2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പും മതേതരപാര്‍ട്ടികളും

സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും ആ സംസ്ഥാനത്തെ ഇടതു-മതേതര പാര്‍ട്ടികളും കൈകോര്‍ത്താല്‍ ബി.ജെ.പിയെ അവിടെ ഇപ്പോഴും നിലംപരിശാക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളത്. ഡല്‍ഹിയിലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ഏതാണ്ട് ഈ സ്ഥിതിതന്നെയാണുള്ളത്. കോണ്‍ഗ്രസും എ.എ.പിയും ഇടതു മതേതരപാര്‍ട്ടികളും യോജിക്കുമെങ്കില്‍ അവിടെ ബി.ജെ.പിയെ പിടിച്ചുകെട്ടാന്‍ പ്രയാസമുള്ള കാര്യമല്ല.

അഡ്വ. ജി സുഗുണന്‍ 9847132428

ദേശീയരാഷ്ട്രീയം വലിയ സംഘര്‍ഷത്തില്‍കൂടിയാണു മുന്നോട്ടുപോകുന്നത്. യു.പിയിലും ഉത്തരാഖണ്ഡിലും ബി.ജെ.പിയുടെ വന്‍വിജയം രാജ്യത്തെ ന്യൂനപക്ഷങ്ങളിലും മതേതരജനവിഭാഗങ്ങളിലും വലിയ നിരാശയുളവാക്കിയ സാഹചര്യത്തിലാണു ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വന്‍വിജയവാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ന്യൂഡല്‍ഹി രാജ്യതലസ്ഥാനമായതുകൊണ്ടും ഇവിടത്തെ തെരഞ്ഞെടുപ്പ് ലോകശ്രദ്ധ നേടുമെന്നതുകൊണ്ടും ദേശീയരാഷ്ട്രീയരംഗത്ത് ഇതു ചര്‍ച്ചാവിഷയമായി.
പാവപ്പെട്ടവരുടെ അവകാശസംരക്ഷണത്തിനും അഴിമതിക്കെതിരേയും നിലകൊള്ളുന്നുവെന്നു കരുതപ്പെട്ട ആംഅദ്മി പാര്‍ട്ടിയുടെ ദയനീയപതനം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ചുള്ള അങ്കലാപ്പു സൃഷ്ടിച്ചിട്ടുണ്ട്. ഡല്‍ഹിയിലൊരു വിഭാഗം സമ്പന്നരും ഉന്നതകുലജാതരുമാണ്. മഹാഭൂരിപക്ഷം പട്ടിണിപ്പാവങ്ങളും. കേരളത്തിലെ ഒരു വലിയ ജില്ലയോളം മാത്രം വലിപ്പമുള്ള ഡല്‍ഹിയില്‍ രണ്ടുകോടിയിലേറെപ്പേര്‍ അധിവസിക്കുന്നുണ്ട്.
ബി.ജെ.പിയും അടുത്തകാലത്തായി ആം ആദ്മി പാര്‍ട്ടിയുമാണു തലസ്ഥാന നഗരിയിലെ രാഷ്ട്രീയവും ഭരണവും തീരുമാനുക്കുക. ഇത്തവണ ആംആദ്മി പാര്‍ട്ടിക്കു കനത്തപ്രഹരമേല്‍പ്പിച്ച് ഹാട്രിക് വിജയത്തോടെ ബി.ജെ.പി. തൂത്തുവാരിയിരിക്കുകയാണ്. 270 ല്‍ 181 വാര്‍ഡിലും ജയിച്ച ബി.ജെ.പി. മൂന്നില്‍രണ്ടു ഭുരിപക്ഷമുറപ്പാക്കി. സംസ്ഥാനം ഭരിക്കുന്ന ആംആദ്മി പാര്‍ട്ടിക്കു 48 വാര്‍ഡില്‍ മാത്രമേ ജയിക്കാനായുള്ളൂ. കോണ്‍ഗ്രസ് 30 സീറ്റുമായി മൂന്നാംസ്ഥാനത്താണ്.
നോര്‍ത്ത് ഡല്‍ഹി, സൗത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി എന്നിങ്ങനെ ഡല്‍ഹിയില്‍ മൂന്നു മുനിസിപ്പല്‍ കോര്‍പ്പറേഷനാണുള്ളത്. 104 സീറ്റുള്ള നോര്‍ത്തില്‍ 64 സീറ്റ് ബി.ജെ.പി നേടി. ആംആദ്മി പാര്‍ട്ടിക്ക് 25, കോണ്‍ഗ്രസ്സിനു 15 എന്നിങ്ങനെയാണു ലഭിച്ചത്. സൗത്ത് ഡല്‍ഹിയിലെ 104 സീറ്റില്‍ ബി.ജെ.പിയ്ക്ക് എഴുപതും ആംആദ്മിക്ക് പതിനാറും കോണ്‍ഗ്രസ്സിന് പന്ത്രണ്ടുമാണ് സീറ്റ്. ഈസ്റ്റ് ഡല്‍ഹിയിലെ 64 സീറ്റില്‍ ബി.ജെ.