2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ഡല്‍ഹിയിലെ വായു മലിനീകരണം: കേന്ദ്രസര്‍ക്കാരിന് നോട്ടിസ്

 

ന്യൂഡല്‍ഹി: ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വായുമലിനീകരണം പരിഹരിക്കുന്നതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ 48 മണിക്കൂറിനുള്ളില്‍ നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി.
വായു മലിനീകരണത്തെ അതിഭീകരം, അസഹനീയം, ദുരന്തം എന്നിങ്ങനെ വിശേഷിപ്പിച്ച കോടതി പൊതുമിനിമം പരിപാടി തയാറാക്കണമെന്നും വ്യാഴാഴ്ചയ്ക്കകം ഇക്കാര്യം അറിയിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിനുവേണ്ടി സുനിതാ നാരായണ്‍ നല്‍കിയ ഹരജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്. മലിനീകരണം കുറയ്ക്കുന്നതിന് കഴിഞ്ഞവര്‍ഷം സുപ്രികോടതി നല്‍കിയ നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്ന് ഹരജിക്കാരി ആരോപിച്ചിരുന്നു. ഇതിന്റെ നടത്തിപ്പ് കോടതി നേരിട്ട് നിരീക്ഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി മലിനീകരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടും ഹരജിക്കാരി സമര്‍പ്പിച്ചിരുന്നു. ഹരജി നാളെ വീണ്ടും പരിഗണിക്കും. അതിനുമുന്‍പ് നിലപാട് അറിയിക്കണമെന്നാണ് നിര്‍ദേശം.
അതേസമയം, മലിനീകരണ വിഷയത്തില്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളെ ദേശീയ ഹരിത കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഡല്‍ഹി സര്‍ക്കാര്‍ അശ്രദ്ധമായാണ് വിഷയത്തെ കൈകാര്യം ചെയ്യുന്നതെന്നും ജലപീരങ്കി ഉപയോഗിച്ച് റോഡരികില്‍ വെള്ളം തളിക്കുന്നതിനുപകരമായി എന്തുകൊണ്ട് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് വെള്ളം തളിച്ചുകൂടെന്നും കോടതി ചോദിച്ചു. ദീപാവലിയോടനുബന്ധിച്ച് കരിമരുന്ന് ഉപയോഗിക്കുമ്പോഴും അയല്‍സംസ്ഥാനങ്ങളിലെ കൊയ്ത്തുകഴിഞ്ഞ പാടത്ത് മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുമ്പോഴും അന്തരീക്ഷത്തില്‍ രൂക്ഷമായ പുകപടലം ഉണ്ടാവുമെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണെന്നിരിക്കെ വായു മലിനീകരണം തടയാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി മുന്‍കൂട്ടി സ്വീകരിച്ചോയെന്നും പുകമഞ്ഞ് ഇല്ലാതാക്കുന്നതിന് നടപടി സ്വീകരിച്ചതിന്റെ രേഖ എന്തെങ്കിലുമുണ്ടോയെന്നും കോടതി ചോദിച്ചു.
പാടത്തെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതു തടയാന്‍ നടപടിയെടുക്കാതിരുന്നതിനാലാണ് പഞ്ചാബ്, ഹരിയാന സര്‍ക്കാറുകളെ കോടതി വിമര്‍ശിച്ചത്. കര്‍ഷകര്‍ക്ക് 1,000 രൂപ കൊടുത്തിരുന്നെങ്കില്‍ അവര്‍ കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കില്ലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.