2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ട്രെയിന്‍ തട്ടി പരുക്കേറ്റ സി.പി.ഐ നേതാവ് മരിച്ചു

ശാസ്താംകോട്ട: ട്രെയിനിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.ഐ നേതാവ് മരിച്ചു. സി.പി.ഐ ശൂരനാട് മണ്ഡലം സെക്രട്ടറിയും, കൊല്ലം ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന ആനയടി സാകേതത്തില്‍ അഡ്വ. ജി.ശശി(50)യാണ് കൊച്ചി അമൃത ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്.
എല്‍.ഡി.എഫ് കുന്നത്തൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റായിരുന്ന അദ്ദേഹം കഴിഞ്ഞ നാലിന് പടിഞ്ഞാറെ കല്ലട കോതപുരം ഭാഗത്ത് ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് റെയില്‍വേട്രാക്കിനടുത്തുകൂടി നടന്നു നീങ്ങവെ കോട്ടയത്തു നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന മെമു സര്‍വിസ് ഇടിച്ച്‌തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശശിയെ ഉടന്‍ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് കൊച്ചി അമൃതാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ഇന്നലെ രാവിലെ 11 ന് മസ്തിഷ്‌കമരണം ആശുപത്രി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു.
എ.ഐ.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റും, എ.ഐ.വൈ.എഫിന്റെ ജില്ലാ പ്രസിഡന്റുമായിരുന്ന ശശി എഴുപതുകളുടെ മധ്യത്തില്‍ ശൂരനാട് വടക്ക് പഞ്ചായത്തിലെ വടക്കന്‍മേഖലയിലുള്ള കുട്ടികളെ സംഘടിപ്പിച്ച് ബാലവേദിയിലൂടെ സജീവരാഷട്രീയത്തിലേക്ക് ഇറങ്ങുകയായിരുന്നു. ആവണീശ്വരം എ.പി.പി.എം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ശ്രീദേവിയാണ് ഭാര്യ. തിരുവനന്തപുരം മാര്‍ഇവാനിയോസ് കോളജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥി അഭിരാം ഏകമകനാണ്. ആലപ്പുഴ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം ഇന്ന് പകല്‍ 12ന് കെ.സി.റ്റി മുക്കിലെ സി.പി.ഐ മണ്ഡലംകമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വൈകിട്ട് ആറിന് സംസ്‌കരിക്കും.
മസ്തിഷ്‌കമരണം സംഭവിച്ച അഡ്വ. ജി ശശിയുടെ കരള്‍, വൃക്ക, കണ്ണുകള്‍ തുടങ്ങിയ അവയവങ്ങള്‍ മെഡിക്കല്‍കോളജിന് ദാനംചെയ്യാന്‍ ബന്ധുക്കള്‍ സമ്മതിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.