പിയ്ക്ക് 46 ഉം ആംആദ്മി പാര്‍ട്ടിയ്ക്ക് 16 ഉം കോണ്‍ഗ്രസിന് മൂന്നും ് സീറ്റുകളാണ് ലഭിച്ചത്. ബി.ജെ.പിയ്ക്ക് ഈ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 36.37% വോട്ടുകളാണ് ലഭ്യമായത്. എന്നാല്‍ 2012-ലെ ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 36.74% വോട്ടുകള്‍ ലഭ്യമായിരുന്നു. 2015-ലെ ഡല്‍ഹി അസംബ്ലിതെരഞ്ഞെടുപ്പില്‍ 54.34% വോട്ട് ലഭിച്ച എ.എ.പിയ്ക്ക് ഇപ്പോള്‍ 25.90% വോട്ടുമാത്രമാണ് ലഭിച്ചത്. എന്നാല്‍ 2015-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ 9.65% വോട്ടുകള്‍ മാത്രം കിട്ടിയ കോണ്‍ഗ്രസിന് ഇപ്പോഴത്തെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 21.28% വോട്ട് ലഭിച്ചത് നേട്ടമാണ്.
സി.പി.എം., സി.പി.ഐ, സി.പി.ഐ (എം.എല്‍ ലിബറേഷന്‍) ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്.പി, എസ്.യു.സി.ഐ തുടങ്ങിയ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട വിശാല ഇടതുപക്ഷസഖ്യത്തിനാകട്ടെ ഒരിടത്തുപോലും വിജയിക്കാന്‍ കഴിഞ്ഞില്ല. 16 സീറ്റില്‍ മത്സരിച്ച സി.പി.എമ്മിന് തെക്കന്‍ ഡല്‍ഹിയിലെ ഓംവിഹാര്‍ വനിതാ സംവരണമണ്ഡലത്തില്‍ മാത്രമാണു സാന്നിധ്യമെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞത്.
കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തില്‍ അജയ്മാക്കന്‍ പി.സി.സി അധ്യക്ഷസ്ഥാനം രാജിവച്ചു. പി.സി. ചാക്കോ ഡല്‍ഹിയുടെ ചുമതലയുമൊഴിഞ്ഞു. മുന്‍മുഖ്യമന്ത്രി ഷീലാദീഷിത്ത്‌നേതൃത്വത്തിനെതിരേ രംഗത്തുവന്നു. തന്നെയാരും പ്രചാരണത്തിനു വിളിച്ചില്ലെന്നും ഷീല കുറ്റപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റൊന്നുംകിട്ടാതിരുന്ന കോണ്‍ഗ്രസ് തിരിച്ചുവരവിന് അവസരമായിട്ടാണു നഗരസഭാ തെരഞ്ഞെടുപ്പിനെ കണ്ടിരുന്നത്. എന്നാല്‍ രണ്ടാംസ്ഥാനത്തുപോലും എത്താനായില്ല.
ദേശീയരാഷ്ട്രീയരംഗത്തു ഭൂരിപക്ഷവര്‍ഗീയത കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിന്റെ ചിത്രമാണു ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പു വെളിവാക്കുന്നത്. ബി.ജെ.പി.യെ സ്വന്തംനിലയില്‍ എതിര്‍ത്തുനില്‍ക്കാന്‍ പര്യാപ്തമായ പ്രസ്ഥാനങ്ങള്‍ ഇവിടെ ഇല്ലെന്ന ദയനീയസ്ഥിതിയാണുള്ളത്. ബി.ജെ.പിക്കു ബദലായി നിലകൊള്ളേണ്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പരിതാപകരമാണ്. ഡസന്‍കണക്കിനു കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയില്‍നിന്നു രാജിവച്ചു ബി.ജെ.പി യില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്.
