത്തുന്നത്. കല്ലാറില്‍ നിന്ന് ജലമെത്തിക്കാന്‍ സംവിധാനം ആകുന്നതോടെ പമ്പിങിനായി ഇപ്പോഴുണ്ടാകുന്ന 5 മെഗാവാട്ട് പ്രതിദിന വൈദ്യുതി നഷ്ടം ഒഴിവാക്കാം.
48 മെഗാവാട്ടാണ് ചെങ്കുളം പവര്‍ഹൗസിന്റെ പൂര്‍ണ്ണ ഉല്‍പ്പാദന ശേഷി. 12 മെഗാവാട്ട് വീതം ശേഷിയുളള നാല് ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുളളത്. എന്നാല്‍ ഇപ്പോള്‍ ശരാശരി 35 മെഗാവാട്ട് മാത്രമാണ് ഉല്‍പ്പാദനം. ഇതില്‍ നിന്നാണ് അഞ്ച് മെഗാവാട്ട് പമ്പിങിനായി നഷ്ടപ്പെടുന്നത്.
ചെങ്കുളം, പളളിവാസല്‍, പന്നിയാര്‍ പദ്ധതികളുടെ വിവാദമായ നവീകരണത്തിനായി ചെലവഴിച്ചത് 374.5 കോടി രൂപയാണ്. പദ്ധതി മൊത്തം മാറ്റി സ്ഥാപിച്ചിരുന്നെങ്കില്‍ പോലും ഇത്രയും ചെലവ് വരുമായിരുന്നില്ല. മാത്രമല്ല ആധുനികവും ഉയര്‍ന്ന ശേഷിയുളളതുമായ സംവിധാനം സ്ഥാപിക്കുകയും ചെയ്യാമായിരുന്നു.
അധിക ലോഡ് വഴിയുളള ഷട്ട്ഡൗണ്‍ ഒഴിവാക്കാനായി ശേഷി കൂട്ടുകയായിരുന്നു നവീകരണത്തിന്റെ ലക്ഷ്യം. എന്നാല്‍ ശേഷി കൂടിയില്ലെന്ന് മാത്രമല്ല ഷട്ട്ഡൗണ്‍ ഇപ്പോഴും തുടരുന്നു. എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയാണ് നവീകരണം നടത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.