
ന്യൂഡല്‍ഹി: ഡല്‍ഹി ഗതാഗത മന്ത്രി കൈലാസ് ഗെലോട്ടുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. മന്ത്രി ഇടപെട്ട് നികുതി ഒഴിവാക്കികൊടുത്തുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയത്. ഡല്‍ഹിയിലെയും ഗുഡ്ഗാവിലേയും 16 ഇടങ്ങളിലായിട്ടാണ് റെയ്ഡ് നടത്തിയതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. 60 അംഗടീമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഡല്‍ഹിയിലെ വസന്ത്കുഞ്ച്, ഡിഫന്‍സ് കോളനി, പശ്ചിം വിഹാര്‍, നജാഫ്ഗഡ്, ലക്ഷ്മി നഗര്‍, ഗുഡ്ഗാവിലെ പാലം വിഹാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.
ബ്രിസ്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഡെവലപ്പേഴ്സ്, കോര്‍പ്പറേറ്റ് ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സര്‍വിസസ് എന്നീ സ്ഥാപനങ്ങള്‍ക്ക് നികുതിയിളവ് നല്‍കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മന്ത്രിയുടെ കുടുംബാംഗങ്ങളുടെതാണ് ഈ രണ്ട് സ്ഥാപനങ്ങളെന്നും പറയപ്പെടുന്നു. ഇത് രണ്ടും നേരത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇത് നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനിയായി മാറ്റുകയായിരുന്നു.
അതേസമയം റെയ്ഡിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രംഗത്തെത്തി. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അവഹേളിക്കുന്ന രീതിയിലാണ് ഇത്തരത്തിലുള്ള റെയ്ഡെന്നും ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ ജനങ്ങളോട് മാപ്പ് ചോദിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.