കോണ്‍ഗ്രസും എ.എ.പി.യും ഈ തെരഞ്ഞെടുപ്പില്‍നിന്നു വിലപ്പെട്ട പാഠം പഠിക്കണം. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഈ പാര്‍ട്ടികള്‍ക്കു കഴിയണം. ദേശീയരാഷ്ട്രീയത്തില്‍ കരുത്തുനേടാന്‍ ഡല്‍ഹിക്കുപുറത്തു കൂടുതല്‍ ഊര്‍ജ്ജം വിനിയോഗിച്ചതു നിശ്ചയമായും എ.എ.പി.ക്കു വിനയായിട്ടുണ്ട്. ആദ്യം ഡല്‍ഹിയില്‍ കരുത്താര്‍ജ്ജിക്കുകയാണ് ഈ പാര്‍ട്ടി എല്ലാ നിലയിലും ചെയ്യേണ്ടിയിരുന്നത്. കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും പകരമായി എ.എ.പി വളരുമെന്നു പ്രതീക്ഷിച്ച ഇന്ത്യയിലെ സാധാരണക്കാര്‍ക്കാകെ വലിയ നിരാശയുണ്ടാക്കിയതായി ഈ പരാജയം.
രണ്ടുവര്‍ഷത്തെ ഭരണത്തിലൂടെ ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കുവാന്‍ എ.എ.പി ക്ക് കഴിഞ്ഞില്ല. പാര്‍ട്ടിയിലെ അന്തഃചിദ്രങ്ങള്‍, നേതാക്കള്‍ തമ്മിലുള്ള അനൈക്യം, കെജ്‌രിവാളിന്റെ ഏകാധിപത്യപ്രവണത എന്നിവയെല്ലാം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയെന്ന വിലയിരുത്തലാണുള്ളത്. എം.എല്‍.എമാരടക്കം പല പാര്‍ട്ടി നേതാക്കളും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
കെടുകാര്യസ്ഥതയും സാമ്പത്തികക്രമക്കേടുകളുംകൊണ്ടു കെജ്‌രിവാള്‍ തന്റെ സ്വപ്നം തകര്‍ത്തെന്ന വിമര്‍ശനമാണ് അഴിമതി വിരുദ്ധപോരാട്ടത്തില്‍ ഒരിക്കല്‍ ഒപ്പമുണ്ടായിരുന്ന അണ്ണാഹസാരെ നടത്തിയത്. മോദിയുടെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരുടെ പ്രതീക്ഷ നിറവേറ്റുന്ന സൂചനകള്‍ ഇനിയും ഏറെ അകലെയാണെന്നു തോന്നുന്നു.
കോണ്‍ഗ്രസ് അടക്കമുള്ള രാജ്യത്തെ ഇടതു-മതേതരപ്രസ്ഥാനങ്ങളാകെ യോജിച്ചുനിന്നാല്‍ മാത്രമേ കടുത്ത ഹിന്ദുത്വ അജന്‍ഡയുടെ മേല്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ബി.ജെ.പി യെ തടഞ്ഞുനില്‍ത്താന്‍ സാധ്യമാകൂ. ബീഹാറിലെ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ നേരത്തേ അവിടത്തെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധമുന്നണിയുടെ ശക്തിതെളിയിച്ചതാണ്. യു.പി.യില്‍ ബി.ജെ.പിക്കു വന്‍വിജയമുണ്ടായ അസംബ്ലിതെരഞ്ഞെടുപ്പില്‍പോലും അവര്‍ക്കു 30 ശതമാനം വോട്ടുമാത്രമാണു നേടാനായത്.
സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും ആ സംസ്ഥാനത്തെ ഇടതു-മതേതര പാര്‍ട്ടികളും കൈകോര്‍ത്താല്‍ ബി.ജെ.പിയെ അവിടെ ഇപ്പോഴും നിലംപരിശാക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളത്. ഡല്‍ഹിയിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലും ഏതാണ്ട് ഈ സ്ഥിതിതന്നെയാണുള്ളത്. കോണ്‍ഗ്രസും എ.എ.പിയും ഇടതു മതേതരപാര്‍ട്ടികളും യോജിക്കുമെങ്കില്‍ അവിടെ ബി.ജെ.പിയെ പിടിച്ചുകെട്ടാന്‍ പ്രയാസമുള്ള കാര്യമല്ല. പുതിയ ദേശീയരാഷ്ട്രീയ സാഹചര്യത്തില്‍ വിപുലമായ ബി.ജെ.പി വിരുദ്ധ മതേതര മുന്നണി കെട്ടിപ്പടുക്കുന്ന കാര്യമാണ് ഇപ്പോള്‍ പ്രതിപക്ഷം ഗൗരവമായി ആലോചിക്കേണ്ടത്.

(ലേഖകന്‍ സി.എം.പി പോളിറ്റ്
ബ്യൂറോ അംഗമാണ്)

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.