2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ട്രെയിന്‍ തടയല്‍: 32 കേസുകള്‍; പ്രതികളുടെ എണ്ണം രണ്ടായിരം കടക്കും

 

തിരുവനന്തപുരം: പണിമുടക്കില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരേ നിയമനടപടികളുമായി റെയില്‍വേ. സംസ്ഥാനത്തൊട്ടാകെ 32 കേസുകളിലായി രണ്ടായിരത്തോളം പേര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.
രണ്ടു വര്‍ഷം തടവും 2000 രൂപ പിഴയും ഈടാക്കുന്ന വകുപ്പുകളിലാണ് കേസെടുത്തതെങ്കിലും ഒന്നിലധികം വകുപ്പുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ തടവ് മൂന്നുവര്‍ഷം വരെയാകാം. ഇതിനു പുറമേ ട്രെയിനുകള്‍ വൈകിയതിനും അതിനോട് അനുബന്ധിച്ചുണ്ടായ നഷ്ടങ്ങള്‍ക്കും പിഴയീടാക്കുന്ന കാര്യവും പരിശോധിക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അങ്ങനെയെങ്കില്‍ പിഴയായി ലക്ഷങ്ങളാണ് ഒടുക്കേണ്ടി വരിക.
പണിമുടക്ക് ദിവസങ്ങളില്‍ സംസ്ഥാനത്ത് 49 ട്രെയിനുകളാണ് സമരക്കാര്‍ തടഞ്ഞത്. മിക്കയിടങ്ങളിലും ഒരു മണിക്കൂറിലേറെ ട്രെയിനുകള്‍ വൈകി.
ട്രെയിന്‍ വൈകിയതിന് മിനുട്ടിന് 400 രൂപവച്ച് പിഴയീടാക്കാനാണ് ആലോചന. ഒരു മണിക്കൂര്‍ ട്രെയിന്‍ വൈകിയതിനുമാത്രം 24,000 രൂപ പിഴയൊടുക്കേണ്ടിവരും. ഇതിനു പുറമേ ട്രെയിനുകള്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് ഡീസലിലും വൈദ്യുതിയിലുമുണ്ടായ നഷ്ടം, മറ്റു ട്രെയിനുകളുടെ യാത്രയിലുണ്ടായ നഷ്ടം, ടിക്കറ്റ് ഇനത്തിലുണ്ടായ നഷ്ടം, ജീവനക്കാരുടെ ഡ്യൂട്ടിയിലുണ്ടായ നഷ്ടം തുടങ്ങിയവ കണക്കാക്കിയും പിഴയീടാക്കും.
ട്രെയിനുകള്‍ തടയുന്നവരുടെ ദൃശ്യങ്ങള്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പകര്‍ത്തിയിരുന്നു.
ഇത് പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിയുന്നത്. ഇവര്‍ക്ക് ഉടന്‍ നോട്ടിസ് അയച്ചു തുടങ്ങും. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയാകും ചെയ്യുക. റെയില്‍വേ ആക്ടിലെ 147, 146, 145 (ബി), 174 (എ) എന്നീ നാലുവകുപ്പുകളിലായാണ് കേസെടുത്തിരിക്കുന്നത്. എല്ലാ വകുപ്പുകള്‍ക്കും സ്റ്റേഷന്‍ ജാമ്യം ലഭിക്കും.
അതിനിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുള്ള നേതാക്കള്‍ക്ക് ട്രെയിന്‍ തടയല്‍ രാഷ്ട്രീയ നഷ്ടമുണ്ടാക്കാനും സാധ്യതയുണ്ട്. ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തിയതിന് 174 വകുപ്പു പ്രകാരം ശിക്ഷിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.