
ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ കുറഞ്ഞ പോളിങ്. രാവിലെ എട്ടിന് ആരംഭിച്ച് വൈകിട്ട് 5.50 വരെ നീണ്ടുനിന്ന തെരഞ്ഞെടുപ്പില്‍ 54 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 2012ലെ തെരഞ്ഞെടുപ്പില്‍ 58 ശതമാനമായിരുന്നു പോളിങ്ങുണ്ടായിരുന്നത്.
അതിനിടെ, ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ (ഇ.വി.എം) കൃത്രിമം നടന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആരോപിച്ചു. വോട്ടര്‍ സ്ലിപ്പുമായെത്തിയ പലരെയും വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് ഇവിടെ എന്തെടുക്കുകയാണ്-കെജ്രിവാള് ആക്ഷേപിച്ചു. പേപ്പര്‍ ട്രയിലോടെയുള്ള(വി.വി പാറ്റ്-വോട്ടേഴ്സ് വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ സജ്ജീകരിക്കുന്നതുവരെ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് നേരത്തെ കെജ്രിവാള് ആവശ്യപ്പെട്ടിരുന്നു.
ഉത്തര ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് (103), സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് (104), കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് (63) എന്നിങ്ങനെ മൂന്ന് കോര്‍പറേഷനുകളിലായി മൊത്തം 270 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 1,32,10,206 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ബുധനാഴ്ച തെരഞ്ഞെടുപ്പുഫലം പുറത്തുവരും.
കന്നി വോട്ടറായ മകളടക്കം കുടുംബത്തോടൊപ്പമെത്തി അതിരാവിലെത്തന്നെ അരവിന്ദ് കെജ്രിവാള് വോട്ട് രേഖപ്പെടുത്തി.
ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാള്‍, ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അജയ് മാക്കന്, കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ് വര്ധന് എന്നിവരും രാവിലെ കുടുംബങ്ങളോടൊപ്പം പോളിങ് കേന്ദ്രങ്ങളിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു.
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ വിധിയെഴുത്താകും മുനിസിപ്പല്‍ തെരഞ്ഞെടുപ്പെന്നാണ് വിലയിരുത്തപ്പെടുന്നത്.
അടുത്തിടെ നടന്ന രജൗരി ഗാര്ഡന് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയോട് വന്‍ തിരിച്ചടിയാണ് എ.എ.പി നേരിട്ടത്. ചില സര്‍വേ ഫലങ്ങള്‍ ബി.ജെ.പിക്കാണ് മുന്‍തൂക്കം നല്‍കിയത്. കോണ്‍ഗ്രസും തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്.